ആലപ്പുഴ: തീരമേഖലയുടെ സംരക്ഷണത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഒറ്റമശ്ശേരി പുലിമുട്ട് നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
16 കോടി രൂപ ചെലവിൽ ഒറ്റമശ്ശേരിയിൽ 760 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന 7 പുലിമുട്ടികൾക്ക് പുറമേ 9 പുലിമുട്ടുകൾ കൂടി നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി 26 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ജലസേചന വകുപ്പിനാണ് അതിന്റെ ചുമതല.
ജിയോട്യൂബ് തീരത്ത് വെക്കുന്നതിന് പകരം കടലിലേക്ക് ഇറക്കി വെച്ചിടങ്ങളിൽ കടൽക്ഷോഭം കുറവാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇത് ഫലപ്രദമാണെങ്കിൽ ബാക്കിയിടങ്ങളിൽ അതും പരീക്ഷിക്കാവുന്നതാണ്. തീരമേഖലയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയ്ക്ക് പ്രഥമ പരിഗണന നൽകിയത് തീരപ്രദേശത്തെ ജനങ്ങളുടെ സംരക്ഷണത്തിനായിരുന്നു. കടൽഭിത്തി നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചെങ്കിലും പിന്നീട് കരിങ്കൽ കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. ഇതും പരിഹരിച്ചു മുന്നോട്ടുള്ള നടപടികൾ നടക്കുമ്പോഴാണ് റേറ്റ് കൂടിയതിനാൽ കോൺട്രാക്ട് എടുക്കാൻ ആളില്ലാത്ത അവസ്ഥയായത്. പിന്നീട് മന്ത്രിസഭാ യോഗം ചേർന്ന് പ്രത്യേക പരിഗണന നൽകി കൂടുതൽ തുകയ്ക്ക് കരാർ പാസാക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി ജോർജ്, വാർഡ് അംഗം കെ. ജെ സ്റ്റാലിൻ, ഒറ്റമശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ. അലക്‌സാണ്ടർ കൊച്ചിക്കാരൻവീട്ടിൽ, കെഐഐഡിസി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്. തിലകൻ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഹരൺ ബാബു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ മഹാദേവൻ, വൻകിട ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ബിനു ബേബി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.