ജനങ്ങൾക്കായി സര്‍ക്കാര്‍ അനുവദിച്ച വിവിധ പാക്കേജുകളുടെ ഉപയോഗം ജനങ്ങൾക്ക് എത്തിക്കാൻ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഒക്‌ടോബര്‍ മുതല്‍ ആവശ്യക്കാര്‍ക്ക് കൂടുതല്‍ വായ്പ അനുവദിക്കാനാണ് നിര്‍ദേശം.
എല്ലാ ജില്ലയില്‍ നിന്നും ഒരു ഉല്‍പ്പന്നമെങ്കിലും തെരഞ്ഞെടുത്ത് പരമാവധി കയറ്റുമതി സഹായം നല്‍കാന്‍ വ്യവസായ അസോസിയേഷനുകള്‍ക്കും കയറ്റുമതിക്കാര്‍ക്കും ധനമന്ത്രി നിര്‍ദേശം നല്‍കി.
കോവിഡ് പ്രതിസന്ധിയിൽ നഷ്ടപെട്ട ബിസിനസ്സുകൾ തിരിച്ചെടുക്കുവാൻ ശ്രമിക്കുന്നവർക്ക് സഹായം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ബാങ്ക് തലവന്‍മാരുമായി മുംബൈയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുയായിരുന്നു മന്ത്രി. 2019 ല്‍ നടത്തിയ വായ്പാമേള രാജ്യത്തെ 400 ഓളം ജില്ലകളിലെ റീട്ടെയില്‍, കാര്‍ഷിക, ചെറുകിട-ഇടത്തര മേഖലകള്‍ക്കു നേട്ടമായെന്നു മന്ത്രി വ്യക്തമാക്കി. വായ്പാ മേളയുടെ ഭാഗമായി 4.9 ലക്ഷം കോടി രൂപ 2018 ഒക്‌ടോബറിനും 2019 മാര്‍ച്ചിനുമിടയില്‍ വിതരണം ചെയ്തു. കോവിഡിനെ തുടര്‍ന്ന് വിതരണശൃംഖലയില്‍ തടസമുണ്ടായെങ്കിലും ഈ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ വായ്പാമേളകള്‍ തുടരാനാണു തീരുമാനം.
ജനങ്ങളുടെ വായ്പാ ആവശ്യകത കുറഞ്ഞെന്ന് വിലയിരുത്തറായിട്ടില്ലെന്നും ഉത്സവസീസണില്‍ വായ്പാ ആവശ്യകത ഉയരുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൊതുമേഖലാ ബാങ്കുകളോടും വായ്പാമേളയില്‍ പങ്കുചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍.ബി.ഐയുടെ മേല്‍നോട്ടത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. കൂടാതെ ലാഭത്തിലുമാണ്. സര്‍ക്കാര്‍ പദ്ധികള്‍ക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നതെങ്കിലും കോവിഡ് കാലത്തു വിപണികളില്‍ നിന്നു പണം കണ്ടെത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കായെന്നും മന്ത്രി പറഞ്ഞു.