1. മഞ്ഞ, പിങ്ക് റേഷൻ കാർഡുകാർ ഇകെവൈസി മസ്റ്ററിങ് ഉടൻ പൂർത്തിയാക്കണമെന്ന് നിർദേശം. അവസാന തീയതി മാർച്ച് 31 വരെയെന്ന് അറിയിച്ചിരുന്നെങ്കിലും 18ന് മുമ്പ് പൂർത്തിയാക്കണമെന്നാണ് പൊതുവിതരണ വകുപ്പിന്റെ പുതിയ അറിയിപ്പ്. കാർഡ് ഉടമകൾ ജീവിച്ചിരുപ്പുണ്ടെന്നും ആനുകൂല്യങ്ങൾക്ക് അർഹരാണെന്നും ഉറപ്പുവരുത്തുന്നതിനാണ് മസ്റ്ററിങ് ചെയ്യുന്നത്. സംസ്ഥാനത്ത് 35,49,592 ബി.പി.എൽ.കാർഡും, 5,89,367 എ.എ.വൈ കാർഡുമാണുള്ളത്. ഉപോക്താക്കളുടെ ആധാർ കാർഡും റേഷൻ കാർഡും വച്ച് റേഷൻ കടകളിലെ ഇ-പോസ് യന്ത്രം ഉപയോഗിച്ചാണ് മസ്റ്റർ ചെയ്യുന്നത്. മസ്റ്ററിങ് പൂർത്തിയാക്കുന്നതിന് താലൂക്കുതലത്തിൽ മാർച്ച് 15, 16, 17 തീയതികളിൽ ക്യാപുകൾ സംഘടിപ്പിക്കും. മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് ഏപ്രിൽ മുതൽ റേഷൻ ലഭിക്കില്ല.
കൂടുതൽ വാർത്തകൾ: സവാളയ്ക്ക് തീവില! കയറ്റുമതി നിരോധനം മാർച്ച് 31 വരെ
2. പ്രധാനമന്ത്രി മത്സ്യസമ്പാദ യോജനയിലെ വിവിധ പദ്ധതികളിലേക്ക് തിരുവനന്തപുരം ജില്ലയിലെ കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബാക്യാർഡ് ഓർണമെൻറൽ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയിൽ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്റഗ്രേറ്റഡ് ഓർണമെൻറൽ ഫിഷ് റിയറിങ് യൂണിറ്റ്, ബാക്യാർഡ് മിനി ആർ.എ.എസ് യൂണിറ്റ്, മോട്ടോർ സൈക്കിൾ വിത്ത് ഐസ് ബോക്‌സ്, ത്രീ വീലർ ഐസ് ബോക്‌സ് എന്നിവയാണ് പദ്ധതികൾ. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷകൾ കമലേശ്വരത്തുള്ള ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മേഖല ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവനുകളിലോ ഫെബ്രുവരി 29ന് മുമ്പ് നൽകണം. കൂടുതൽ വിവരങ്ങൾക്ക് - 0471 2464076, 2450773.
3. പശുക്കൾക്ക് മികച്ച ആരോഗ്യവും ഒപ്പം പാലുത്പാദനം വർധിപ്പിക്കാനും സഹായിക്കുന്ന കൗ കെയർ എന്ന ഉത്പന്നം വിപണിയിലിറക്കി മിൽമ. മലബാർ റൂറൽ ഫൗണ്ടേഷനാണ് കൗ കെയർ വിപണിയിലെത്തിച്ചത്. ഉൽപ്പന്നത്തിന്റെ വിപണനോദ്ഘാടനം മിൽമാ ചെയർമാനും എം.ആർ.ഡി.എഫ് മാനേജിഗ് ട്രസ്റ്റിയുമായ കെ.എസ് മണി നിർവ്വഹിച്ചു. പശുക്കളുടെ ആമാശയത്തിലെ ലക്ഷണരഹിത അമ്ലത്വം, ദഹനക്കേട്, കുളമ്പുകളുടെ ബലക്ഷയം പ്രതിരോധശേഷി കുറവ്, തീറ്റ എടുക്കുന്നതിനുള്ള മടി എന്നിവയിൽ നിന്നും കൗ കെയർ പശുക്കൾക്ക് സംരക്ഷണം നൽകുന്നു. ക്ഷീര സംഘങ്ങളിലൂടെയും മിൽമ പി & ഐ യൂണിറ്റുകളിലൂടെയും, എം.ആർ.ഡി.എഫ് ഓഫീസിലുടെയും ഈ ഉൽപ്പന്നം കർഷകർക്ക് വാങ്ങാം.
4. മുട്ടക്കോഴി വളര്‍ത്തല്‍ വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽവച്ച് ഫെബ്രുവരി 27, 28 തീയതികളിലായി രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പരിശീലനം നടക്കുക. പങ്കെടുക്കുന്നവർ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് - 0491 2815454, 9188522713.