സർവീസ് പെൻഷൻകാരും കുടുംബ പെൻഷൻകാരും ഡിസംബർ 31ന് മുൻപ് മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കണം. ഈ കാലാവധിയ്ക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് 2022 ജനുവരി മുതൽ പെൻഷൻ ലഭിക്കില്ല. പെൻഷൻ വിതരണ ഏജൻസിയിലും ട്രഷറികളിലും നേരിട്ട് എത്തി മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്തവർക്ക്, തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ വാതിൽപ്പടി സേവനത്തിലൂടെ നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യമുണ്ട്.
തപാൽ വകുപ്പിന്റെ പോസ്റ്റ് ഇൻഫോ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയോ, ഐപിപിബി 155299 എന്ന ടോൾഫ്രീ നമ്പറിലൂടെയോ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് മസ്റ്ററിങ്ങിനായി രജിസ്റ്റർ ചെയ്യാനാകും.
കേന്ദ്ര– സംസ്ഥാന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇപിഎഫ്ഒ) പോലുള്ള പെൻഷൻ വാങ്ങുന്നവർക്കും സമീപത്തെ തപാൽ ഓഫീസുമായി ബന്ധപ്പെട്ട് മസ്റ്ററിങ് ചെയ്യാം.
അതേ സമയം, മസ്റ്ററിങ്ങിന് സർക്കാർ കാലാവധി നീട്ടി നൽകാത്തതിനാൽ, 4.5 ലക്ഷം പേർക്ക് രണ്ട് മാസമായി ക്ഷേമ പെൻഷൻ ലഭിക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
എന്താണ് മസ്റ്ററിങ്?
പെന്‍ഷന്‍ വാങ്ങുന്നവർ ജീവിച്ചിരുപ്പുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടിയാണ് മസ്റ്ററിങ്. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും കര്‍ഷക തൊഴിലാളി പെന്‍ഷന്‍, സാമൂഹ്യസുരക്ഷാ പെന്‍ഷനുകൾ, വാർധക്യ പെൻഷനുകൾ, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവയിൽ ഭാഗമായവർ ഇതിലൂടെ സാക്ഷ്യപ്പെടുത്തണം. കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും മസ്റ്ററിങ് നടപടികൾ ചെയ്യേണ്ടതുണ്ട്.
മസ്റ്ററിങ് എങ്ങനെ ചെയ്യാം?
ഏതെങ്കിലും അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിങ് ചെയ്യാനാകും. ഇതിനായി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പെന്‍ഷന്‍ ഐഡിയും കരുതണം. ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയും, കണ്ണ് (ഐറിസ്) ഉപയോഗിച്ചും മസ്റ്ററിങ് ചെയ്യുന്നു.
മസ്റ്ററിങ് സേവനം സൗജന്യമാണോ?
ഗുണഭോക്താക്കള്‍ക്ക് തികച്ചും സൗജന്യമായി നൽകുന്ന സേവനമാണ് ഇത്. അതിനാൽ തന്നെ, മസ്റ്ററിങ് നടത്തുന്നതിന് അക്ഷയയില്‍ പ്രത്യോക ചാർജോ, ഫീസോ നൽകേണ്ടതില്ല.
പോസ്റ്റ് ഓഫീസ് വഴിയുള്ള നടപടി
കിടപ്പു രോഗികളായ അവശർക്കും അന്യ സ്ഥലങ്ങളിൽ താമസിക്കുന്നവർക്കും വലിയ രീതിയിൽ പ്രയോജനപ്പെടുത്താവുന്ന വാതിൽപ്പടി സേവനമാണിത്. പ്രായാധിക്യം, ഗുരുതര രോഗം, അതിദാരിദ്ര്യം, അറിവില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ സർക്കാർ സേവനങ്ങൾ ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നവരെയാണ് വീട്ടുപടിക്കലിൽ എത്തി സഹായം പ്രദാനം ചെയ്യുന്നത്.
പോസ്റ്റ് ഇൻഫോ മൊബൈൽ ആപ്പിലോ, ഐപിപിബി 155299 എന്ന ടോൾഫ്രീ നമ്പറിലോ റജിസ്റ്റർ ചെയ്യുക. ഇതിന് ശേഷം, അടുത്തുള്ള പോസ്റ്റോഫിസിലെ പോസ്റ്റ്മാനോ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററോ അപേക്ഷകനെ സന്ദർശിക്കും.
പെൻഷൻ ഗുണഭോക്താവ് ആധാർ നമ്പറും പെൻഷൻ വിവരങ്ങളും സമർപ്പിക്കണം. സർട്ടിഫിക്കറ്റ് രൂപീകരണ പ്രക്രിയ പൂർത്തിയായതായി സ്ഥിരീകരിച്ചുകൊണ്ട്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് ലഭ്യമാകും. ജീവൻ പ്രമാൺ ലിങ്കിലൂടെ ഓൺലൈനായും അടുത്തുള്ള പോസ്റ്റ് ഓഫിസിലൂടെയും സർട്ടിഫിക്കറ്റ് ലഭിക്കും. 70 രൂപയാണ് ഈ സേവനത്തിനായി ഈടാക്കുന്നത്.