തിരുവനന്തപുരം: വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി നബാർഡ് കേരള റീജണൽ ഓഫീസ് ബാങ്കർമാരുടെ വാക്കത്തോൺ സംഘടിപ്പിച്ചു.
“അഴിമതി വേണ്ടെന്ന് പറയുക; രാഷ്ട്രത്തോടുള്ള പ്രതിബദ്ധത"എന്നതായിരുന്നു പ്രമേയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണൽ ഡയറക്ടർ ശ്രീ തോമസ് മാത്യു വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു, ഔദ്യോഗിക ജീവിതത്തിൽ അഴിമതിരഹിതമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുമ്പോൾ സമയബന്ധിതമായും സത്യസന്ധമായും പ്രവർത്തിക്കണമെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപ കുമാരൻ നായർ ജി പറഞ്ഞു. ഇത്തരം പരിപാടികൾ ബാങ്കുദ്യോഗസ്ഥരിലുള്ള പൊതുവിശ്വാസം വർധിപ്പിക്കുകയും അഴിമതിക്കെതിരായ അവബോധം വളർത്തുകയും ചെയ്യുമെന്ന് എസ്എൽബിസി കൺവീനറും കാനറ ബാങ്ക് ജനറൽ മാനേജരുമായ എസ് പ്രേംകുമാർ അഭിപ്രായപ്പെട്ടു.
നബാർഡ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച വാക്കത്തോൺ തിരുവനന്തപുരം നഗരത്തിലെ ബേക്കറി ജംഗ്ഷൻ, പാളയം, എജി ഓഫീസ് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചു. ബാങ്കുകളിൽ നിന്നായി 160-ലധികം ഉദ്യോഗസ്ഥർ വാക്കത്തോണിൽ പങ്കെടുത്തു.