1. സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ് സംഘടിപ്പിച്ച നാഷണൽ വർക്‌ഷോപ്പ് ഓൺ മാർക്കറ്റ് ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇന്നോവേഷൻസ് പരിപാടി കൃഷി മന്ത്രി ശ്രീ. പി. പ്രസാദ് ഉദ്‌ഘാടനം ചെയ്തു. ദേശീയ / അന്തർദേശീയ തലത്തിൽ കാർഷികവിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തിൽ കൃഷിയിടങ്ങളിൽ പ്രായോഗികമായ തരത്തിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുനായാണ് വർക്‌ഷോപ്പ് സംഘടിപ്പിച്ചത്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കർഷകരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുരൂപ കൃഷി അനുബന്ധ മേഖലയിൽ അടുത്ത 5 വർഷങ്ങളിലായി 2400 കോടിയോളം ചെലവിൽ ലോക ബാങ്കിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് കൃഷി വകുപ്പിന് അനുമതി ലഭിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
2. കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനും സംസ്ഥാന പനയുൽപ്പന്ന തൊഴിലാളി വികസന കോർപ്പറേഷനും നഗരസഭയിലെ ഭിന്നശേഷിക്കാർക്ക് ബങ്കുകൾ ഒരുക്കി നൽകുന്ന പദ്ധതിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടി. മാനദണ്ഡങ്ങൾക്കനുസരിച്ച് പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കണം. ലഭ്യമാകുന്ന അപേക്ഷകൾ പരിശോധിച്ച് സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ബങ്കുകൾ അനുവദിക്കും. പേരും മറ്റ് വിശദാംശങ്ങളും ഫോട്ടോഗ്രാഫും ഉൾപ്പെടെ ഒക്ടോബർ 10 ന് വൈകുന്നേരം 5 മണിക്കകം നിശ്ചിത അപേക്ഷാഫോറത്തിൽ ഭിന്നശേഷി കോർപ്പറേഷനിൽ ലഭിക്കേണ്ടതാണ്. അപേക്ഷാഫോറവും മറ്റു വിശദാംശങ്ങൾക്കുമായി www.hpwc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0471 2347768, 9497281896 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
3. സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാലു ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കേരളത്തിൽ മഴ ശക്തമാവുന്നത്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ അറിയിപ്പിൽ പറയുന്നത്.