തൃശ്ശൂർ: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 'കുഞ്ഞ് കൈകളില്‍ കോഴിക്കുഞ്ഞ്' പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ വിതരണം കയ്പമംഗലം മണ്ഡലത്തില്‍ നവകേരള സദസ്സിന്റെ ഭാഗമായി നടത്തി. പദ്ധതിയുടെ ഉദ്ഘാടനം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
കുട്ടികളില്‍ കോഴി വളര്‍ത്തലിന് താല്‍പര്യം വര്‍ദ്ധിപ്പിച്ച് അവരില്‍ സ്വാശ്രയ ശീലവും സമ്പാദ്യ ശീലവും വളര്‍ത്തുക. കോഴിമുട്ട ഉല്‍പ്പാദനത്തിലൂടെ ഭക്ഷണത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ മുട്ടയുടെ ലഭ്യത ഉറപ്പാക്കുക. അര്‍പ്പണബോധവും ആരോഗ്യവും വാര്‍ത്തെടുക്കുന്നതിനോടൊപ്പം കോഴി വളര്‍ത്തല്‍ രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ചടങ്ങില്‍ എംഎല്‍എ പറഞ്ഞു.
കുഞ്ഞു കൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയിലൂടെ അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളെയും ഒരു കിലോ തീറ്റയും ആവശ്യമായ മരുന്നുമാണ് വിതരണം ചെയ്തത്. കയ്പമംഗലം മണ്ഡലത്തിലെ എറിയാട് ജി.കെ.വി.എച്ച്.എസ് സ്‌കൂളിലും എടവിലങ്ങ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ശാന്തിപുരം എം.എ.ആര്‍.എം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും കുട്ടികള്‍ക്കാണ് കോഴിക്കുഞ്ഞ് വിതരണം നടത്തിയത്.
എറിയാട് ജി.കെ.വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെ.എസ്.പി.ഡി.സി ചെയര്‍മാന്‍ പി.കെ. മൂര്‍ത്തി അധ്യക്ഷനായി. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജന്‍ മുഖ്യാതിഥിയായി. ഡോ. പി. സെല്‍വകുമാര്‍ (എം.ഡി. കെ.എസ്.ഡി.സി) റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന്‍, വൈസ് പ്രസിഡന്റുമാരായ സന്തോഷ് കോരുചാലില്‍, ഫൗസിയ ഷാജഹാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഗത ശശിധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എ അയ്യൂബ്, സാറാബി ഉമ്മര്‍, നജ്മല്‍ സക്കീര്‍, വാര്‍ഡ് മെമ്പര്‍ പി.കെ. മുഹമ്മദ്, അധ്യാപകരായ സ്മിത, ലാലി, വിജി, സുല്‍ഫത്ത്, പി.ടി.എ പ്രസിഡണ്ട് ടി.കെ. റാഫി, സ്റ്റാഫ് സെക്രട്ടറി വാഹിദ് തുടങ്ങിയവര്‍ സംസാരിച്ചു.