ചൈനയിലെ നിലവിലെ കോവിഡ് 19ന്റെ കുതിച്ചുചാട്ടത്തിന് കാരണമായ ഒമിക്‌റോണിന്റെ ഉപവിഭാഗമായ ബിഎഫ്.7-ന്റെ നാല് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. 'അസാധാരണമായ പാറ്റേണും', 'ക്ലസ്റ്ററിംഗും' രാജ്യത്ത് കാണുന്നില്ല എന്നതാണ് നല്ല വാർത്ത, എന്ന് ആരോഗ്യ മന്ത്രലായം വ്യക്തമാക്കി. ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നാണ് ഈ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലും നിരവധി യൂറോപ്യൻ രാജ്യങ്ങളിലും പ്രബലമായ വകഭേദങ്ങളെ മാറ്റി BF.7 പകരുന്നത് ശ്രദ്ധയിൽ പെട്ടു.
ചൈന, ബ്രസീൽ, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളിൽ കൊറോണ വൈറസ് കേസുകൾ വർധിച്ചതോടെ, അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം ബുധനാഴ്ച പ്രഖ്യാപിച്ചു. ജീനോം സീക്വൻസിങ് വേഗത്തിലാക്കാനും വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. BF.7 ഒമിക്‌റോൺ വേരിയന്റായ BA.5 ന്റെ ഒരു ഉപ-വംശമാണ്, ഇതുവരെ അറിയപ്പെട്ടിരുന്ന കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഇത് വളരെ വേഗത്തിൽ പടരുന്നു, എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് വളരെ ഉയർന്ന തോതിൽ പകരുന്നു, കുറഞ്ഞ ഇൻകുബേഷൻ കാലയളവ് ഉണ്ട്, വാക്സിനേഷൻ എടുത്തവരിൽ പോലും വീണ്ടും അണുബാധയുണ്ടാക്കുന്നു, പ്രതിരോധശേഷി ഉള്ളവരിലും പെട്ടന്ന് തന്നെ അണുബാധയുണ്ടാക്കുന്നതിനുള്ള ഉയർന്ന ശേഷിയും ഈ വകഭേദത്തിനുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യത്തെ കൊറോണ വൈറസ് സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള കോവിഡ്-ഉചിതമായ പെരുമാറ്റം പിന്തുടരാൻ ആളുകളോട് ആവശ്യപ്പെട്ടു. 'കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല, ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവരോടും ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്; ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്', കേന്ദ്ര ആരോഗ്യമന്ത്രി എന്ന് പറഞ്ഞു.
കൊറോണ വൈറസിന്റെ റാൻഡം സാമ്പിൾ ടെസ്റ്റിംഗ് അന്താരാഷ്ട്ര യാത്രക്കാർക്കായി നടത്തുമെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും പറക്കുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ പരിശോധന നടത്തും. അണുബാധ പടരുന്നത് തടയാൻ നിരവധി സംസ്ഥാന സർക്കാരുകളും നടപടികൾ പ്രഖ്യാപിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കാൻ തുടങ്ങുമെന്ന് കർണാടക സർക്കാർ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്ത് എത്തുന്ന യാത്രക്കാരുടെ നിർബന്ധിത പരിശോധന നടത്താൻ ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ചൈനയിൽ കൊവിഡ്-19 കേസുകൾ വർധിച്ചതിനെ തുടർന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനയെ ബാധിച്ച കോവിഡ് -19 അണുബാധയുടെ പുതിയ തരംഗങ്ങൾ വൈറസിന്റെ മ്യൂട്ടേഷനുകൾക്ക് കാരണമാകുമെന്ന് ചൈനീസ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ബന്ധപ്പെട്ട വാർത്തകൾ: കോവിഡ് പ്രോട്ടോക്കോൾ പാലിക്കുക അല്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കുക: കേന്ദ്ര ആരോഗ്യമന്ത്രി