പ്രതിസന്ധിയിലായ പച്ചത്തേങ്ങാ സംഭരണ പദ്ധതി പുന:രാരംഭിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതു പ്രകാരം എഫ്എക്യു നിലവാരത്തിലുള്ള കൊപ്ര ഉണ്ടാക്കി കേരഫെഡിനു നല്‍കുന്നതിന് അനുയോജ്യമായ നാളികേരമായിരിക്കും കര്‍ഷകരില്‍ നിന്നു സംഭരിക്കുകയെന്നു തീരുമാനിച്ചിട്ടുണ്ട്. നാളികേരത്തിന്റെയും കൊപ്രയുടേയും അതതു ദിവസത്തെ വിലയും സ്റ്റോക്കും ദിവസവും വൈകിട്ടു നാലിനു മുമ്പായി ഏജന്‍സി ഇമെയില്‍ സന്ദേശമായി എത്തിക്കണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പച്ചത്തേങ്ങ വിപണനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തില്‍ കര്‍ഷകര്‍ തങ്ങളുടെ വാര്‍ഷിക ഉല്പാദനം സംബന്ധിക്കുന്ന സാക്ഷ്യപത്രം നല്‍കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തെങ്ങ് ഒന്നിനു 50 നാളികേരം മാത്രമേ സംഭരിക്കുകയുള്ളൂ. പ്രത്യേക സമിതിക്കാണു സംഭരണ സംസ്‌കരണ ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല. നാളികേരം ഉണക്കുന്നതിനു ഡ്രയറുള്ള സ്ഥാപനങ്ങള്‍ക്കു മുന്‍ഗണന.
സംഭരണത്തിനുള്ള സ്‌റേററ്റ് ലെവല്‍ ഏജന്‍സിയായി കേരഫെഡിനേയും കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം കേരഫെഡില്‍ നിന്നും കൊപ്ര സംഭരിക്കുന്നതിനായി നാഫെഡിനെയുമാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. നാളികേരം കൊപ്രയാക്കി 30 ദിവസത്തിനകം കേരഫെഡ് ഫാക്ടറികളില്‍ അംഗീകരിച്ച ഏജന്‍സികള്‍ എത്തിക്കണം. സംഭരിക്കുന്ന നാളികേരത്തിന്റെ വിള കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കാനാണു തീരുമാനം. തൊണ്ടുകളഞ്ഞ ഉരുളന്‍ പച്ചത്തേങ്ങ കിലോയ്ക്കു 27 രൂപ വച്ചാണു സംഭരിക്കുക.