കോവിഡിന് മുൻപുവരെ സമുദ്രോത്പന്ന കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിച്ച സീ ഫുഡ് മേഖലയിൽ കോവിഡിനെ തുടർന്ന് വൻ തളർച്ചയാണ് ഉണ്ടായത്. പുതിയതായി ഇവിടെ ആരംഭിക്കുന്ന മെഗാ സീ ഫുഡ് പാർക്ക് സമുദ്രോത്പന്ന വിപണന രംഗത്ത് ഉണർവേറ്റാൻ സഹായകമാകും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ സമുദ്രോത്പന്ന കയറ്റുമതിയിൽ 23.96 ശതമാനം കുറവാണുണ്ടായത്. കയറ്റുമതി വരുമാനത്തിൽ 13.96 ശതമാനവും ഇടിവുണ്ടായി. കോവിഡിനു മുൻപുവരെ സമുദ്രോത്പന്ന കയറ്റുമതിയിലൂടെ മികച്ച നേട്ടമാണ് സംസ്ഥാനം കൈവരിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതി ഒന്നര ലക്ഷം മെട്രിക് ടണ്ണോളമാണ്. 5020.33 കോടി രൂപയോളം വരുമാനമാണ് ഈ കാലയളവിൽ ലഭിച്ചത്. മെഗാ സീഫുഡ്പാർക്ക് പോലെയുള്ള സമുദ്രോല്പന്ന സംസ്‌കരണ കേന്ദ്രങ്ങൾ വരുന്നതോടെ ഈ മേഖല വീണ്ടും വളർച്ചയുടെ പാതയിൽ വേഗം മടങ്ങിയെത്തുമെന്നാണ് വിലയിരുത്തുന്നത്.
സീഫുഡ് പാർക്കിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ 68 ഏക്കറിലാണ് പാർക്ക് ഒരുങ്ങുന്നത്. അടുത്ത ഘട്ടത്തിൽ 16 ഏക്കർ കൂടി ചേർത്ത് പദ്ധതി വിപുലീകരിക്കും.
നിലവിൽ മൂന്ന് സമുദ്രോൽപ്പന്ന കമ്പനികളും ഒരു പാക്കേജിങ് യൂണിറ്റും ഫുഡ് പാർക്കിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സംരംഭകർക്ക് പാർക്കിൽ 30 വർഷത്തെ പാട്ടവ്യവസ്ഥയിലാണ് ഭൂമി നൽകുന്നത്. 28 പ്ലോട്ടുകൾ ഇപ്പോൾതന്നെ വിവിധ സംരംഭകർ ഏറ്റെടുത്തിട്ടുണ്ട്. പാർക്ക് പൂർണ സജ്ജമാകുന്നതോടെ 500 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. മൂവായിരത്തിൽ പരം ആളുകൾക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഭക്ഷ്യ സംസ്‌കരണ പ്രവർത്തനങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളാകും മെഗാ ഫുഡ് പാർക്കിൽ ഉണ്ടാവുക.
128 കോടി രൂപ ചെലവിൽ വ്യവസായ വകുപ്പിന്റെ കീഴിൽ കെ എസ് ഐ ഡി സി നിർമിക്കുന്ന പാർക്കിന്റെ ഭൂരിഭാഗം ജോലികളും പൂർത്തിയായി. മൊത്തം തുകയിൽ 72 കോടി സംസ്ഥാന സർക്കാരും 50 കോടി കേന്ദ്രസർക്കാരുമാണ് മുടക്കുന്നത്. ബാക്കിയുള്ള തുക ബാങ്ക് വായ്പ വഴിയാണ് കണ്ടെത്തിയിരിക്കുന്നത്.
സമുദ്രോല്പന്നങ്ങൾ ശേഖരിക്കൽ, ഗ്രേഡ് തിരിക്കൽ, ഗുണനിലവാരം പരിശോധിക്കൽ, ഫ്രീസിങ് യൂണിറ്റ്, കോൾഡ് സ്റ്റോർ തുടങ്ങിയവ ഉൾപ്പെടുന്ന മുഖ്യ സംസ്‌കരണ കേന്ദ്രം(സി.പി.സി), ഹാർബറുകളിൽ നിന്നുള്ള സമുദ്രോല്പന്നങ്ങളുടെ പീലിങ്, വൃത്തിയാക്കൽ, തരംതിരിക്കൽ, ഐസ്പ്ലാന്റ് എന്നിവയ്ക്കുള്ള പ്രാഥമിക സംസ്‌കരണ കേന്ദ്രം(പിപിസി) എന്നിവയാണ് ഫുഡ്പാർക്കിലുള്ളത്. തോപ്പുംപടിയിലും വൈപ്പിനിലും മുനമ്പത്തുമുള്ള പ്രാഥമിക സംസ്‌കരണ കേന്ദ്രങ്ങളെക്കൂടി ഇതുമായി ബന്ധിപ്പിക്കും. 40 അടി കണ്ടെയ്‌നർ ട്രക്കിനു കടന്നു പോകാവുന്ന റോഡുമായി പാർക്കിനെ ബന്ധിപ്പിച്ചിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവയുമായി 50 കിലോമീറ്ററിനുള്ളിലാണ് ദൂരം. ചേർത്തല റെയിൽവേ സ്റ്റേഷന്റെ സമീപത്താണ് പാർക്ക്. ഇത് വിപണന സാധ്യതകൾക്ക് മുതൽക്കൂട്ടാകും.
ഗോഡൗൺ, കോൾഡ് സ്റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റർ പാർക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ്, വ്യവസായികൾക്ക് വാടകയ്ക്ക് എടുക്കാവുന്ന കെട്ടിടങ്ങൾ തുടങ്ങിയ വിപുലമായ സൗകര്യങ്ങളാണുള്ളത്. ഭക്ഷ്യസംസ്‌കരണത്തിന് സംരംഭകർക്ക് സഹായകരമായ അത്യാധുനിക സൗകര്യങ്ങളെല്ലാം പാർക്കിൽ സജ്ജമാക്കി വരുന്നു.
പാർക്കിനുള്ളിൽ വൈദ്യുതി വിതരണ സംവിധാനവും ജല വിതരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വ്യവസായികൾക്ക് കെ എസ് ഇ ബി യിൽ നിന്നും വാട്ടർ അതോറിറ്റിയിൽ നിന്നും കണക്ഷൻ വാങ്ങി നേരിട്ട് ഉപയോഗിക്കാവുന്നതാണ്. 3000 മെട്രിക് ടൺ കോൾഡ് സ്റ്റോറേജ്, ദിവസം 10 മെട്രിക് ടൺ ശേഷിയുള്ള ഡീപ്പ് ഫ്രീസർ, മത്സ്യത്തിന്റെ മുള്ള് നീക്കം ചെയ്യുന്നതിന് 10 മെട്രിക് ടൺ ദിവസ കപ്പാസിറ്റിയുള്ള ഡിബോണിങ് സെന്റർ എന്നിവയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ദിവസവും 20 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാനുള്ള ഇഫ്ളുവെന്റ് പ്ലാന്റിന്റെ നിർമ്മാണവും ഉടൻ പൂർത്തിയാകും.
സമുദ്ര വിഭവ വ്യവസായത്തിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്ന അരൂർ,ചേർത്തല മേഖലയിൽ മെഗാഫുഡ്പാർക്ക് പ്രവർത്തന സജ്ജമാകുന്നതോടെ മേഖലയുടെയാകെ വികസനത്തിനാണ് വഴിതുറക്കുന്നത്. 2017 ജൂണിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മെഗാ ഫുഡ് പാർക്കിന് തറക്കല്ലിട്ടത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ചെമ്മീനും അലങ്കാര മത്സ്യത്തിനും ജീവനുള്ള തീറ്റ വികസിപ്പിച്ച് ആര്‍ജിസിഎ
#Seafood #Seafoodpark #Cherthala #Ornamentalfish #Agriculture