വയനാട്: ക്ഷീര കർഷകർക്ക് 24 മണിക്കൂർ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നതിനുള്ള കോൾ സെൻ്റർ സേവനം വിപുലീകരിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ സുൽത്താൻ ബത്തേരി ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെൻ്ററിൽ പുതുതായി നിർമ്മിച്ച ട്രെയിനീസ് ഹോസ്റ്റൽ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു. പരിശീലന സമയത്ത് കർഷകർക്ക് താമസിക്കുന്നതിനായി 96 ലക്ഷം രൂപ ചിലവഴിച്ചാണ് ട്രെയിനീസ് ഹോസ്റ്റൽ നിർമ്മിച്ചത്.
കൂടുതൽ വാർത്തകൾ: എന്റെ കേരളം: കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളൊരുക്കി കൃഷി വകുപ്പിന്റെ സ്റ്റാളുകൾ
മന്ത്രിയുടെ വാക്കുകൾ..
'1962' എന്ന നമ്പറിൽ വിളിച്ചാൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നേടാനാകും. അടിയന്തര സാഹചര്യങ്ങളിൽ ഡോക്ടറുടെയോ വാഹനത്തിൻ്റെയോ സേവനം ആവശ്യമെങ്കിൽ കോൾ സെൻ്റർ മുഖേന അതത് പഞ്ചായത്തുകളിലേക്ക് സന്ദേശങ്ങൾ നൽകി കർഷകന് സേവനം ലഭ്യമാക്കും. പശുക്കളിലും എരുമകളിലും കണ്ടു വരുന്ന ചർമ്മമുഴയ്ക്ക് എതിരെയുള്ള വാക്സിൻ രോഗം വരുന്നതിന് മുമ്പേ സ്വീകരിക്കണം.
കുളമ്പ് രോഗത്തിന് വാക്സിൻ നൽകിയത് പോലെ ചർമ്മമുഴ രോഗത്തിനുള്ള വാക്സിനും ശക്തമാക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന മൃഗങ്ങൾക്ക് രോഗങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. പശുക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാൻ ഇ-സമൃധം പദ്ധതിയിലൂടെ സാധ്യമാണെന്നും കർഷകർക്ക് ആശ്വാസമായി സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ അവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
പന്നിപ്പനിക്ക് എതിരെ ശക്തമായി പ്രതിരോധിച്ച ജില്ലാ ഭരണകൂടത്തെയും, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ അദ്ധ്യക്ഷത വഹിച്ചു. 'പശുക്കളിലെ അകിടുവീക്കവും പ്രതിരോധ മാർഗങ്ങളും' എന്ന വിഷത്തിൽ കെ.വി.കെ.എസ്.യു പൂക്കോട് അസോസിയേറ്റ് പ്രൊഫസർ ആൻ്റ് ഹെഡ് ഡിപ്പാർട്ട്മെൻ്റ് ഓഫ് വെറ്ററിനറി എപ്പിഡമോളജി ആൻ്റ് പ്രിവൻ്റീവ് മെഡിസിൻ ഡോ. പി.എം. ദീപ സെമിനാർ അവതരിപ്പിച്ചു.
മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വിന്നി ജോസഫ് പദ്ധതി വിശദീകരിച്ചു. പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബെന്നി ജോൺ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. കെ. ജയരാജ്, സുൽത്താൻ ബത്തേരി നഗരസഭാ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ്, സുൽത്താൻ ബത്തേരി നഗരസഭാ ഡിവിഷൻ കൗൺസിലർ പി.കെ സുമതി, സുൽത്താൻ ബത്തേരി എൽ.എം.ടി.സി അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. എസ്. ദയാൽ, സുൽത്താൻ ബത്തേരി ക്ഷീരസംഘം പ്രസിഡൻ്റ് കെ.കെ. പൗലോസ്, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, പി.കെ രാമചന്ദ്രൻ, സി.എം സുധീഷ് തുടങ്ങിയവർ സംസാരിച്ചു.