മഹീന്ദ്ര ട്രാക്ടേഴ്‌സ് സ്‌പോൺസർ ചെയ്യുന്ന 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡിന്റെ' രണ്ടാം പതിപ്പിലേക്ക് ജൂറി ചെയർമാനായി നീതി ആയോഗ് അംഗം പ്രൊഫസർ രമേഷ് ചന്ദിനെ സന്തോഷപൂർവം കൃഷി ജാഗരൺ സ്വാഗതം ചെയ്തു. ഇന്ത്യയിലെ പ്രമുഖ ബഹുഭാഷാ കാർഷിക മാധ്യമ സ്ഥാപനമായ കൃഷി ജാഗരൺ ആണ് 'മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ്സ്' സംഘടിപ്പിക്കുന്നത്. കാർഷികമേഖലയ്ക്ക് വിപുലമായ സംഭാവനകൾ നൽകിയ രാജ്യത്തെ കോടീശ്വരരായ കർഷകരെ ആദരിക്കുന്നതിലാണ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) വിജ്ഞാനപങ്കാളി കൂടിയായ അവാർഡുദാന ചടങ്ങ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
പ്രഖ്യാപനത്തെക്കുറിച്ച് പ്രൊഫസർ രമേഷ് ചന്ദ് പറയുന്നതിങ്ങനെ, “മിസ്സിസ് ആൻഡ് മിസ്റ്റർ ഡൊമിനിക്കിനും കൃഷി ജാഗരണും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഒരുമിച്ച്, മില്യണയർ ഫാർമർ ഓഫ് ഇന്ത്യ (MFOI) എന്ന പുതിയതും അതുല്യവുമായ ഒരു സംരംഭം ആരംഭിച്ചു. നാളിതുവരെ നമ്മൾ കൃഷിയെ നോക്കിക്കണ്ടിരുന്നത് സമ്പൽസമൃദ്ധിയുമായി ബന്ധപ്പെടുത്തിയായിരുന്നില്ല. എന്നാൽ, കൃഷി ജാഗരൺ മുൻകൈയെടുത്ത് ഇന്ത്യൻകാർഷികമേഖലയുടെ അഭിവൃദ്ധി എടുത്തുകാട്ടി. ഇതൊരു മാതൃകാപരമായ മാറ്റമാണ്; ഇത് ജനങ്ങളിൽ നല്ല സ്വാധീനം ഉണ്ടാക്കും. എൻ്റെ കാഴ്ചപ്പാടിൽ, കൃഷിയെ ലാഭകരമായ ഒരു സംരംഭമായി കാണുന്നതിന് കർഷകർക്ക് MFOI ഉത്തമ പ്രചോദനമാകും. ഭാവിയിൽ, നമ്മുടെ രാജ്യത്തെ യുവജനങ്ങളും കാർഷികമേഖലയിൽ പ്രവർത്തിക്കാൻ തത്പരരാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. ആശംസിക്കുന്നു".
കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ ശ്രീ എം സി ഡൊമിനിക്കിൻ്റെ ആശയമായ MFOI ലൂടെ 2024, ഡിസംബർ 1, 2, 3 തീയതികളിൽ, ഇന്ത്യൻ കാർഷികരംഗത്തെ പ്രമുഖർക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരിയായ ന്യൂഡൽഹി. തങ്ങളുടെ അധ്വാനത്തിലൂടെയും നൂതനമായ കാർഷികരീതികളിലൂടെയും വരുമാനം ഇരട്ടിയാക്കാൻ മാത്രമല്ല, കോടീശ്വരന്മാരായി പരിണമിച്ച ഇന്ത്യൻ കർഷകരുടെ അസാധാരണ നേട്ടങ്ങൾ തിരിച്ചറിയാനും ഇത് സഹായകമാകും.
ഇന്ത്യയിലെ കാർഷിക, അനുബന്ധമേഖലകളിൽ നിന്നുള്ള പ്രമുഖവ്യക്തികളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി, ഏറ്റവും സമ്പന്നരും പുരോഗമനപരവുമായ കർഷകർക്കൊപ്പം ചില മുൻനിര കോർപ്പറേറ്റുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ MFOI യ്ക്ക് സാധിക്കും എന്നതിൽ ഒരു സംശയവുമില്ല.