1. പി എം കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക് നിർബന്ധിത ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി നാളെ വരെ മാത്രം. . മുമ്പ് ലഭിച്ച നിർദ്ദേശ പ്രകാരം ജൂലൈ 31 വരെയായിരുന്ന സമയ പരിധി പിന്നീട് ഓഗസ്റ്റ് 31 വരെയാക്കി കേന്ദ്ര സർക്കാർ നീട്ടിയിരുന്നു. 2022 സെപ്‌റ്റംബർ 1-ഓടെ അടുത്ത ഗഡുവിൻ്റെ തീയതി പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. PM കിസാൻ്റെ ഔദ്യോഗിക വെബ്‌പേജ് സന്ദർശിച്ച് നിങ്ങൾക്ക് ഇകെവൈസി പൂർത്തിയാക്കാം.
2. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കരുവാറ്റ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ബന്ദിപ്പൂക്കൃഷിയുടെ വിളവെടുപ്പ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രുഗ്മിണി രാജു നിർവഹിച്ചു. ആദ്യ വില്പന ആലപ്പുഴ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ ശോഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ്, പഞ്ചായത്താംഗം ശ്രീലേഖ മനു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ,മറ്റ് ഉദ്യോഗസ്ഥർ, തൊഴിലാളികൾ എന്നിവർ സന്നിഹിതരായിരുന്നു.
3. കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം ഖാദി വിപണനമേള കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ കേരളാ ബാങ്ക് ഡയറക്ടർ കെ.ജെ. ഫിലിപ്പ് കുഴികുളം നിർവഹിച്ചു. ഖാദി ബോർഡ് അംഗം സി.കെ. ശശിധരൻ അധ്യക്ഷനായ ചടങ്ങിൽ, ബോർഡ് അംഗങ്ങളായ കെ.എസ്. രമേഷ് ബാബു, സാജൻ തോമസ് തൊടുകയിൽ, ജില്ലാ ഖാദി പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ, കേരളാ ബാങ്ക് ജനറൽ മാനേജർ പ്രിൻസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
4. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പുത്സവം വിവിധ വാർഡുകളിലായി നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്റെ അധ്യക്ഷത വഹിച്ചു. തെക്കുംപുറത്തുളള സി.എസ് ബൈജുവിന്റെ കൃഷിയിടത്തിലെ ചെണ്ടുമല്ലി കൃഷിയുടേയും, വാടാമല്ലി കൃഷിയുടേയും, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ചെയ്ത പടവലം കൃഷിയുടേയും വിളവെടുപ്പ് ഇതോടൊപ്പം നടന്നു.
5. ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് റ്റു ഫിഷര്‍ വിമെന്‍ മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. എഫ്.എഫ്.ആര്‍-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2 മുതല്‍ 5 വരെ അടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 5 ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. അപേക്ഷകര്‍ തീരദേശ പഞ്ചായത്ത് നിവാസികളായിരിക്കണം. അപേക്ഷാ ഫോമുകള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സാഫ് നോഡല്‍ ഓഫീസ്, ജില്ലയിലെ വിവിധ മത്സ്യഭവന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. സെപ്റ്റംബര്‍ 15 നാണ് അവസാന തിയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9 8 4 7 9 0 7 1 6 1 എന്ന നമ്പറിൽ ബന്ധപ്പെടുക.
6. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുക, കൂടുതൽ ആളുകളെ കൃഷിയിലേക്ക് എത്തിക്കുക, കർഷകർക്ക് പ്രോത്സാഹനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ തരിശുനില കൃഷിക്കായി സമഗ്ര പദ്ധതിയുമായി കറുകുറ്റി ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിൽ ആകെ 100 ഏക്കറിൽ കൃഷി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി വഴി പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി കർഷകർക്ക് കൃഷി ചെയ്യാൻ ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും. പദ്ധതിയുടെ ആദ്യപടിയായി പാടശേഖരങ്ങളിലെ തോടുകളുടെ സർവേ നടപടികൾ ആരംഭിച്ചു. സർസദ് ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന കറുകുറ്റി പഞ്ചായത്ത് വലിയൊരു കാർഷിക മുന്നേറ്റം ലക്ഷ്യമിട്ടാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
7. കൃഷിവകുപ്പിൻ്റെ നേതൃത്വത്തിൽ ഓണത്തിന് 2010 നാടൻ കർഷക ചന്തകൾ സജ്ജീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ്. കൃഷിവകുപ്പിനൊപ്പം ഹോർട്ടി കോർപ്പും വി.എഫ്.പി.സി.കെയും സംയുക്തമായാണ് വിപണികൾ സംഘടിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ 1350 കർഷക ചന്തകളും ഹോർട്ടികോർപ്പിന്റെ 500 ചന്തകളും വി.എഫ്.പി.സി.കെ 160 ചന്തകളുമാണ് സംസ്ഥാനത്താകെ നടത്തുക. സെപ്റ്റംബർ നാല് മുതൽ ഏഴ് വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകൾ പ്രവർത്തിക്കുന്നത്. കർഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെപ്റ്റംബർ മൂന്നിന് വൈകീട്ട് 3 മണിക്ക് തിരുവനന്തപുരത്തെ ഹോർട്ടികോർപ്പ് വിപണിയിൽ നിർവഹിക്കും.
8. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ തരിശുരഹിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം മാലൂർ കൂവക്കരയിൽ നടന്നു. ഉദ്ഘാടനവും ആദ്യവിൽപ്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിച്ചപ്പോൾ, മാലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചമ്പാടൻ ജനാർദനൻ വിൽപ്പന ഏറ്റുവാങ്ങി. പുരളിമല പച്ചക്കറി എ ഗ്രേഡ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ജൈവ രീതിയിലാണ് കൃഷി ചെയ്തത്. കക്കിരി, വെള്ളരി, പൊട്ടിക്ക, പയർ, മുളക്, വെണ്ട തുടങ്ങിയവയാണ് കൃഷിയിടത്തിലുള്ളത്. ആവശ്യക്കാർക്ക് നേരിട്ടെത്തി ഇവിടെ നിന്നും പച്ചക്കറി വാങ്ങാനാകും. ചടങ്ങിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ അധ്യക്ഷത വഹിച്ചു.
9. ഓണത്തിനോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ പരിശോധന കർശനമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. റേഷൻകടകൾ, പലവ്യഞ്ജനക്കടകൾ, പച്ചക്കറിക്കടകൾ, ഇറച്ചിക്കടകൾ, മത്സ്യക്കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്തതും അവശ്യ വസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതുമായ കടകൾക്കെതിരെ കർശന നടപടിയെടുക്കും. ജില്ലയിൽ കഴിഞ്ഞ ദിവസം കുന്നംകുളം, ചാവക്കാട്, തൃശൂർ താലൂക്കുകളിലായി 24 കടകളിൽ പരിശോധന നടത്തി. സെപ്റ്റംബർ 3 മുതൽ 11 വരെ ജില്ലയിൽ സജീവമായി സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളേജി, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
10. നെൽക്കൃഷിയെ ബാധിക്കുന്ന വൈറസ് രോഗം പഞ്ചാബിലും ഹരിയാനയിലും വ്യാപകമാകുന്നു. 2001 ൽ ആദ്യമായി തെക്കൻ ചൈനയിൽ സ്ഥിതീകരിച്ച s.r.b.s.d.v വൈറസാണിതെന്ന് പഞ്ചാബിലെ കാർഷിക സർവകലാശാലയിലെ ശാത്രഞ്ജർ പറയുന്നു. വൈറ്റ് ബാക്ക്ഡ് പ്ലാൻ്റ് ഹോപ്പർ എന്ന പ്രാണിയാണ് വൈറസ് പരത്തുന്നതെന്നാണ് നിഗമനം. പഞ്ചാബിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വൈറസ് കണ്ടെത്തുന്നത്. രോഗത്തിന് നിലവിൽ പരിഹാര മാർഗങ്ങളില്ല. കർഷകർ പതിവായി ചെടികളെ നിരീക്ഷിക്കണമെന്നും ചെറുതായി ചരിച്ച് വെച്ച് ആഴ്ച്ചയിൽ 3 തവണ വരെ നനയ്ക്കണമെന്നും നിർദേശമുണ്ട്.
11. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലെ ജനങ്ങൾ കൂടുതല്‍ ജാഗ്രത പാലിക്കണം. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മണിക്കൂറില്‍ 40 കീമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനു സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.