തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കാൻ മാർഗനിർദേശവും മൂലധന സബ്‌സിഡി യും നൽകി സഹായ ഹസ്തം നീട്ടുകയാണ് സർക്കാർ.
കാർഷിക, വ്യവസായ മേഖലയിൽ കോഴി വളർത്തൽ, ഉൾനാടൻ മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, ക്ഷീരോത്പാദനം, ഭക്ഷ്യ സംസ്‌ക്കരണം, സംയോജിത കൃഷി, ഫാം ടൂറിസം, ആടു വളർത്തൽ, പച്ചക്കറി കൃഷി, പുഷ്പ കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയവയും കച്ചവട രംഗത്ത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന പൊതു കച്ചവടം, റിപ്പയർ ഷോപ്പ്, റസ്റ്റോറന്റുകൾ, ഹോം സ്റ്റേ തുടങ്ങിയ സേവനങ്ങൾ, ടാക്‌സി സർവ്വീസ് (വാഹന വായ്പ), ഉൽപാദന രംഗത്ത് ചെറുകിട ഇടത്തരം സംരംഭങ്ങൾ, വ്യവസായങ്ങൾ, സലൂണുകൾ, പേപ്പർ കപ്പ്, പേപ്പർ റീസൈക്ലിങ്, ചന്ദനത്തിരി, കമ്പ്യൂട്ടർ ഉപകരണങ്ങൾ എന്നീ തൊഴിലുകളിലേക്ക് തിരിയുന്ന പ്രവാസികൾക്കാണ് ധനസഹായം നൽകുക.
പരമാവധി 30 ലക്ഷം രൂപ ചിലവു വരുന്ന പദ്ധതികൾക്ക് മൂലധന സബ്‌സിഡി വായ്പയുടെ 15 ശതമാനം മൂന്ന് ലക്ഷം വരെ ബാക്ക് എൻഡ് സബ്‌സിഡി നൽകുന്നു. കൃത്യമായി തിരിച്ചടക്കു ന്നവർക്ക് നാല് വർഷത്തേക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡി ലഭിക്കും.
ഈട് വെക്കാൻ നിവർത്തിയില്ലാത്ത സംരംഭങ്ങൾ ആരംഭിക്കാൻ ബുദ്ധിമുട്ടുന്ന തിരികെയെ ത്തിയ പ്രവാസികൾക്ക് പത്ത് ലക്ഷം രൂപ വരെ ബാങ്ക് ഓഫ് ഇന്ത്യയിലൂടെ ഈടില്ലാതെ വായ്പ നൽകുന്നു.
തിരികെയെത്തിയ പ്രവാസി കേരളീയരുടെ കുടുംബത്തിന് മരണാനന്തര ധനസഹായമായി പരമാവധി ഒരു ലക്ഷം രൂപ വരെ നൽകുന്നു. ക്യാൻസർ, ഹൃദയ ശാസ്ത്രക്രിയ, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങൾക്ക് ചികിത്സാ ധനസഹായമായി പരമാവധി 50,000 രൂപ വരെ നൽകി വരുന്നു. അംഗവൈകല്യ പരാതി പരിഹാര ഉപകരണങ്ങൾ വാങ്ങാ നായി 10,000 രൂപ വരെയും തിരികെയെത്തിയ പ്രവാസികളുടെ പെൺമക്കളുടെ വിവാഹ ധനസഹായത്തിന് 15,000 രൂപ വരെയും നൽകി വരുന്നു.
ഈ ധനസഹായത്തിനായി അപേക്ഷിക്കുന്ന അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികമാകാൻ പാടില്ല. കുറഞ്ഞത് രണ്ട് വർഷം വിദേശത്ത് ജോലി ചെയ്തിരിക്കണം. തിരികെ നാട്ടിലെത്തിയിട്ട് വിദേശത്ത് ജോലി ചെയ്ത കാലയളവ് അല്ലെങ്കിൽ പത്തു വർഷം ഇവയിൽ ഏതാണോ കുറവ് ആ സമയ പരിധിക്കുള്ളിൽ അപേക്ഷിക്കണം.
പ്രവാസി സംരംഭകർക്ക് നല്ലകാലം
പ്രവാസി കേരളീയർക്ക് കേരളത്തിൽ നിക്ഷേപിക്കാനുള്ള സാധ്യതകളും അവസരങ്ങളും പരിചയപ്പെടുത്താനും എൻ.ബി.എഫ്.സി (നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ) സഹായിക്കും. വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങളും സാധ്യതകളും സംബന്ധിച്ച വിവരങ്ങൾ നോർക്കയിലൂടെ ലഭിക്കും. പദ്ധതികളെ സംബന്ധിച്ചും പദ്ധതി രേഖ തയ്യാറാക്കുന്നത് സംബന്ധിച്ചും വിദഗ്ധ സഹായം സൗജന്യമായി ലഭിക്കും. കമ്പനി, നിയമ, സാമ്പത്തിക കാര്യങ്ങളിൽ സൗജന്യ വിദഗ്‌ദോപദേശം, അടിസ്ഥാന, പശ്ചാത്തല സൗകര്യങ്ങൾക്കും സാമ്പത്തിക സഹായത്തിനും സിഡ്‌കോ, കിൻഫ്ര, കെ.എസ്.ഐ .ഡി.സി, കെ.എഫ്.സി തുടങ്ങിയ സർക്കാർ ഏജൻസികളുടെ സഹായ സഹകരണം എന്നിവ നോർക്ക നൽകുന്നു