1. പിഎം കിസാൻ സമ്മാൻ നിധി വഴി ആനുകൂല്യം ലഭിച്ചവർക്ക് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ്. ആദായ നികുതി അടയ്ക്കുന്നു എന്ന കാരണത്താൽ കഴിഞ്ഞ 3 വർഷങ്ങളിലായി ലഭിച്ച തുക തിരിച്ചടയ്ക്കാനാണ് കൃഷി ഓഫീസുകൾ വഴി കർഷകർക്ക് നോട്ടീസ് അയയ്ക്കുന്നത്. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ഓരോ കൃഷിഭവൻ പരിധികളിലും 60ഓളം പേർക്ക് നോട്ടീസ് ലഭിച്ചു. അനർഹമായി കൈപ്പറ്റിയ തുക തിരിച്ചടയ്ക്കാത്ത പക്ഷം മറ്റ് സർക്കാർ ആനുകൂല്യങ്ങളും ഭാവിയിൽ ലഭിക്കില്ലെന്ന് നോട്ടീസിൽ പറയുന്നു. പദ്ധതി വഴി തുക ലഭിച്ചിരുന്ന പലർക്കും മാസങ്ങളായി തുക ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം ആദായനികുതിയുമായി ഒരു ബന്ധവുമില്ലാത്ത കർഷകർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും പരാതിയുണ്ട്. ഇത്തരത്തിൽ പല കർഷകരും പരാതി കൃഷിഭവനുകളിൽ അറിയിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾ: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ Aadhaar Card നിർബന്ധമല്ല
2. ഖാദി നെയ്ത്ത് കേന്ദ്രത്തിലേക്ക് നെയ്ത്തിനും മറ്റ് അനുബന്ധ ജോലികൾക്കുമായി അപേക്ഷ ക്ഷണിക്കുന്നു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കോഴിക്കോട് പ്രൊജക്ടിന് കീഴിൽ വളയം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പുതുതായി ആരംഭിക്കുന്ന കേന്ദ്രത്തിലേക്കാണ് തൊഴിലാളികളെ ആവശ്യം. 18 വയസ്സിന് മുകളിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് അപേക്ഷിക്കാം. വളയം ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. താല്പര്യമുള്ളവർ ഖാദി നെയ്ത്ത് കേന്ദ്രം മാഞ്ചന്തറ വളയത്ത് നേരിട്ട് അപേക്ഷ സമർപ്പിക്കുകയോ പ്രോജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ചെറൂട്ടി റോഡ്, കോഴിക്കോട്, പിൻ 673032 എന്ന വിലാസത്തിൽ ഒക്ടോബർ 15 ന് മുൻപായി അയക്കുകയോ ചെയ്യണം. ഫോൺ: 0495 2366156, 9188401612.
3. മില്‍ക്ക് ഷെഡ് വികസന പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തിഗത വിഭാഗങ്ങളില്‍ ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ്, കറവ യന്ത്രം, കാലിത്തൊഴുത്ത് നിര്‍മ്മാണം, ഡയറി ഫാം ആധുനികവല്‍ക്കരണം, എന്നീ പദ്ധതികളിലും ഗ്രൂപ്പ് വിഭാഗത്തില്‍ പത്ത് പശു യൂണിറ്റ് എന്ന പദ്ധതിയിലും അപേക്ഷിക്കാം. ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ഒക്ടോബര്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ : 04862222099.