1. കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണെന്നും പോഷകാഹാര ലഭ്യതയിൽ കേരളത്തിന് 32.6 ശതമാനം വളർച്ച കൈവരിക്കാനായതായും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന 'ഫെസ്റ്റ് ഓഫ് ഹാപ്പിനസ്' ഉദ്ഘടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്ന ചടങ്ങിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ, കമ്മീഷൻ അംഗങ്ങളായ സി വിജയകുമാർ, ശ്യാമളാദേവി, ബബിത ബി, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവരും സന്നിഹിതരായിരുന്നു. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിലാണ് സംസ്ഥാനത്തെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ദ്വിദിന കലാ കരകൗശലമേളയായ ഫെസ്റ്റ് ഓഫ് ഹാപ്പിനസ് സംഘടിപ്പിക്കുന്നത്.
2. ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ചിറ്റാറ്റുകര പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വനിത കൂട്ടായ്മകൾക്ക് പച്ചക്കറി തൈകളും വിത്തും ജൈവക്കൂട്ടും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ശാന്തിനി ഗോപകുമാർ പച്ചക്കറിത്തൈകളും, വൈസ് പ്രസിഡന്‍റ് പി.പി. അരൂഷ് തെങ്ങിൻ തൈകളും വിതരണം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സമീറ ഉണ്ണിക്കൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
3. കളമശ്ശേരി മണ്ഡലത്തിലെ എംഎൽഎയും നിയമ വ്യവസായ വകുപ്പ് മന്ത്രിയുമായ പി രാജീവ് നടപ്പിലാക്കുന്ന 'കൃഷിക്കൊപ്പം കളമശ്ശേരി' എന്ന പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിൻ്റെ പരിധിയിലുള്ള എല്ലാ വാർഡുകളിലും സ്വാശ്രയ സംഘം രൂപീകരണം പൂർത്തിയായി. നിയമ, വ്യവസായ മന്ത്രിയും മണ്ഡലത്തിലെ എംഎൽഎ യുമായ പി രാജീവ് നിർവഹിച്ച ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ ബാങ്കിന്റെ പ്രസിഡന്റ് അടവ്.എസ് അജിത് കുമാർ അധ്യക്ഷതയും വഹിച്ചു.
4. ഓണപ്പൂ കൃഷിയുമായി കുഴുപ്പിള്ളി കൃഷിഭവൻ. ഒരു സെൻ്റ് സ്ഥലത്താണ് കുഴുപ്പിള്ളി കൃഷിഭവൻ വനിതകളെ സംഘടിപ്പിക്കുന്നത്. ഗുണമേന്മയുള്ള ഹൈബ്രിഡ് തൈകൾ വാങ്ങിച്ച് നൽകി കൃഷി പരിപാലനത്തിൽ ക്ലാസും നൽകിയാണ് വനിതകളെ കൃഷിക്കായി സംഘടിച്ചത്. ഓണക്കാലത്ത് പൂവ് മാത്രമല്ല, നല്ല വരുമാനം മാർഗം കൂടിയാണ് പൂ കൃഷി.
5. ചിങ്ങം 1 കർഷക ദിനത്തോട് അനുബന്ധിച്ച് കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കർഷകരെ ആദരിക്കുന്നു. മികച്ച കർഷകൻ, വനിതാ കർഷക, ജൈവ കർഷക/കർഷകൻ, യുവ കർഷക/കർഷകൻ മുതിർന്ന കർഷക തൊഴിലാളി, പട്ടിക ജാതി/ പട്ടിക വർഗ്ഗക്കരായ കർഷക/കർഷകൻ, സമ്മിശ്ര കർഷക/കർഷകൻ, സമ്മിശ്ര കർഷക/കർഷകൻ, വിദ്യാർത്ഥി കർഷക/കർഷകൻ, ടെറസ് കർഷക/കർഷകൻ, ക്ഷീര കർഷക/കർഷകൻ എന്നീ വിഭാഗക്കാരെയാണ് ആദരിക്കുന്നത്. ഇതിൽ നാമനിർദ്ദേശം ചെയ്യുന്നതിന് വേണ്ടി ബന്ധപ്പെട്ട വാർഡ് മെമ്പറുടെ ശുപാർശയുടെ കൃഷി ഓഫീസർക്ക് 10 തിയതി വൈകിട്ട് 5 മണിക്ക് മുൻപായി നൽകേണ്ടതാണ്. ആഗസ്റ്റ് 17 ന് നടത്തുന്ന കർഷക ദിനാചരണത്തിലാണ് ആദരവ് ചടങ്ങ്.
6. വിവിധ പദ്ധതികൾ വഴി കൈത്തറി മേഖലയെ പരിപോഷിപ്പിക്കുകയും തൊഴിലാളികൾക്ക് മികച്ച വേതനവും ജീവിതസാഹചര്യവും ഒരുക്കുകയുമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി വി ശിവൻകുട്ടി. ദേശീയ കൈത്തറി ദിനാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം പള്ളിച്ചലിൽ നിർവഹിച്ചു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരള കൈത്തറിയുടെ മുഖമാണ് ബാലരാമപുരം കൈത്തറിയെന്നും, നാടിന്റെ സംസ്കാരത്തെയാണ് കൈത്തറി മേഖല പ്രതിനിധാനം ചെയ്യുന്നതെന്നും പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.ഇന്ത്യയിൽ ആദ്യമായി പൂർണ്ണമായും കൈത്തറിയിൽ ദേശീയ പതാക നെയ്തെടുത്ത നെയ്ത്ത് തൊഴിലാളി ബി. അയ്യപ്പനെയും, ജില്ലയിലെ മുതിർന്ന 20 നെയ്ത്തുക്കാരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. തത്സമയ കൈത്തറി നെയ്ത്ത് പ്രദർശനം, കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള ഫാഷൻ ഷോ, വസ്ത്രങ്ങളുടെ പ്രദർശനവും വിപണനവും എന്നിവയും അനുബന്ധമായി നടന്നു.
7. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ ആരംഭിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്ത മേളയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനക്ക് നല്‍കി നിര്‍വഹിച്ചു, സമ്മാനകൂപ്പണിന്റെ വിതരണോദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപും നിര്‍വഹിച്ചു. സെപ്തംബര്‍ 7 വരെ നടക്കുന്ന മേളയിൽ ഖാദി മേളയില്‍ തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും.
8. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്, റബ്ബറുത്പന്നനിര്‍മ്മാണത്തില്‍ കോട്ടയത്ത് വെച്ച് നടത്തുന്ന മൂന്നുമാസത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആഗസ്റ്റ് 23-വരെ രജിസ്റ്റര്‍ ചെയ്യാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സോട് കൂടിയ, ഡിപ്ലോമ അല്ലെങ്കിൽ ബിരുദധാരികള്‍, എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, റബ്ബര്‍വ്യവസായമേഖലയില്‍ സാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവർക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 0 4 8 1 - 2 3 5 3 1 2 7 എന്ന നമ്പരിലോ training@rubberboard.org.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.
9. കുടുംബശ്രീ കിടങ്ങൂരിലെ അപ്പാരൽ പാർക്കിൽ ദേശീയ പതാക തയാറാക്കി കുടുബശ്രീ പ്രവർത്തകർ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ ഓഫീസുകളിലും വീടുകളിലും ദേശീയപതാക ഉയർത്തുന്നതിനായി വിതരണം ചെയ്യാനാണ് കുടുംബശ്രീ പ്രവർത്തകർ പതാക തയാറാക്കുന്നത്. രണ്ടു ലക്ഷം ദേശീയപതാകയാണ് കുടുംബശ്രീ കോട്ടയം ജില്ലയിൽ നിർമിച്ച് വിതരണം ചെയ്യുന്നത്.
10. കേരള കാർഷിക സർവ്വകലാശാല, സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് യുവാക്കൾക്കായി നടത്തുന്ന കാർഷിക സംരംഭകത്വ പരുപാടി സംഘടിപ്പിക്കുന്നു. 25 മുതൽ 40 വരെയാണ് പ്രായ പരിധി. 2022 ഓഗസ്റ്റ് 17 ന് വെള്ളാനിക്കര കർഷക ഭവനത്തിൽ വെച്ച് രാവിലെ 9.30 മുതൽ നടത്തുന്ന ഏകദിന പരിശീലനത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ 0 4 8 7 - 2 3 7 1 1 0 4 എന്ന നമ്പറിൽ ബന്ധപ്പെടാം.
11. ഹരിത വിപ്ലവത്തിൻ്റെ പിതാവായ സ്വാമിനാഥൻ്റെ 97ാം ജന്മദിനം ആഘോഷിച്ചു. Sustainable Development in Hill and Coastal Ecosystems എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത്. IUCN, WWF തുടങ്ങി നിരവധി അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സ്വാമിനാഥൻ IARI, ICRISAT തുടങ്ങിയവയുടെ സ്ഥാപകനും കൂടിയാണ്.
12. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇതിൻ്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ചെറുതോണി ഡാമിന്റെ ഷട്ടർ 2, 3, 4 എന്നിവ 80 സെന്റി മീറ്റർ വീതം ഉയർത്തി 150 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും.പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് അധികൃതർ.