കോഴിഫാമുകളിലെ പ്രധാന പ്രതിസന്ധിയാണ് മാലിന്യ സംസ്കരണം. കൃത്യമായി മാലിന്യം സംസ്കരിക്കാൻ സാധിച്ചില്ലെങ്കിൽ ദുർഗന്ധം ഉണ്ടാകും. അത് കോഴിഫാമായാലും സ്വന്തം വീടായാലും അങ്ങനെ തന്നെയാണ്. എന്നാൽ കോഴി ഫാമുകളിലെ ദുർഗന്ധം ഒഴിവാക്കാൻ ചിലവ് കുറഞ്ഞ മാർഗം ആയാലോ.. ഇത്തരത്തിൽ ഒരു പദ്ധതിയുമായാണ് ആൻ മരിയയും ജോമിഷയും കോട്ടയത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ എത്തുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളാണ് ഇരുവരും.
കൂടുതൽ വാർത്തകൾ: ഡ്രോണുകൾക്ക് സബ്സിഡി; കർഷകർക്ക് കൈത്താങ്ങായി കൃഷിവകുപ്പ്..കൂടുതൽ അറിയാം
പ്രദേശത്ത് കോഴി ഫാം നടത്തുന്ന നിരവധി കർഷകർക്ക് സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പണച്ചെലവ് വളരെ കുറഞ്ഞ പദ്ധതി പരിചയപ്പെടുത്തുന്നത്. വെച്ചൂർ റൈസ് മില്ലിൽ നിന്ന് ശേഖരിച്ച ഉമിക്കരി, പാൽ, കഞ്ഞി വെള്ളം എന്നിവ മാത്രം ഉപയോഗിച്ചാണ് ഇതിന് വേണ്ടിയുള്ള മിശ്രിതം തയ്യാറാക്കുന്നത്. പാലും കഞ്ഞിവെള്ളവും പ്രത്യേക രീതിയിൽ സൂക്ഷിച്ച് ലാക്ടോ ബാസിലസ് ബാക്ടീരിയ ഉണ്ടാക്കി ഇവ ഉമിക്കരിയുമായി നിശ്ചിത അളവിൽ ചേർത്ത് കോഴി ഫാം മാലിന്യത്തിൽ ചേർക്കുമ്പോൾ മണം ഇല്ലാതാകുന്നു.
മാത്രമല്ല, മാലിന്യത്തിലെ എൻ.പി.കെ യുടെ അളവിൽ വർദ്ധനവുമുണ്ടാകുന്നു എന്നുമാണ് ഇവർ പറയുന്നത്. മഴക്കാലത്ത് മാത്രമല്ല ഏത് കാലവസ്ഥയിലും ഉപയോഗിക്കാവുന്ന ജൈവ വളമായി മാലിന്യം മാറ്റുന്നതാണ് പ്രക്രിയ. വിദ്യാർത്ഥികളുടെ പരീക്ഷണത്തിന് എം.ജി യൂണിവേഴ്സിറ്റി, അമൽ ജ്യോതി എൻജിനീയറിഗ് കോളേജ്, ആർ.ആർ.ഐ എന്നീ സ്ഥാപനങ്ങളുടെ പിന്തുണ കൂടിയുണ്ട്. പരീക്ഷണങ്ങൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദം ആകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും എന്റെ കേരളം പ്രദർശ വിപണന മേളയിൽ എത്തിയത്. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് ഇവരുടെ താമസം.
കോട്ടയത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേള സമാപിച്ചു. സമാപനസമ്മേളനം മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനത്തിൽ വിവിധ വകുപ്പുകൾക്കുള്ള ഉപഹാരങ്ങൾ മന്ത്രി വി. എൻ. വാസവൻ വിതരണം ചെയ്തു.