1. രാജ്യത്ത് പാചകവാതക സിലിണ്ടർ (LPG Cylinder Price) വിലയിൽ വീണ്ടും വർധനവ്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 25.50 രൂപ വർധിച്ചു. ഇതോടെ സിലിണ്ടർ നിരക്ക് 1806 രൂപയായി. ഇന്നുമുതൽ വാണിജ്യ എൽപിജി സിലിണ്ടറിന് (Commercial Cylinder) ഡൽഹിയിൽ 1795 രൂപ, കൊൽക്കത്തയിൽ 1911 രൂപ, മുംബൈയിൽ 1749 രൂപ, ചെന്നൈയിൽ 1960 രൂപ എന്നിങ്ങനെ നൽകേണ്ടി വരും. എല്ലാ മാസവും തുടക്കത്തിലാണ് എണ്ണക്കമ്പനികൾ പാചകവാതക വില പുതുക്കുന്നത്. കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറുകൾക്ക് 14 രൂപയാണ് വർധിപ്പിച്ചിരുന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
കൂടുതൽ വാർത്തകൾ: കോഴിയിറച്ചി വില കുതിക്കുന്നു; 1 മാസത്തിനകം കൂടിയത് 50 രൂപ
2. ചെങ്ങന്നൂർ കുട്ടംപേരൂരിൽ ആറ് വളപ്പ് മത്സ്യകൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ആറിന്റെ ഇരുകരകളിലായി കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തൊഴില്‍ സാധ്യതയും വരുമാനവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫിഷറീസ് വകുപ്പും ബുധനൂര്‍ ഗ്രാമപഞ്ചായത്തും ചേർന്ന് കണ്ടെത്തിയ ഏഴ് കേന്ദ്രങ്ങളിലാണ് മത്സ്യകൃഷി നടത്തുന്നത്. 1.75 ലക്ഷം രൂപയാണ് ഒരു യൂണിറ്റിന് ചെലവ്. ഫിഷറീസ് വകുപ്പിന്റെ 60 ശതമാനം സബ്‌സിഡിയും 40 ശതമാനം ഗുണഭോക്ത വിഹിതവുമുണ്ട്. ശാസ്ത്രീയ കൃഷിപരിപാലനത്തിലൂടെ നാലു മുതല്‍ ആറുമാസക്കാലം കൊണ്ട് 200 ഗ്രാം മുതല്‍ 300 ഗ്രാം വരെയുള്ള മത്സ്യങ്ങളെ വിളവെടുക്കാന്‍ സാധിക്കും.
3. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും. എല്ലാ മാസവും റേഷൻ വ്യാപാരികൾക്ക് സ്റ്റോക്ക് അപ്‌ഡേഷനായി അനുവദിക്കുന്ന അവധി നാളെ ആയിരിക്കും. മാർച്ചിൽ നീല കാർഡുടമകൾക്ക് നിലവിലെ വിഹിതത്തിനു പുറമെ ഒരു കാർഡിന് 4 കിലോ അരിയും വെള്ളകാർഡിന് 5 കിലോ അരിയും 10.90 രൂപ നിരക്കിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. അതേസമയം, നിലവിലെ സർക്കാർ അധികാരത്തിൽവന്നതിനുശേഷം 4,36,447 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. 99,182 മുൻഗണനാ കാർഡുകളും, 3,29,679 എൻ.പി.എൻ.എസ് കാർഡുകളും, 7616 എൻ.പി.ഐ കാർഡുകളും ഉൾപ്പെടെ ആകെ 4,36,447 പുതിയ റേഷൻ കാർഡുകളും വിതരണം ചെയ്തു. കൂടാതെ, 3,78,763 മുൻഗണനാ കാർഡുകളും, 42,832 മഞ്ഞ കാർഡുകളും ഉൾപ്പെടെ 4,21,595 മുൻഗണന കാർഡുകൾ തരം മാറ്റി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4. നെട്ടുകാൽത്തേരി തുറന്ന ജയിലിൽ വിവിധ കാർഷിക പദ്ധതികൾ ആരംഭിച്ചു. കൃഷിവകുപ്പ്, SMAM, SHM എന്നിവയുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവഹിച്ചു. കാർഷിക യന്ത്രങ്ങളുടെ കൈമാറ്റം, കൂൺ കൃഷി യൂണിറ്റ്, തേനീച്ച വളർത്തൽ യൂണിറ്റ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. പരിപാടിയുടെ ഭാഗമായി പച്ചക്കറി കൃഷിയുടെ വിളവെടുപ്പും നടന്നു.