ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ഒല്ലൂർ ബ്രാൻഡ് ഉൽപ്പന്നം പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അടുത്ത ഒരു വർഷത്തിനുള്ളിൽ ഉൽപ്പന്നം വിപണിയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മണ്ണിൽ പണിയെടുക്കുന്ന കർഷകർക്ക് വരുമാനം ലഭിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ഒല്ലൂർ കൃഷി സമൃദ്ധി നടത്തുന്നത്. ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ ശേഖരിച്ച് വിപണിലെത്തിക്കുന്നതിൽ വിജയം കൈവരിക്കാൻ ഒല്ലൂർ കൃഷി സമൃദ്ധിക്ക് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ഒല്ലൂർ കൃഷി സമൃദ്ധി- നേട്ടങ്ങൾ
ഒന്നര മാസത്തിനുള്ളിൽ 38 ടൺ പച്ച തേങ്ങ സംഭരിച്ച് കേരഫെഡിന് കൈമാറാനും ഇതിൽ നിന്ന് ലാഭിച്ച 12 ലക്ഷം രൂപ കേരഫെഡ് വഴി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകാനും ഒല്ലൂർ കൃഷി സമൃദ്ധിക്ക് കഴിഞ്ഞു. പുത്തൂർ, മാന്ദാമംഗലത്ത് ആരംഭിച്ച ലേലചന്തയിൽ 40 ടൺ പഴം, പച്ചക്കറിയാണ് കർഷകരിൽ നിന്ന് ശേഖരിച്ചത്. ജൂലൈ- ആഗസ്റ്റ് മാസത്തിൽ മാത്രം 17 ലക്ഷം രൂപയുടെ വിപണനമാണ് ഒല്ലൂർ കൃഷി സമൃദ്ധി നടത്തിയത്.
ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ 2022 ലെ വാർഷിക പൊതുയോഗം ഒല്ലൂക്കര സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്നു.
കമ്പനി ചെയർമാൻ ശ്രീ. കനിഷ്കൽ കെ.വിൽസൺ അദ്ധ്യക്ഷനായ യോഗത്തിന്റെ ഉദ്ഘാടനം ബഹു. റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ. രാജൻ നിർവഹിച്ചു. കമ്പനി മാനേജിങ്ങ് ഡയറക്ടർ ശ്രീ. എം.എസ്. പ്രദീപ് കുമാർ വാർഷിക റിപ്പോർട്ടും സി.ഇ. ഒ ശ്രീ. ശ്രീജിത്ത് കെ.യു. വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് ശ്രീ. കെ. ആർ. രവി , ആത്മ പ്രോജക്റ്റ് ഡയറക്ടർ ശ്രീമതി. അനു മൈക്കിൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീ. ജിനേഷ് പീച്ചി സ്വാഗതവും ശ്രീമതി. സതി പുഷ്പാകരൻ നന്ദിയും പറഞ്ഞു. രണ്ടാം ഘട്ട ഷെയർ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
നൂതന സാങ്കേതിക വിദ്യയിലൂടെ നെല്ല് ഉല്‍പാദനം കൂട്ടണം
അതേ സമയം, നൂതന സാങ്കേതികവിദ്യയിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നെല്ല് ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് വേണ്ടതെന്ന് റവന്യു മന്ത്രി കെ. രാജന്‍ അഭിപ്രായപ്പെട്ടു.
പൊന്നാനി കോള്‍ വികസന പദ്ധതികളുടെ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. പമ്പ് സെറ്റുകള്‍ കിട്ടുന്നത് സൗകര്യമുള്ള സ്ഥലത്ത് വെക്കുക എന്നത് മാറ്റി മുന്‍ഗണന അടിസ്ഥാനത്തില്‍ നിശ്ചയിക്കുകയാണെങ്കില്‍ KLDCയുടെ നേതൃത്വത്തില്‍ അത്തരം സ്ഥലങ്ങളില്‍ എന്‍ജിന്‍ തറ ഉണ്ടാക്കാനുള്ള നടപടി ആരംഭിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: വിളയിടം അധിഷ്ഠിതമായ കാര്‍ഷിക പ്ലാനുകള്‍ അനിവാര്യം: മന്ത്രി കെ.രാജന്‍