തൃശ്ശൂർ : നാടിന്റെ കാർഷിക മുന്നേറ്റത്തിന് ഒല്ലൂർ മണ്ഡലം കൃഷി സമൃദ്ധി പദ്ധതി നൽകുന്നത് മികച്ച സംഭാവനകളാണ് നൽകുന്നത് ചീഫ് വിപ്പ് അഡ്വ. കെ രാജൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ആൽപ്പാറ മരിയൻ ഗാർഡനിൽ ഒരേക്കറിൽ കൃഷി ചെയ്ത കപ്പയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒല്ലൂർ കൃഷി സമൃദ്ധിയുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നതായും അദ്ദേഹം പറഞ്ഞു. പാവൽ, പടവലം, പയർ, ചുരയ്ക്ക, കുമ്പളം എന്നിവ കുട്ടനല്ലൂരിലെ റോസ് ഗാർഡനിലെ രണ്ടര ഏക്കർ ഭൂമിയിൽ കൃഷി ചെയ്യുന്നുണ്ട്.
ആൽപ്പാറയിൽ മൂന്ന് ഏക്കർഭൂമിയിൽ വർഷക്കാലത്തെ കൃഷികളും നടന്നുവരുന്നുണ്ട്. കൂട്ടാലയിൽ ഏഴര ഏക്കർ ഭൂമിയിൽ റെഡ് ലേഡി പപ്പായയും മുരിങ്ങയും കൃഷി ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുന്നതായും വിത്തുനടീലിന്റെ ഉദ്ഘാടനം ഉടൻ നടക്കുമെന്നും കൃഷി സമൃദ്ധി പ്രസിഡന്റ് റോയ് കാക്കശ്ശേരി പറഞ്ഞു.
ചടങ്ങിൽ വടക്കാഞ്ചേരി കൗൺസിലർ മധു അമ്പലപുരം വിശിഷ്ടാതിഥിയായി. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്,
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ സാവിത്രി സദാനന്ദൻ, അഡ്വ. പി ആർ രജിത്ത്, വാർഡ് മെമ്പർ സുശീല രാജൻ, കൃഷി ഓഫീസർ ടി ആർ അഭിമന്യു, ബാബു കൊള്ളന്നൂർ, ബെന്നി വടക്കൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സംസ്ഥാനത്തെ ആദ്യത്തെ കൃഷി സഞ്ചയിക പദ്ധതി തൃശൂർ ജില്ലയിൽ