Updated on: 9 September, 2022 2:17 PM IST

1. ഓണത്തിന് മുമ്പ് ക്ഷീരകർഷകർക്ക് ഇൻസെന്റീവ് നൽകുമെന്ന പ്രഖ്യാപനം ഫലപ്രാപ്തിയിൽ. കേരളത്തിലെ 1.97 ലക്ഷം കർഷകർക്ക് ലിറ്റർ ഒന്നിന് നാല് രൂപ നിരക്കിൽ മിൽക്ക് ഇൻസെന്റീവ് ലഭിച്ചു. 2022 ജൂലൈയിൽ ക്ഷീരസംഘങ്ങളിൽ പാൽ നൽകിയ കർഷകരാണ് ആനുകൂല്യം നേടിയത്. ക്ഷീരശ്രീ പോർട്ടൽ മുഖേനയാണ് ആനുകൂല്യത്തിനായി രജിസ്‌ട്രേഷൻ ആരംഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടു ലക്ഷത്തോളം കർഷകർ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. പോർട്ടൽ വഴി തന്നെയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം ലഭിച്ചത്. ക്ഷീര സഹകരണ സംഘങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, ക്ഷീരവികസന യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി...കൂടുതൽ കൃഷിവാർത്തകൾ

2. കാർഷികവൃത്തിയിലൂടെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകണമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. നടയകം അരിയുടെ വിപണനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിക്കോടി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ നടയകം പാടശേഖരത്തിൽ കൃഷിചെയ്ത നെല്ലാണ് നടയകം. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കതിരണി പദ്ധതിയുടെ ഭാഗമായാണ് കൃഷി നടന്നത്. പഞ്ചായത്തിന്റെ സഹകരണത്തോടെ നടയകം പാടശേഖര സമിതിയാണ് അരി വിപണിയിലെത്തിച്ചത്. കിലോഗ്രാമിന് 80 രൂപയാണ് അരിയുടെ വില. പുറക്കാട് പാടശേഖര സമിതിയുടെ യൂണിറ്റിലും ഓണചന്തയിലും അരി ലഭ്യമാകും.

3. കയർഫെഡ് ഉൽപന്നങ്ങളുമായി സഞ്ചരിക്കുന്ന ഓണം വിപണനശാല യാത്ര തുടങ്ങി. വിപണനശാലയുടെയും ഓണക്കാല വിപണന പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനം വ്യവസായമന്ത്രി പി. രാജീവ് നിര്‍വഹിച്ചു. കെഎസ്ആര്‍ടിസി ബസ്, കയര്‍ഫെഡ് ഷോറൂമായി രൂപ മാറ്റം വരുത്തിയാണ് വിപണനശാല സജ്ജീകരിച്ചത്. സംസ്ഥാനത്തൊട്ടാകെ കയര്‍ഫെഡിന്റെ നൂറോളം ഓണക്കാല താല്‍ക്കാലിക വിപണനശാലകള്‍ ആരംഭിച്ചിട്ടുണ്ട്. വിപണന ശാലകളിൽ 20 മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാകും.

4. ആലപ്പുഴ മരിയാപുരം കര്‍ഷക വിപണിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് കൃഷിമന്ത്രി പി. പ്രസാദ്. കേരളത്തിലെ കര്‍ഷകരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ഫ്രൂട്ട് ആന്റ് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ നിയന്ത്രണത്തിലാണ് മരിയാപുരം കര്‍ഷക വിപണി പ്രവർത്തിക്കുന്നത്. എടത്വ, വീയപുരം, തകഴി, മുട്ടാര്‍, ചെറുതന പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് വിത്ത് മുതല്‍ വിപണി വരെയുള്ള സേവനങ്ങള്‍ നല്‍കുന്നതിനും കാർഷിക ഉൽപന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മരിയാപുരം കര്‍ഷക വിപണന കേന്ദ്രം ആരംഭിച്ചത്.

5. കൊതിയൂറും വിഭവങ്ങളുമായി തിരുവല്ലയിൽ കുടുംബശ്രീ ജില്ലാതല വിപണന മേളയ്ക്ക് തുടക്കം. മേളയുടെ ഉദ്ഘാടനം എം.എൽ.എ മാത്യു ടി. തോമസ് നിർവഹിച്ചു. ഗുണമേന്മയുമുള്ള കുടുംബശ്രീ ഉൽപന്നങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഓണം മേള സംഘടിപ്പിച്ചത്. തിരുവല്ല താലൂക്കിലെ കുടുംബശ്രീ സംരംഭക യൂണിറ്റുകളിലെ ഉൽപന്നങ്ങളാണ് മേളയിലുള്ളത്. ഭക്ഷ്യവിഭവങ്ങൾക്ക് പുറമെ പൂച്ചെടികൾ, കത്തികൾ, വസ്ത്രങ്ങൾ, സോപ്പ് ഉൽപന്നങ്ങൾ എന്നിവയും മേളയിൽ ലഭ്യമാണ്.

6. സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്കായി 52.34 കോടി രൂപ അനുവദിച്ചതായി തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കശുവണ്ടി, കയർ, ഖാദി, ഫിഷറീസ്, കൈത്തറി, ബീഡി തുടങ്ങിയ വിഭാഗങ്ങളിലെ തൊഴിലാളികൾക്കാണ് തുക അനുവദിച്ചത്. കേരള തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്നും കേരളത്തിന്റെ സാഹചര്യം അനുസരിച്ച് ലേബർ കോഡ് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

7. കുമിളിയിലെ പ്രത്യേക പാൽ പരിശോധന ഇന്ന് അവസാനിക്കും. ക്ഷീരവികസന വകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പരിശോധന നടക്കുന്നത്. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ ജില്ല ഇന്‍ഫര്‍മേഷന്‍ സെന്ററിലും കുമളി ചെക്ക്പോസ്റ്റിലെ പ്രത്യേക പാല്‍ പരിശോധന ലബോറട്ടറിയിലുമാണ് പാൽ പരിശോധന ചെയ്യുന്നത്. ഓണക്കാലത്ത് ശുദ്ധമായ പാലിന്റെ ലഭ്യത ഉറപ്പാക്കുന്നതിനാണ് പ്രത്യേക പാല്‍ പരിശോധന നടത്തുന്നത്. ഓണക്കാലത്ത് പാലിന്റെ ഉപഭോഗം വർധിക്കുന്നതിനാല്‍ അയൽ സംസ്ഥാനങ്ങളിൽ നിന്നും പാല്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.

8. പാലക്കാട് അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസൻ, ഡയറക്ടർമാരായ അബ്ദുൾ കരീം, സുരേഷ് ബാബു എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. ബാങ്കിന്റെ കീഴിൽ എല്ലാവർഷവും ഓണത്തോടനുബന്ധിച്ച് പച്ചക്കറി വിളവെടുപ്പ് നടത്താറുണ്ട്. വിളവെടുത്ത കാർഷിക ഉൽപന്നങ്ങൾ ഓണച്ചന്തയിലൂടെയും ബാങ്കിന് കീഴിലുള്ള കോ-ഓപ് മാർട്ടിലൂടെയും വിപണനം ചെയ്യും.

9. കാലാവസ്ഥ വ്യതിയാനം തിരിച്ചറിഞ്ഞുള്ള കാര്‍ഷിക പ്ലാനുകള്‍ അനിവാര്യമെന്ന് മന്ത്രി കെ.രാജന്‍. വിള അധിഷ്ഠിത കൃഷി എന്നതില്‍ നിന്ന് വ്യത്യസ്തമായി വിളയിടം അധിഷ്ഠിതമായ പ്ലാനാണ് സര്‍ക്കാരിന്റെ ആലോചനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. ഡിടിപിസിയും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന പീച്ചി ഓണാഘോഷത്തിന്റെ ഭാഗമായുള്ള കര്‍ഷക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു വിളയ്ക്ക് പകരം വൈവിധ്യങ്ങളായിട്ടുള്ള വിളകള്‍ കൊണ്ട് കൃഷിയിടങ്ങളെ സമ്പന്നമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്നും കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഭാസങ്ങള്‍ കൃഷി ഉള്‍പ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

10. ഓണസദ്യയ്ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗൾഫിലെത്തിക്കുന്നത് 3,000 ടൺ പച്ചക്കറി. കേരളമുൾപ്പെടെ ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പച്ചക്കറി കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയ്ക്ക് പുറമെ ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്നാം, ഒമാൻ എന്നിവിടങ്ങളിൽ നിന്നും പച്ചക്കറിയെത്തിക്കും. പാലക്കാടൻ മട്ടയുൾപ്പെടെയുള്ള വിവിധയിനം അരികളും കയറ്റുമതി ചെയ്യുന്നുണ്ട്. 6 ഗൾഫ് രാജ്യങ്ങളിക്ക് ലുലു ഗ്രൂപ്പ് എത്തിക്കുന്നത് 150 ടൺ തൂശനിലയാണ്. കൊച്ചിയിൽ നിന്ന് മാത്രം 1,400 ടൺ പഴങ്ങളും പച്ചക്കറികളുമാണ് എത്തിക്കുന്നത്.

11. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും ഈ മാസം 9 വരെയും മല്‍സ്യബന്ധനത്തിന് വിലക്കുണ്ട്.

English Summary: Onam selling bus traveling with Coifed products
Published on: 07 September 2022, 04:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now