1. സാമൂഹ്യസുരക്ഷാ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു, ഇതിനായി 820 രൂപ കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. ഈ ആഴ്‌ച തന്നെ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചു തുടങ്ങും. വിഷുവിനു മുമ്പ് മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലധികം പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ തുക കൈമാറും.
2. കേരള കോഫി ലിമിറ്റഡിന്റെ നേതൃത്വത്തിൽ ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ടിന്റെ ഭാഗമായി കാപ്പിക്കർഷകർക്ക് പരിശീലനം നൽകുന്നു. പ്രൂണിങ്, ഗ്രാഫ്റ്റിങ്, വിളപരിപാലനം, വളപ്രയോഗം, രോഗ-കീട നിയന്ത്രണം, മണ്ണ് പരിശോധന, കോഫി ബോർഡിന്റെ ‘നിങ്ങളുടെ കാപ്പിയെ അറിയുക’ പദ്ധതി, ഇ.യു.ഡി.ആർ നിബന്ധനകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. കോഫി ബോർഡ്, ക്ഷീരസംഘങ്ങൾ എന്നിവയുടെ 17 കേന്ദ്രങ്ങളിലായാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9656158134 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് മഴയ്‌ക്ക് നേരിയ ശമനമുള്ളതിനാൽ ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം തെക്കന്‍ ബംഗാള്‍ ഉൾക്കടലിലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ചൊവ്വാഴ്ചയോടെ ഇത് സീസണിലെ ആദ്യ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി വാരാന്ത്യത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.