രാജ്യത്ത് ഉള്ളി വില കുത്തനെ ഉയർന്നു. നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സവാള വില്‍ക്കുന്നത്. അന്‍പത് രൂപയ്ക്ക് മുകളിലേക്കാണ് സവാള വില ഉയര്‍ന്നത്. ഡൽഹിയിലും രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലും ഉള്ളി വില കിലോയ്ക്ക് 70 മുതൽ 80 രൂപ വരെയായി ഉയർന്നതായാണ് റിപ്പോർട്ട്. ഗുഡ്ഗാവ്, ജമ്മു എന്നിവിടങ്ങളിൽ കിലോഗ്രാമിന് 60 രൂപ വിലവർദ്ധിച്ചു.ഇതിനെ തുടർന്ന് ഉള്ളി വ്യാപാരികൾക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം..ഉള്ളി കയറ്റുമതി നിയന്ത്രിക്കുന്നതിനായി സർക്കാർ മിനിമം കയറ്റുമതി വില ടണ്ണിന് 850 ഡോളറായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. സെപ്റ്റംബർ 13ന് പുറത്തിറക്കിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനം അനുസരിച്ച് എല്ലാത്തരം ഉള്ളികൾക്കും ഒരു മെട്രിക് ടണ്ണിന് 850 ഡോളർ എന്ന മിനിമം എക്‌സ്‌പോർട്ട് വിലയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്ര, കർണാടക, മറ്റ് തെക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിളനാശവും പുതിയ വിളയുടെ വരവ് കുറഞ്ഞതും വില കുത്തനെ ഉയരാൻ കാരണമായി. ദേശീയ ഉല്‍പാദനത്തിന്റെ 33 ശതമാനത്തിലധികം ഉള്ളി കൃഷി ചെയ്യുന്ന ഏറ്റവും വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിലെ മാന്‍ഡിസില്‍ ഏപ്രില്‍ മുതല്‍ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽക്കുന്നത് സംഭരിച്ചിരിക്കുന്ന ഉള്ളിയാണെന്നും നവംബർ മുതൽ മാത്രമേ പുതിയ ഉള്ളി വിപണിയിൽ എത്തുകയുള്ളൂവെന്നും വ്യാപാരികൾ പറയുന്നു.