കുതിച്ചുയരുന്ന പച്ചക്കറി വിലക്കയറ്റം തടയുന്നതിന് ഡൽഹിയിൽ ഇന്ന് മുതൽ ഉള്ളി കിലോയ്ക്ക് 25 രൂപ നിരക്കിൽ വിൽക്കും. വില നിയന്ത്രിക്കുന്നതിന് വേണ്ടി സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണിത്.
നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ്റെ (National Cooperative Consumers Federation- NCCF) റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി സബ്‌സിഡി നിരക്കിലാണ് ഉള്ളി വിൽക്കുന്നത്. നിലവിൽ nccf ൻ്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി തക്കാളി കിലോയ്ക്ക് 40 രൂപ നിരക്കിൽ വിൽക്കുന്നുണ്ട്. മൊബൈൽ വാനുകളിലും 2 റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഉള്ളി 25 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് എൻസിസിഎഫ് മാനേജിംഗ് ഡയറക്ടർ അനീസ് ജോസഫ് ചന്ദ്ര പറഞ്ഞു.സർക്കാരിൻ്റെ ബഫർ സ്റ്റോക്കിലുള്ള സവാള ഇന്ന് മുതൽ NCCF ൻ്റെ ഔട്ട്ലെറ്റുകൾ വഴി ചില്ലറ ഉപഭോക്താക്കളിലേക്ക് എത്തിക്കും
സബ്‌സിഡിയിൽ ഉള്ളി വിൽക്കാൻ വിവിധ സ്ഥലങ്ങളിലായി 10 മൊബൈൽ വാനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും, നെഹ്‌റു പ്ലേസിലും ഓഖ്‌ലയിലും ഉള്ള ചില്ലറ വിൽപന കേന്ദ്രങ്ങൾ കിലോയ്ക്ക് 25 രൂപ നിരക്കിൽ ഉള്ളി വിൽക്കുമെന്നും, വരും ദിവസങ്ങളിൽ ഓൺലൈൻ വിപണിയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സിൽ ( ONDC) കുറഞ്ഞ വിലയ്ക്ക് ഉള്ളി വിൽക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സവാളയുടെ ബഫർ സ്റ്റോക്ക് 3 ലക്ഷം മെട്രിക്ക് ടണിൽ നിന്നും 5 ലക്ഷം മെട്രിക്ക് ടണ്ണാക്കി ഉയർത്തിയിട്ടുണ്ടായിരുന്നു.
വിലക്കയറ്റം നേരിടാൻ സംഭരിച്ച ഉള്ളി ഡൽഹിയിലെ മൊത്ത, ചില്ലറ വിപണികളിൽ വിൽക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറമെ ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചൽ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ സബ്സിഡിയിൽ സവാള വിൽക്കും.
കടുത്ത വേനൽ മൂലം വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം, ഓഗസ്റ്റിലെ കണക്ക് അനുസരിച്ച് സവാളയ്ക്ക് കിലോ 27 രൂപ 90 പൈസയാണ് ഇന്ത്യയിലെ റീട്ടെയിൽ വില, കഴിഞ്ഞ വർഷത്തെ കണക്ക് അനുസരിച്ച് നോക്കുമ്പോൾ കിലോയ്ക്ക് 2 രൂപയുടെ അധിക വർധനവ് ഇക്കുറി ഉണ്ട്.
സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിൽ ക്രമാതീതമായ വർധനവ് ഉണ്ടെന്ന് റിസർവ് ബാങ്ക് ബുള്ളെറ്റിൻ പുറത്ത് വന്നിരുന്നു, ഇതിന് പിന്നാലെയാണ് സവാള കയറ്റുമതിക്ക് 40 ശതമാനം തീരുവ ഏർപ്പെടുത്തിയത്.
ബന്ധപ്പെട്ട വാർത്തകൾ: കർഷകന് സമൂഹത്തിൽ മികച്ച സ്ഥാനവും വിലയുമുള്ള കാലം വരും: നടൻ മമ്മൂട്ടി