1. ഓണക്കാലത്ത് വെള്ള റേഷൻ കാർഡുകാർക്ക് 2 കിലോ അരി മാത്രം ലഭിക്കും. ജൂലൈയിൽ 7 കിലോ അരിയും അതിനുമുമ്പ് 10 കിലോ വരെയും ലഭിച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ അരിവിഹിതം വെട്ടിക്കുറച്ചത്. ഓഗസ്റ്റിൽ വെള്ള, നീല റേഷൻ കാർഡുകാർക്ക് ആട്ടയും ലഭിക്കില്ല.
എന്നാൽ സ്റ്റോക്കുള്ള സ്ഥലങ്ങളിൽ ആട്ട പാക്കറ്റ് നൽകും, വിതരണത്തിന് പുതിയ ആട്ട അനുവദിക്കില്ല. അതേസമയം, മഞ്ഞ കാർഡിന് 2 കിലോ, പിങ്ക് കാർഡിന് 3 കിലോ ആട്ട വീതം ലഭിക്കും. സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തിൽ ഇത്തവണ എല്ലാ റേഷൻ കാർഡുകാർക്കും ഓണക്കിറ്റ് ലഭിക്കില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. മഞ്ഞ റേഷൻ കാർഡുകാർക്കും, ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്താനാണ് സാധ്യത.
2. നെല്ല് സംഭരണത്തിൽ പ്രതിസന്ധി നിലനിൽക്കെ സപ്ലൈകോയും കേരള ബാങ്കും തമ്മിൽ ധാരണയായി. കർഷകർക്ക് നെല്ലിന്റെ സംഭരണ വില ഭാവിയിൽ കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനായി സപ്ലൈകോയും കേരള ബാങ്കും സഹകരിക്കും. ഭക്ഷ്യമന്ത്രി ജിആർ അനിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ച നടന്നു. നെല്ലിന്റെ സംഭരണ വില വിതരണം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കുന്നതിന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറും സപ്ലൈകോ ചെയർമാനും കേരള ബാങ്ക് ഉന്നത അധികാരികളുമായി ഓഗസ്റ്റ് ഏഴിന് ചർച്ച നടത്തും.
കൂടുതൽ വാർത്തകൾ: Thiruvonam Bumper; ആദ്യദിനം റെക്കോർഡ് വിൽപന! ഒന്നാം സമ്മാനം 25 കോടി
3. കനത്ത വേനൽക്കാലത്തും പച്ചക്കറി ലഭ്യത ഉറപ്പാക്കാൻ ദോഹയിൽ സൗജന്യമായി ഗ്രീൻ ഹൗസ് വിതരണം ചെയ്യുന്നു. പച്ചക്കറി കർഷകർക്ക് പ്രജോദനം നൽകുന്നതിനായി ഉൽപാദനക്ഷമത കൂടിയ ഫാമുകൾക്ക് നഗരസഭ മന്ത്രാലയമാണ് ഗ്രീൻ ഹൗസുകൾ നൽകുന്നത്. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ 3478 ഗ്രീൻ ഹൗസുകളാണ് വിതരണം ചെയ്യുന്നത്. ഗ്രീൻ ഹൗസിന് പുറമെ, വിത്തും, വളവും കാർഷിക ഉപകരണങ്ങളും കർഷകർക്ക് ലഭ്യമാക്കും.