ആലപ്പുഴ: വിഷരഹിത പച്ചക്കറി ഉത്പാദനത്തിനും ഉപയോഗത്തിനും സ്‌കൂളുകളെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം കോടംതുരുത്ത് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ദലീമ ജോജോ എം.എല്‍.എ. നിര്‍വഹിച്ചു.
പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ 26 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കിലയുടെയും എം.കെ.എസ്.പി.യുടെയും നേതൃത്വത്തിലാണ് സ്‌കൂളുകളില്‍ വിഷ രഹിത പച്ചക്കറി കൃഷി ചെയ്യുന്നത്.
നൂതനമായ കാര്‍ഷിക സാങ്കേതിക വിദ്യകള്‍, പച്ചക്കറി തൈകളുടെ ഉത്പാദനം, നടീല്‍, പരിപാലനം, ചെടിച്ചട്ടികളില്‍ നിറയ്ക്കാന്‍ ആവശ്യമായ ജീവാണു വളത്തിന്റെ നിര്‍മാണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കിലയും എം.കെ.എസ്.പി.യും ചേര്‍ന്ന് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനവും നല്‍കും. ആദ്യഘട്ടമായി ഓരോ സ്‌കൂളിലേക്കും 25 വീതം ചെടിച്ചട്ടികളും വിതരണം ചെയ്തു.
ചടങ്ങില്‍ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയപ്രതാപന്‍, സ്‌കൂള്‍ പ്രധാനധ്യാപിക ബിന്ദു, മദേഴ്‌സ് പി.ടി.എ പ്രസിഡന്റ് റസിയ തുടങ്ങിയവര്‍ പങ്കെടുത്തു.