കണ്ണൂർ ജില്ലയിലെ മത്സ്യത്തൊഴിലാളി വനിതകൾക്ക് സൂക്ഷ്മ തൊഴിൽ സംരംഭ യൂണിറ്റുകൾ തുടങ്ങാനുള്ള ധനസഹായത്തിനായി അപേക്ഷിക്കാം. കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തരം തിരമൈത്രി പദ്ധതിയുടെ കീഴിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളുടെ കൂട്ടായ്മയിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്. രണ്ട് പേർ മുതൽ അഞ്ച് പേർ വരെ ഗ്രൂപ്പിൽ അംഗങ്ങളായിരിക്കണം. കൂട്ടായ്മയിലെ ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. അതായത് അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം വരെ ലഭിക്കുന്നു.
അപേക്ഷ നൽകാൻ അർഹരായവർ ആരൊക്കെ?
- അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും, ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ FIMS ൽ ഉൾപ്പെടുന്നവരും, കണ്ണൂർ ജില്ലയിലെ സ്ഥിര താമസക്കാരും ആയിരിക്കണം.
- പ്രായപരിധി 50 വയസ് വരെ ആയിരിക്കണം.
- വിധവകൾ, ട്രാൻസ് ജെൻഡർ, ഭിന്നശേഷിക്കാർ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുള്ള അമ്മമാർ എന്നിവർക്ക് ഗ്രാന്റിന് മുൻഗണന ലഭിക്കും. ഈ വിഭാഗത്തിലുള്ളവർക്ക് വ്യക്തിഗത ആനുകൂല്യമായും ധനസഹായം ലഭിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ‘ഞങ്ങളും കൃഷിയിലേക്ക്’ കാര്‍ഷികമേഖലയുടെ പുതിയ അധ്യായം: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
ഏതൊക്കെ സംരംഭങ്ങൾ ആരംഭിക്കാം?
ടൈലറിംഗ്, ഗാർമെന്റ്സ്, ക്ലീനിംഗ് അല്ലെങ്കിൽ സാനിറ്ററി ഉൽപന്നങ്ങളുടെ ഉൽപാദനവും വിപണനവും, കമ്പ്യൂട്ടർ സെന്റർ/ഡിടിപി/മറ്റ് ഓൺലൈൻ സേവനങ്ങൾ, ഓൺലൈൻ സൗകര്യത്തോടെയുള്ള ട്യൂഷൻ സെന്റർ, ഹോം ഡെലിവറിയോടെയുള്ള പ്രൊവഷണൽ സ്റ്റോർ, ഐടി സംരംഭങ്ങൾ, ടൂറിസം, മെഡിക്കൽ സ്റ്റോർ, മെഡിക്കൽ ലാബ്, നഴ്സറി ഗാർഡൻ, വളർത്തുമൃഗങ്ങളുടെ പരിപാലനവും വിൽപനയും, കാറ്ററിംഗ് സർവീസ്/ഈവന്റ് മാനേജ്മെന്റ്, ബേക്കറി, ബ്യൂട്ടി പാർലർ, ഫാഷൻ ഡിസൈനിംഗ്, ബ്യൂട്ടീക്ക്, ഹൌസ് കീപ്പിംഗ്, ലോൺട്രി, ഡ്രൈ ക്ലിനിംഗ് യൂണിറ്റ്, മൂല്യാധിഷ്ടിത ഭക്ഷ്യോൽപന്നങ്ങൾ, ഫ്ലോർ മില്ല്, നൂതന സംവിധാനമുള്ള മത്സ്യ വിപണനം, ഹോട്ടൽ, കാറ്ററിംഗ്, മോഡേൺ ഡ്രയർ സംവിധാനമുള്ള ഉണക്ക മത്സ്യ വിപണനം.
അപേക്ഷ നൽകാൻ ആവശ്യമായ രേഖകൾ
- മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് പാസ്ബുക്കിന്റെ ആദ്യത്തെ പേജ്, അംഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ പേജ്, 2022-23 വർഷത്തെ ക്ഷേമനിധി വിഹിതം അടച്ച പേജ്
- റേഷൻ കാർഡ്
- ആധാർ കാർഡ്
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 30 ആണ്. സാഫിന്റെ കണ്ണൂർ ജില്ലാ ഓഫീസിലും, കണ്ണൂർ, തലശേരി, അഴീക്കൽ, മാടായി എന്നീ മത്സ്യഭവനുകളിലും അപേക്ഷ ഫോം ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് 7902502030, 854 7 439623, 9526239623, 0497 2732487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.