തൃശ്ശൂർ: കാര്‍ഷിക യന്ത്രവത്കൃത പദ്ധതിപ്രകാരം കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ, മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും സബ്‌സിഡിയോടെ വാങ്ങാന്‍ അവസരം. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 മുതല്‍ 60% വരെയും കര്‍ഷക കൂട്ടായ്മകള്‍, എഫ് പി ഒ-കള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40% സാമ്പത്തിക സഹായവും നല്‍കുന്നു.
യന്ത്രവത്ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായി ഫെബ്രുവരി ഒന്നു മുതല്‍ agrimachinery.nic.in/index വെബ്‌സൈറ്റ് മുഖേന നല്‍കാം. അപേക്ഷിക്കുന്ന ഗ്രൂപ്പുകള്‍ക്ക് പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷന്‍, കുറഞ്ഞത് എട്ട് അംഗങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാര്‍ശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. രജിസ്റ്റര്‍ ചെയ്തിട്ട് കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് മുന്‍ഗണന ലഭിക്കും. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകളുടെ അപേക്ഷകള്‍ പരിഗണിക്കില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും കൃഷിഭവനുമായും ബന്ധപ്പെടുക. ഫോണ്‍: 9946202854, 9383471425, 9383471423.