കാന്തല്ലൂര്‍ മലനിരകളില്‍ ഓറഞ്ച് വിളവെടുപ്പ് തുടങ്ങി. പന്ത്രണ്ടായിരത്തോളം ഓറഞ്ച് മരങ്ങളിലാണ് ഓറഞ്ച് പാകമായി കിടക്കുന്നത്. നാഗ്പൂര്‍, കിനു, നാടന്‍ ഓറഞ്ച് എന്നീ ഇനങ്ങളാണ് ഇവിടെ വിളഞ്ഞ് പാകമായി കിടക്കുന്നത്. ഗുണമേന്‍മ കൊണ്ടും,വലിപ്പം കൊണ്ടും കാന്തല്ലൂര്‍ ഓറഞ്ച് ഏറെ മുന്‍പിലാണ്. നാഗ്പൂര്‍ ഓറഞ്ചാണ് ഇവിടെ കൂടുതലായി കൃഷി ചെയ്യുന്നത്.
2012-13 വര്‍ഷത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ 'ഒരു വീട് ഒരു ഫലവൃക്ഷം' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഗ്പൂര്‍ തൈകള്‍ കൃഷിവകുപ്പ് വിതരണം നടത്തിയതോടുകൂടിയാണ് ഓറഞ്ച് കൃഷി കൂടുതല്‍ വ്യാപകമായത്. അതിനു മുന്‍പ് നാടന്‍ തൈകള്‍ ആയിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. ഒരു കിലോ ഓറഞ്ചിന് 50 രൂപ മുതല്‍ 60 രൂപയ്ക്കാണ് ഫാം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് കര്‍ഷകര്‍ നല്കി വരുന്നത്. മറയൂര്‍, കോവില്‍ക്കടവ് ടൗണുകളിലും കാന്തല്ലൂര്‍ ഓറഞ്ച് ലഭിച്ചുവരുന്നു.
നാടന്‍ തൈ നട്ടാല്‍ 10 വര്‍ഷം കഴിഞ്ഞേ വിളവ് ലഭിക്കുകയുള്ളൂ. എന്നാല്‍ നൂറു വര്‍ഷം വരെ തുടര്‍ച്ചയായി വിളവ് ലഭിക്കും. ബഡ്തൈകള്‍ െവച്ചാല്‍ അടുത്ത വര്‍ഷം പൂവാകും. ആദ്യ പൂവെല്ലാം പറിച്ചു കളഞ്ഞ് അടുത്ത വര്‍ഷം മുതലാണ് വിളവെടുക്കുന്നത്. ബഡ്തൈകള്‍ 25 വര്‍ഷം വരെ വിളവ് തരും.
നവംബര്‍ മുതല്‍ ജനുവരി വരെയാണ് വിളവെടുപ്പു കാലം. ആട്ടിന്‍ചാണകവും ബോറോമിക്സുമാണ് കൃഷിക്കായ് ഉപയോഗിച്ചുവരുന്നത്. ഇവിടുത്തെ കാലാവസ്ഥയില്‍ നനവ് കുറച്ചു മതി. ഗുണനിലവാരം കുടുതലായതിനാല്‍ മറ്റ് ഓറഞ്ചുകളേക്കാള്‍ 20 രൂപ കൂടുതലായി കാന്തല്ലൂര്‍ ഓറഞ്ചിന് ലഭിച്ചു വരുന്നു.പെട്ടെന്ന് തൊലി പൊളിക്കുവാന്‍ കഴിയുന്നതും ജ്യൂസ് കൂടുതലുള്ളതിനാലും മധുരമേറിയതിനാലും കാന്തല്ലൂര്‍ ഓറഞ്ച് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു.