1. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കന്നുകാലി ഇൻഷുറൻസ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു. ഇൻഷുറൻസ്, മൃഗസംരക്ഷണ വകുപ്പുകൾ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് സംസ്ഥാനത്ത് കന്നുകാലി ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. ധനകാര്യ മന്ത്രി ശ്രീ. കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി എന്നിവരുടെ സാന്നിധ്യത്തിൽ, ഇൻഷുറൻസ് ഡയറക്ടറുടെ ചുമതലയുള്ള ബുഷ്റ എസ്. ദീപ, മൃഗസംരക്ഷണ അഡീഷനൽ ഡയറക്‌ടർ ഡോ. കെ.സിന്ധു, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡപ്യൂട്ടി ജനറൽ മാനേജർ ജെന്നി പി. ജോൺ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. പദ്ധതിയിലെ ആദ്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റും ചടങ്ങിൽ പ്രകാശനം ചെയ്‌തു. ആദ്യഘട്ടത്തിൽ അമ്പതിനായിരം കന്നുകാലികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്. ഈ വർഷത്തിനുള്ളിൽ ഒരുലക്ഷം കന്നുകാലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
2. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലുളള സര്‍ക്കാര്‍ ക്ഷീരപരിശീലനകേന്ദ്രത്തില്‍ നവംബർ 4 മുതല്‍ 8 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍, സംരംഭർ എന്നിവർക്കായി 'ശാസ്ത്രീയ പശുപരിപാലനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആധാര്‍ അല്ലെങ്കിൽ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ താല്‍പര്യമുള്ളവര്‍ നവംബർ 2 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് 04922 226040, 9446521303 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.
3. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് വീശുന്ന തുലാവർഷക്കാറ്റിന്റെ സ്വാധീനം വർദ്ധിച്ചതോടെയാണ് ഒരിടവേളക്കുശേഷം വീണ്ടും മഴ കനക്കുന്നത്. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.