നാടന്‍ കിഴങ്ങുകളുടെയും വിത്തുകളുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും കൈമാറ്റ കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തി 'കുംഭവിത്തു മേള'ക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കം. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന 'പച്ചക്കുട - കുംഭവിത്തു മേള' ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.
സമ്പന്നമായ കാര്‍ഷികസംസ്‌കൃതിയെ ഇന്നും നെഞ്ചേറ്റുന്ന ഇരിങ്ങാലക്കുടക്കാര്‍ക്ക് പഴയകാല മാറ്റച്ചന്തകളുടെ അനുഭവം വീണ്ടെടുത്തുകൊടുക്കുന്നതിനാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അന്യംനിന്നുപോയെന്നു കരുതിയ സംസ്കാരമാണ് മാറ്റച്ചന്ത. ഉത്പാദനത്തിലും സംഭരണത്തിലും വിപണനത്തിലും കര്‍ഷകരോട് ഒപ്പം നില്‍ക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഈ ബോധ്യമാണ് പച്ചക്കുട എന്ന സമഗ്ര കാര്‍ഷിക പദ്ധതി കാര്‍ഷിക മണ്ഡലമായ ഇരിങ്ങാലക്കുടയില്‍ നടപ്പിലാക്കുന്നത്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി സുഭിക്ഷ കേരളം, ഞങ്ങളും ക്യഷിയിലേക്ക് എന്നീ പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
നിയോജക മണ്ഡലത്തിന്റെ സമഗ്ര കാര്‍ഷികപുരോഗതി ലക്ഷ്യമിടുന്ന 'പച്ചക്കുട'യില്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട എല്ലാവരും പങ്കാളികളാണ്. നാടന്‍ചന്തയ്ക്ക് പുറമെ 'നാനോ യൂറിയ' പോലെയുള്ള കാര്‍ഷികമേഖലയിലെ പുത്തന്‍ പ്രയോഗങ്ങളും മേളയിലുണ്ട്. വിവിധയിനം കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വിത്തുകള്‍, പച്ചക്കറിത്തൈകളും വിത്തുകളും, കാര്‍ഷിക യന്ത്രങ്ങള്‍, ജീവാണു വളങ്ങള്‍, ജൈവ-രാസ വളങ്ങള്‍, അലങ്കാര സസ്യങ്ങള്‍, പൂച്ചെടികള്‍, കാര്‍ഷികോപകരണങ്ങള്‍, കുടുംബശ്രീ ഉല്‍പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ചക്ക ഉല്‍പന്നങ്ങള്‍, ലൈവ് ഫിഷ് കൗണ്ടര്‍ എന്നിങ്ങനെ വിപുലമായ പ്രദര്‍ശനവും വിപണനവും മേളയില്‍ ഒരുക്കി. വിദഗ്ദ്ധരായ കാര്‍ഷികശാസ്ത്രജ്ഞര്‍ നയിക്കുന്ന കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, കാര്‍ഷിക ഫോട്ടോഗ്രഫി പ്രദര്‍ശനം, ഇരിങ്ങാലക്കുട സ്റ്റേറ്റ് അഗ്മാര്‍ക്ക് ഗ്രേഡിംഗ് ലബോറട്ടറിയുടെ പ്രദര്‍ശനം, പരിശീലന പരിപാടി എന്നിവയും പച്ചക്കുട - കുംഭവിത്തു മേളയുടെ ഭാഗമാണ്.
ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണീയ ഗിരി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ഇ കെ അനൂപ്, സീമ പ്രേംരാജ്, ടി വി ലത എന്നിവര്‍ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് മിനി സ്വാഗതവും കൃഷി ഓഫീസര്‍ യു എ ആന്‍സി നന്ദിയും പറഞ്ഞു.