മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിന്റെ നിർദേശപ്രകാരം ചെന്നിത്തല എട്ടാം ബ്ലോക്കിൽപാടശേഖരത്തിൽ ‘ഇരട്ടവരി നെൽകൃഷി’ തുടങ്ങി.
ഇവിടെ പതിവായി വിളവു കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് പുതിയ പരീക്ഷണം.
ശത്രുകീടങ്ങളുടെ ശല്യം മൂലം വിളവു കുറയുന്നതായി കാട്ടി 8–ാം ബ്ലോക്കിൽ മൂന്നര ഏക്കറിൽ കൃഷി ചെയ്യുന്ന ഒറ്റതെങ്ങിൽ ഷാനി സാജന്റെ ആവശ്യപ്രകാരമാണ് ഇരട്ടവരി കൃഷി ചെയ്യുന്നത്.
ഇതിനായി ഉമ ഇനത്തിലുള്ള നെൽവിത്തു പാകി പ്രത്യേക സംരക്ഷണം നൽകി കിളിർപ്പിച്ചാണ് നടീലിനു പരുവമാക്കിയത്.
നെൽച്ചെടികൾ തമ്മിൽ 15 സെന്റീമീറ്ററും വരികൾ തമ്മിൽ 35 സെന്റീമീറ്ററുമായി അകലം ക്രമീകരിച്ചുള്ള തരം കൃഷി രീതിയാണ് മങ്കൊമ്പ് കീട നീരക്ഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ ചെന്നിത്തലയിൽ പരീക്ഷിക്കുന്നത്.
സാധാരണ വിളകളെക്കാൾ 25% വിളവ് അധികമായി വർധിക്കുമെന്നാണ് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുള്ളതെന്ന് കേന്ദ്രത്തിലെ ഫീൽഡ് അസിസ്റ്റന്റുമാരായ സുനിതയും, മനോജും പറഞ്ഞു. 20 തൊഴിലാളികൾ ചേർന്ന് 3 ദിവസം കൊണ്ട് കൊണ്ട് മൂന്നേക്കറിലെ നടീൽ പൂർത്തിയാക്കുമെന്ന് കർഷക ഷാനി പറഞ്ഞു.