നെല്ല് സംഭരണത്തിനായി ഓൺലൈൻ രജിസ്ട്രേഷനായി തയ്യാറെടുക്കുന്ന കർഷകർക്ക് അക്കൗണ്ട് മാറ്റം സാധ്യമാകുന്നത് നെല്ലിന്റെ പാഡി രസീത് സ്ലിപ് (പിആർഎസ്) ലഭിച്ചതിന് ശേഷം മാത്രം. കർഷകർ രജിസ്‌ട്രേഷൻ നീട്ടി വെക്കുന്നത് ഒഴിവാക്കാൻ കൊയ്ത്തു കഴിഞ്ഞ്, ആവശ്യമെങ്കിൽ അക്കൗണ്ട് മാറ്റി നൽകുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. ഇതനുസരിച്ച് കർഷകർക്ക് നിലവിലുള്ള അക്കൗണ്ടിൽ നിന്ന് തന്നെ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നു.
പിആർഎസ് ലഭിച്ച ശേഷം, ബാങ്കുകളുടെ അന്നന്നത്തെ നിലപാട് അനുസരിച്ച്, ഏതു ബാങ്കാണ് വായ്പ നൽകുന്നത്, ആ ബാങ്കിലേക്കാണ് കർഷകർക്ക്, അക്കൗണ്ട് മാറ്റിയെടുക്കാൻ സാധിക്കുക. ഒറിജിനൽ പിആർഎസ്, പുതിയ ബാങ്കിൻ്റെ പാസ്ബുക്ക്, തിരിച്ചറിയൽ രേഖ എന്നിവയുമായി അയ്യന്തോളിലുള്ള പാഡി ഓഫീസിൽ വന്നാൽ അക്കൗണ്ട് മാറ്റി എടുക്കാം.
ബാങ്ക് ഓഫ് ഇന്ത്യ, ജില്ല കോ ഓപ്പറേറ്റിവ് ബാങ്ക്, എസ്.ബി.ഐ, ഫെഡറൽ ബാങ്ക്, കനറാ, എസ്ഐബി, പഞ്ചാബ് നാഷ്ണൽ ബാങ്ക്, വിജയ ബാങ്ക് എന്നീ ബാങ്കുകൾ സപ്ലൈകോയുമായി പിആർഎസ് ലോൺ കൊടുക്കാമെന്ന് കരാർ ഉള്ളവരാണ്. കുടിശ്ശിക ലഭിക്കുന്നത് അനുസരിച്ച്, പല ബാങ്കുകളും വായ്പ നൽകി തുടങ്ങിയിട്ടുണ്ട്. അതിനാൽ പിആർഎസ് അടച്ച ശേഷം മാത്രമാണ് കർഷകർക്ക് അക്കൗണ്ട് മാറ്റം സാധ്യമാവുക എന്ന് പാഡി ഓഫീസർ അറിയിച്ചു. കർഷകരുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15ന് അവസാനിക്കും.