Updated on: 31 October, 2023 7:56 PM IST
ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചു; ഇതുവരെ സംഭരിച്ചത് 1791.98 മെട്രിക് ടണ്‍ നെല്ല്

പാലക്കാട്: ജില്ലയില്‍ ഒക്ടോബര്‍ ആദ്യവാരത്തോടെ നെല്ല് സംഭരണം ആരംഭിച്ചതായും ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 11 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. ജില്ലയില്‍ ആലത്തൂര്‍ താലൂക്കിലാണ് നെല്ല് സംഭരണം ആരംഭിച്ചത്. നെല്ല് സംഭരണത്തിനായി കൃഷി വകുപ്പില്‍ നിന്ന് 18 കൃഷി അസിസ്റ്റന്റുമാരെ പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റായി നിയമിച്ചിട്ടുണ്ട്. കൂടാതെ സപ്ലൈകോ 20 പേരെ ദിവസവേതനാടിസ്ഥാനത്തിലും നിയമിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ 49,730 പേര്‍ നെല്ല് സംഭരണത്തിനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്റെ എണ്ണം കൂട്ടാനുള്ള നടപടി സ്വീകരിക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ക്ക് എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, കെ. ബാബു എന്നിവര്‍ നിര്‍ദേശം നല്‍കി. ആവശ്യമാകുന്ന മുറയ്ക്ക് പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റുമാരുടെ സേവനം ഉറപ്പാക്കണമെന്ന് കെ. ബാബു എം.എല്‍.എ പറഞ്ഞു.

മാലിന്യസംസ്‌കരണം ഉറപ്പാക്കണം: ജില്ലാ കലക്ടര്‍

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങളിലും ഓഫീസുകളിലും മാലിന്യസംസ്‌കരണം ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പടെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവരുത്. ജൈവ അജൈവ മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് ബിന്നുകളില്‍ നിക്ഷേപിക്കണം. ഹരിതകര്‍മ സേനയ്ക്ക് എടുക്കാന്‍ കഴിയുന്ന രീതിയില്‍ മാലിന്യം വേര്‍തിരിച്ച് നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സിവില്‍ സ്‌റ്റേഷന്‍ പരിസരത്തും ഓഫീസുകള്‍ക്ക് മുന്‍പിലും മാലിന്യം കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. മാലിന്യസംസ്‌കരണവും ശുചിത്വവുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിവ്യൂ നടത്തണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

പച്ചത്തേങ്ങ സംഭരണത്തിന് സഹകരണ ബാങ്കുകളുമായി യോഗം ചേരണം: മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ

പച്ചത്തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങളെയും എം.എല്‍.എമാരെയും ഉള്‍പ്പെടുത്തി യോഗം ചേരണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. പട്ടാമ്പി സഹകരണ ബാങ്ക് മുതുതലയില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിക്കാന്‍ പോകുകയാണെന്നും ഇത്തരത്തില്‍ സന്നദ്ധരായ മറ്റ് ബാങ്കുകളെ കൂടി ഇതിനായി കൂട്ടിച്ചേര്‍ക്കുന്നതിന് ആലോചിക്കാവുന്നതാണെന്നും എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ ഇതുവരെ 85 മെട്രിക് ടണ്‍ പച്ചത്തേങ്ങ സംഭരിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ലക്ഷം വീടുകളുടെ പുനരുദ്ധാരണം: ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കണം

ലക്ഷം വീടുകള്‍ ഒറ്റവീടുകളാക്കി നിര്‍മിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ലൈഫ് മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, എസ്.സി, എസ്.ടി വകുപ്പുകള്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഒരു മാസത്തിനകം ലഭ്യമാക്കണമെന്ന് ജോയിന്റ് ഡയറക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ പൂട്ടിക്കിടക്കുന്ന തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നല്‍കുന്നതിന് അര്‍ഹരായ തൊഴിലാളികളെ കണ്ടെത്തി ആനുകൂല്യം നല്‍കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. മലമ്പുഴ കേന്ദ്രീകരിച്ചുള്ള തോട്ടം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിന് സിറ്റിങ് നടത്തി അര്‍ഹരെ കണ്ടെത്തി ലഭ്യമാക്കുന്നതിന് തീരുമാനമെടുക്കാമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കണം: അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ

നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാനം കഴിഞ്ഞ ജില്ലയിലെ ടേക്ക് എ ബ്രേക്ക് കെട്ടിടങ്ങള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ടാകരുതെന്നും ഇവ പ്രവര്‍ത്തനക്ഷമമാകണമെന്നും അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. കാഞ്ഞിരപ്പുഴ ഡാമില്‍ നിന്ന് വെള്ളമെടുത്ത് വിതരണം നടത്തുന്ന കാഞ്ഞിരപ്പുഴ, കരിമ്പ പൈപ്പ് ലൈന്‍ വര്‍ക്കുകളുടെയും പാറക്കല്ലിലുള്ള വാട്ടര്‍ ടാങ്ക് നിലവിലുള്ള സ്ഥലത്ത് തന്നെ ഉയരം കൂട്ടി സ്ഥാപിക്കുന്ന പ്രവര്‍ത്തിയുടെയും നടപടികള്‍ വേഗത്തിലാക്കണമെന്ന് എം.എല്‍.എ പറഞ്ഞു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ എസ്.ടി വിഭാഗക്കാരായ 30 ഭൂരഹിത ഭവന രഹിതര്‍ക്ക് ലാന്‍ഡ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പുതിയ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കമ്മിറ്റി വച്ച് തീരുമാനമെടുക്കാമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ മറുപടി നല്‍കിയത്. ടിപ്പുസുല്‍ത്താന്‍ റോഡിന് സമീപമുള്ള പുലാപ്പറ്റ സ്‌കൂളിന് മുന്നിലെ മരങ്ങള്‍ ഈ ആഴ്ച തന്നെ മുറിച്ചുമാറ്റുമെന്ന് കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

കൊട്ടേക്കാട് പടലിക്കാട് പ്രദേശത്ത് ക്യാന്‍സര്‍ നിര്‍ണയക്യാമ്പ് ഉടന്‍ നടത്തണം: എ. പ്രഭാകരന്‍ എം.എല്‍.എ

കൊട്ടേക്കാട് പടലിക്കാട് പ്രദേശത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രസ്തുത പ്രദേശത്ത് ഉടന്‍ ക്യാന്‍സര്‍ നിര്‍ണയക്യാമ്പ് നടത്തണമെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മലമ്പുഴ ആര്‍.ബി.സി കനാലിലേക്ക് വെള്ളം തുറന്നുവിടുന്ന ഷട്ടറിലെ ലീക്ക് റബ്ബര്‍ സീല്‍ ചെയ്ത് താത്കാലികമായി അടച്ചതായും പൂര്‍ണമായി അടയ്ക്കുന്നതിന് വേണ്ട പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നും മലമ്പുഴ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. പ്രസ്തുത പ്രവര്‍ത്തി സംബന്ധിച്ച് എ. പ്രഭാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പി.എം.ജി.വൈ വര്‍ക്കിലുള്‍പ്പെട്ട പൊരിയാനി കൈയ്യാറ - കരിമണി റോഡ് പ്രവര്‍ത്തി ടാറിങ് പൂര്‍ത്തീകരിച്ച് കോണ്‍ക്രീറ്റ് പ്രവര്‍ത്തി ഒരുമാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

ഏജന്‍സികളുടെ സാന്നിധ്യം വികസന സമിതി യോഗത്തില്‍ ഉറപ്പാക്കണം: പി. മമ്മിക്കുട്ടി എം.എല്‍.എ

ജില്ലയിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന കിഫ്ബി, കില തുടങ്ങിയ നിര്‍വഹണ ഏജന്‍സികളുടെ സാന്നിധ്യം ജില്ലാ വികസന സമിതി യോഗത്തില്‍ ഉറപ്പാക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ പറഞ്ഞു. വെള്ളിനേഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തികളുടെ പ്രികണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ് ഡിസൈന്‍ കിഫ്ബിക്ക് നല്‍കിയതായി വിദ്യാകിരണം കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ നിര്‍ദേശം നല്‍കി. ഷൊര്‍ണൂര്‍ - കൊച്ചിന്‍ പാലം റോഡ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട റെസ്റ്റൊറേഷന്‍ പ്രവര്‍ത്തികള്‍ ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗം ഇ.ഇ, ഷൊര്‍ണൂര്‍ വാട്ടര്‍ അതോരിറ്റി, എം.എല്‍.എ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരുന്നതിന് ജില്ലാ കലക്ടര്‍ക്ക് എം.എല്‍.എമാരായ പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹ്‌സിന്‍, കെ. ബാബു എന്നിവര്‍ നിര്‍ദേശം നല്‍കി.

ലക്കിടി - പേരൂര്‍ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണം: അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ

ലക്കിടി - പേരൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ കുടിവെള്ളമെത്തുന്നില്ലെന്നും പ്രസ്തുത ഇടങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. രണ്ട് ഭാഗങ്ങളായി തിരിച്ച് വെള്ളമെത്തിക്കണമെന്നും എം.എല്‍എ ആവശ്യപ്പെട്ടു. വേനല്‍മഴയും കാറ്റും മൂലം കൃഷിനാശം സംഭവിച്ചതിന്റെ ധനസഹായത്തിനുള്ള അപേക്ഷ എയിംസ് പോര്‍ട്ടലീലൂടെ അംഗീകരിച്ച് പരിഗണിച്ച് വരുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. നിലവില്‍ 774 അപേക്ഷകളാണ് പരിഗണിച്ചിട്ടുള്ളത്. 89 ലക്ഷം രൂപ അനുമതിയായിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ബാച്ചുകളായി തുക നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്ക് നവീകരണ പ്രവര്‍ത്തികള്‍ക്കായി നവംബര്‍ 15 നകം ഡി.പി.ആര്‍ സമര്‍പ്പിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എം.എല്‍.എമാരായ കെ. ബാബു, കെ.ഡി പ്രസേനന്‍, അഡ്വ. കെ. ശാന്തകുമാരി, എ. പ്രഭാകരന്‍, അഡ്വ. കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍, ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ ശ്രീലത, എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Paddy procurement has started in the dist; So far 1791.98 MT of paddy procured
Published on: 31 October 2023, 10:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now