കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി പ്രകൃതിയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്ന തുളസി ഗൗഡ എന്ന എഴുപത്തി രണ്ടുകാരിക്കു അംഗീകാരമായി പദ്മശ്രീ പുരസ്‌കാരം. ഔപചാരികമായ വിദ്യാഭ്യാസം പോലും ലഭിച്ചില്ലെങ്കിലും കാടിനെ കുറിച്ചും വിവിധയിനം സസ്യങ്ങളെ കുറിച്ചും വിശാലമായ അറിവുള്ള അപൂര്‍വ്വ വ്യക്തിത്വമാണ് തുളസി ഗൗഡ. ഔഷധസസ്യങ്ങളെയും ചെടികളെയും കുറിച്ച് ആഴത്തിൽ അറിവുള്ള മുത്തശ്ശിയെ എന്‍സൈക്ലോപീഡിയ ഓഫ് ഫോറസ്റ്റ് അല്ലെങ്കില്‍ 'വനത്തിൻ്റെ വിജ്ഞാനകോശം' എന്നാണ് .അറിയപ്പെടുന്നത്.
മറ്റൊന്നും പ്രതീക്ഷിക്കാതെയാണ് മുത്തശ്ശി ചെടികളെ പോറ്റുന്നത്.ഇപ്പോഴും പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ മുന്നോട്ട് വെച്ച് സസ്യങ്ങളേയും ഔഷധ ചെടികളേയും കുറിച്ചുള്ള തന്റെ അറിവുകള്‍ അവര്‍ മറ്റുള്ളവർക്ക് പകര്‍ന്നു നല്‍കുന്നു. ഇതുവരെ 40,000 ത്തില്‍ അധികം വൃക്ഷത്തൈകള്‍ തുളസി വളര്‍ത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനവത്ക്കരണ പരിപാടിയില്‍ സജീവമായി തുളസി ഗൗഡ പങ്കെടുത്തിരുന്നു. ഇവരുടെ സേവനവും പ്രകൃതിയോടുള്ള ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിയ്ക്ക് സ്ഥിര നിയമനം നല്‍കി. 14 വര്‍ഷം വനംവകുപ്പില്‍ സേവനമുഷ്ഠിച്ച ശേഷം തുളസി ഗൗഡ വിരമിച്ചു. വനംവകുപ്പില്‍ നിന്നും ലഭിക്കുന്ന പെന്‍ഷന്‍ തുക കൊണ്ടാണ് തുളസി ഉപജീവനം നടത്തുന്നത്.
താന്‍ വളര്‍ത്തിയ ചെടികളെയും സസ്യങ്ങളെയും കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ പോലും തുളസിയ്ക്ക് കാണാപാഠമായിരുന്നു.ഓരോ ചെടിയും വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായ ധാരണ തുളസിയ്ക്കുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടാത്ത തുളസിയ്ക്ക് സസ്യശാസ്ത്ര മേഖലയെ കുറിച്ച് അഗാധമായ അറിവും പാണ്ഡിത്യവും ഉണ്ട്. വനസംരക്ഷണത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് തുളസി ജീവിക്കുന്നത് തന്നെ.
1944 -ൽ ഹൊന്നല്ലി ഗ്രാമത്തിലെ ഹലാക്കി സമുദായത്തിലെ നാരായണന്‍റെയിം നീലിയുടെയും മകളായി ജനിച്ച അവർക്ക് കുട്ടിക്കാലം മുതലേ പരിസ്ഥിതിയെക്കുറിച്ച് കരുതലുണ്ടായിരുന്നു.പിന്നോക്ക സമുദായത്തില്‍ പെട്ട തുളസി ഗൗഡ കടുത്ത ദാരിദ്ര്യത്തിലാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടതിനാല്‍ അമ്മയോടൊപ്പം തൊഴില്‍ ചെയ്യാനിറങ്ങിയ തുളസിയുടെ ലക്ഷ്യങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ഒരു തടസമായിരുന്നില്ല. എന്നാൽ ദുരിതങ്ങൾ അവിടെയും അവസാനിച്ചില്ല. കല്യാണം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അവരൊരു വിധവയായി. ജീവിതത്തിലെ അടിക്കടിയുള്ള തിരിച്ചടികൾ അവരെ ആകെ തളർത്തി.ദുഃഖം മറക്കാൻ കുടുതൽ സമയവും അവർ കാട്ടിൽ ചെലവഴിക്കാൻ തുടങ്ങി. വൃക്ഷങ്ങളെ സ്നേഹിക്കുന്നതിലൂടെ അവർ സ്വയം സമാധാനം കണ്ടെത്താൻ ശ്രമിച്ചു. ഇതാണ് തൻ്റെ ജീവിത ലക്ഷ്യം എന്നവർ തിരിച്ചറിയുകയായിരുന്നു..അങ്ങനെ മരങ്ങളെയും വനത്തെയും സംരക്ഷിക്കുന്നതിനായി മുത്തശ്ശി സ്വന്തം ജീവിതം സമർപ്പിച്ചു..സസ്യങ്ങളെക്കുറിച്ച് ഒരു സസ്യശാസ്ത്രജ്ഞനോളം തന്നെ അറിവ് അവർക്ക് ഉണ്ട്. അതുപക്ഷെ പുസ്തകത്തിൽ നിന്നല്ല നേടിയത് .മറിച്ച് സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയെടുത്തതാണ്.കഴിഞ്ഞ 60 വർഷമായി മുത്തശ്ശി മരങ്ങളുടെ അമ്മയായി അവരെ പരിപാലിച്ചും, സ്നേഹിച്ചും കഴിഞ്ഞുപോരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. അവരുടെ പ്രവർത്തനങ്ങൾക്ക് ഒരുപക്ഷേ പ്രകൃതി തന്നെ കനിഞ്ഞു നൽകിയ സമ്മാനമായിരിക്കാം ഈ പുരസ്‌കാരം. ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും ധൈര്യപൂർവം നേരിട്ടുകൊണ്ട് ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന അവരുടെ ജീവിതം ലോകത്തിന് മുഴുവൻ മാതൃകയാണ്.