1. ഓണത്തിനോടനുബന്ധിച്ചു സപ്ലൈകോ വില്പനശാലകളിൽ പ്രത്യേക വിലക്കുറവിൽ ഉത്പന്നങ്ങൾ ലഭ്യമാക്കാൻ 'ഹാപ്പി അവേഴ്‌സ്'. ജൂലൈ 31 വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ വൈകുന്നേരം നാലു മണി വരെയുള്ള സമയങ്ങളിൽ തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കൾ വിലക്കുറവിൽ ലഭ്യമാക്കുക എന്നതാണ് 'ഹാപ്പി അവേഴ്‌സ്' പദ്ധതിയുടെ ലക്ഷ്യം. ഇതുപ്രകാരം സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉത്പന്നങ്ങൾക്ക് ലഭിക്കുന്നതാണ്. അരി, എണ്ണ, സോപ്പ്, ശർക്കര, ആട്ട, റവ, മൈദ, ഡിറ്റർജന്റുകൾ, ടൂത്ത് പേസ്റ്റ്, സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ലഭിക്കും.
2. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024 - 2025 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2024 - 2025 വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവരും പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷയിൽ 85 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരുമായ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 70 ശതമാനവും അതിൽ കൂടുതലും പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനവും അതിൽ കൂടുതലും മാർക്ക് ലഭിച്ച എസ്.സി / എസ്.ടി വിഭാഗം വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും അപേക്ഷിക്കാവുന്നതാണ്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 30-ാം തീയതി വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്. അപേക്ഷ ഫോം www.agriworkersfund.org എന്ന വെബ് സൈറ്റിൽ നീന്നും ലഭ്യമാണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, (സർക്കാർ / എയ്ഡഡ് സ്ഥാപനമാണോ എന്നറിയുന്നതിന്), അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയും സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത് മുതല്‍ വടക്കന്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 30-ാം തീയതി വരെ ശക്തമായ മഴയ്ക്കും 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും പോകാൻ പാടില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.