1. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ജൂലൈ മാസത്തിലെ പെന്‍ഷന്‍ തുക ഇന്നു മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 1600 രൂപ വീതമാണ് പെന്‍ഷനായി ലഭിക്കുക. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് പതിവുപോലെ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ തുക കൈമാറും. കഴിഞ്ഞ മാസത്തെ പെൻഷൻ തുക ജൂണ്‍ 20 -ാം തീയതി മുതൽ വിതരണം ചെയ്തിരുന്നു.
2. ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ജൂലൈ 30, 31 തീയതികളിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 20 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ്സ്ബുക്കിന്റെയും പകര്‍പ്പുകള്‍ പരിശീലന സമയത്ത് ഹാജരാക്കുന്നവര്‍ക്ക് ദിനബത്ത, യാത്രാബത്ത എന്നിവ ലഭിക്കുന്നതാണ്. താത്പര്യമുള്ളവര്‍ ജൂലൈ 26-ാം തീയതി വൈകുന്നേരം അഞ്ചു മണിക്കകം 0495-2414579 എന്ന ഫോണ്‍ നമ്പര്‍ മുഖാന്തിരമോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
3. സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. 3.4 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരപ്രദേശത്തു താമസിക്കുന്നവും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. ശക്തമായ മഴ തുടരുമെന്നതിനാൽ നാളെയും സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.