പൈതൃകം നെല്‍വിത്ത് ഗ്രാമം പദ്ധതിയിലൂടെ അന്യം നിന്നുപോകുന്ന ഗുണമേന്മയുള്ള നെല്‍വിത്തുകളെ സംരക്ഷിക്കാന്‍ ഒരുങ്ങുകയാണ് പിലിക്കോട് ഗ്രാമഞ്ചായത്ത്. 2018 ഒക്‌ടോബര്‍ അവസാനത്തോട് കൂടി ആരംഭിച്ച ഈ പദ്ധതി പ്രകാരം അന്യം നിന്നുപോകുന്ന പൈതൃക നെല്‍വിത്തുകള്‍ കൂടുതല്‍ ഉത്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഗ്രാമപഞ്ചായത്തില്‍ നടക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ ഹരിതകേരളം മിഷന്റെ ചുവട് പിടിച്ച് പിലിക്കോട് ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതിയാണ് പൈതൃകം നെല്‍വിത്ത് ഗ്രാമം. പാടശേഖര സമിതിയിലെ അംഗങ്ങളായ 15 കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.പദ്ധതിയുടെ ഭാഗമായി അപൂര്‍വ്വ ഇനം 30 തരം നെല്‍വിത്തിനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ വിതരണം ചെയതത്. ഓരോ കര്‍ഷകനും 15 സെന്റില്‍ കൃഷിയിറക്കണം. അടുത്ത ഘട്ടത്തില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട 15 തരം നെല്‍വിത്തുകള്‍ കൂടി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. ഇങ്ങനെ ഓരോ കര്‍ഷകനും ചുരുങ്ങിയത് 30 കിലോ നെല്‍വിത്ത് ഉണ്ടാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. അടുത്ത ആഗസ്ത് ആകുമ്പോഴേക്കും 45 ഇനം പൈതൃക നെല്‍വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.
ഇങ്ങനെ ഉദ്പാദിപ്പിക്കുന്ന വിത്തിനങ്ങള്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ക്ക് വിത്ത്‌മേള സംഘടിപ്പിക്കും. ഒരു കിലോ വിത്തിന് ചുരുങ്ങിയത് നാല്‍പത് രൂപ എന്ന നിരക്കില്‍ വിറ്റഴിക്കാം. ഒരു കിലോ വിത്ത് വിറ്റഴിക്കുമ്പോള്‍ കര്‍ഷകന് അഞ്ച് രൂപയോ പത്ത് രൂപയോ എന്ന നിരക്കില്‍ ഇന്‍സന്റീവും ലഭിക്കും. ഓരോ കര്‍ഷകനും വിത്ത്‌മേളയില്‍ നിന്ന് ഇഷ്ടമുള്ള ഇനം വിത്ത് വാങ്ങാനും അവസരമുണ്ട്. പിലീക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഗവേഷക ടി വനജയാണ് ഈ സംരംഭത്തിലേക്ക് കൂടുതല്‍ വിത്തിനങ്ങള്‍ സംഭാവന ചെയ്തത്.കൃഷിക്കാവശ്യമായ വളം പിലീക്കോട് കൃഷി ഭവന്‍ മുഖേന സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തു.
45 ഇനം പൈതൃക നെല്‍വിത്തുകളും ഉത്പാദിപ്പിച്ച് കഴിഞ്ഞാല്‍ പിന്നീടുള്ള കൃഷി നെല്ല് ഉത്പാദനത്തിന് വേണ്ടിയായിരിക്കും. ഈ പദ്ധതിയിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 75 ഇനം നെല്‍വിത്തുകള്‍ ഉത്പാദിപ്പിക്കാനും ലക്ഷ്യമിടുന്നു. നിലവില്‍ ഈ പദ്ധതി പ്രകാരം കൃഷിയിറക്കിയ കുറച്ച് കര്‍ഷകരുടെ കൃഷി വിളവെടുത്തു. ഇതുപ്രകാരം 350 കിലോ വിത്ത് ലഭിച്ചു. ഫെബ്രുവരി രണ്ടാം വാരത്തോടെ മറ്റുള്ള കര്‍ഷകരുടെയും കൃഷി വിളവെടുക്കും. 500 കിലോ വിത്തു കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷ.കര്‍ഷകര്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കി കൃഷി വകുപ്പും ഒപ്പമുണ്ട്. ഔഷധ ഗുണവും ഗുണമേന്മയുമുള്ള വിത്തിനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നതിന് പുറമെ പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും പദ്ധതിയിലൂടെ കഴിയുന്നു. ഇത് വഴി പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തി മറ്റുള്ള പഞ്ചായത്തിന് മാതൃകയാവുകയാണ് പിലീക്കോട് ഗ്രാമ പഞ്ചായത്ത്.