തിരുവനന്തപുരം: 750 വിദ്യാർത്ഥികൾ പങ്കെടുത്ത പത്ത് മീറ്റ് റെക്കോഡുകൾ പിറന്ന സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായികമേള പൂർണ വിജയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. 39-ാമത് ടെക്‌നിക്കൽ സ്‌കൂൾ കായികമേളയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
30ലധികം സ്‌കൂളുകൾ പങ്കടുത്ത കായിക മേള പരാതികളില്ലാതെ പൂർത്തിയാക്കാൻ സാധിച്ചത് പിഴവില്ലാത്ത സംഘാടനത്തിലൂടെയാണ്. കായിക ജീവിതത്തിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചതിൽ വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. ഇതിനായി പിന്നണിയിൽ പ്രവർത്തിച്ച അധ്യാപകരും ജീവനക്കാരും ജനപ്രതിനിധികളടക്കമുള്ളവരുടെ പരിശ്രമമാണ് കായിക മേളയെ വിജയകരമാക്കിയതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ഹരി കേശൻ നായർ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ - ഇൻ ചാർജ് ഡോ. രാജശ്രീ എം എസ് സ്വാഗതമാശംസിച്ചു.
നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി വസന്തകുമാരി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ സുൽഫിക്കർ, നെടുമങ്ങാട് ജി ടി എച്ച് എസ് സൂപ്രണ്ട് ആർ ബിന്ദു എന്നിവർ സംബന്ധിച്ചു.
115 പോയിന്റുകളുമായി പാലക്കാട് ഗവ.ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 64 പോയിന്റോടെ കുളത്തൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ രണ്ടാം സ്ഥാനവും 62 പോയിന്റോടെ ഷൊർണൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ മൂന്നാം സ്ഥാനവും നേടി.