പൊള്ളുന്ന വേനലിലും കാസർഗോഡ് ജില്ലയിലെ പള്ളിക്കരയിലെ മണ്ണില്‍ പച്ചക്കറികളും കായ്കനികളും വിളഞ്ഞു നില്‍ക്കുകയാണ്. തരിശ് മണ്ണിനെ പച്ച പുതപ്പിക്കാനുള്ള പഞ്ചായത്തിന്റെ യജ്ഞം നാല് വര്‍ഷം മുമ്പ് ആരംഭിച്ചതാണ്. പച്ചക്കറികളും ശീത കാല പച്ചക്കറി, ഫലവൃക്ഷത്തൈ വിതരണം, നെല്‍കൃഷി വ്യാപനം തുടങ്ങിയവയാണ് ‘ജൈവ ജീവനം’ ‘ഹരിതം പള്ളിക്കര’ പദ്ധതികളിലൂടെ പഞ്ചായത്ത് നടപ്പിലാക്കിയത്. ജൈവ വിഭവങ്ങള്‍ ആഹാര രീതികളില്‍ ഉള്‍പ്പെടുത്തി പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനും തരിശ് നിലങ്ങള്‍ക്ക് ജീവന്‍ നല്‍കാനും നിരവധി പേര്‍ക്ക് ആദായം ഉറപ്പ് നല്‍കാനുമായിട്ടാണ് പഞ്ചായത്ത് ജൈവ ജീവനം പദ്ധതി ആരംഭിച്ചത്.
തരിശ് രഹിത പഞ്ചായത്തിലേക്ക്
10 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കി തരിശ് രഹിത പഞ്ചായത്തിലേക്കുള്ള ആദ്യപടി ആരംഭിച്ചു. സ്ഥലക്കുറവുള്ള കര്‍ഷകര്‍ക്ക് ഗ്രോബാഗുകളും മറ്റ് പച്ചക്കറി ഇനങ്ങളും വിതരണം ചെയ്തു. തണ്ണിമത്തനും കോളീഫ്ളവറും നമ്മുടെ നാട്ടിലും വിളയുമെന്ന് തെളിയിച്ച കര്‍ഷകരാണ് പള്ളിക്കരയിലേത്. ഇടവിള കൃഷി ഇനങ്ങളായ വാഴ, മഞ്ഞള്‍, ഇഞ്ചി, ചേന തുടങ്ങിയ വിത്തിനങ്ങള്‍ കൃഷി ഭവനിലൂടെ വിതരണം ചെയ്തു. ഗ്രൂപ്പ് കര്‍ഷകര്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും പച്ചക്കറി കൃഷിക്കും നെല്‍കൃഷിക്കും ആവശ്യമായ സബ്സിഡിയും പഞ്ചായത്ത് നല്‍കി വരുന്നുണ്ട്.
നെല്‍കൃഷിക്ക് കൂലിച്ചിലവ്, ഉഴുത് മറിച്ച് നിലം ഒരുക്കല്‍, കുമ്മായം ചേര്‍ക്കല്‍, കൂലി ചിലവ് ഇനങ്ങള്‍ക്കായി ഹെക്ടര്‍ ഒന്നിന് 1700 രൂപ വീതം നല്‍കും. വിവിധ കാര്‍ഷിക ഇനങ്ങള്‍ക്ക് ജലസേചന സൗകര്യമൊരുക്കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കാര്‍ഷിക കുളങ്ങളും പതിനഞ്ച് താല്‍ക്കാലിക തടയണകളും നിര്‍മ്മിച്ചു. ഇക്കോ ഷോപ്പുകളിലൂടെയും കൃഷി ഭവന്‍ സ്റ്റാളുകളിലൂടെയും കാര്‍ഷികോത്പന്ന വിതരണവും നടത്തുന്നുണ്ട്. ന്യായ വിലയ്ക്ക് മികച്ച ഗുണമേന്മ ഉറപ്പ് നല്‍കുന്ന പച്ചക്കറികള്‍ ചെയ്യാന്‍ ഈ സംരംഭത്തിലൂടെ പഞ്ചായത്തിന് സാധ്യമായി. വിവിധ പദ്ധതികളുടെ സുഗമമായ നടത്തിപ്പിലൂടെ പച്ചക്കറി ഉത്പാദന രംഗത്ത് സ്വയം പര്യാപതതയോട് അടുക്കുകയാണ് പള്ളിക്കര.