പഠിക്കാനും തൊഴിലിനുമായെല്ലാം വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു കടമ്പ തന്നെ മറികടക്കേണ്ടതായി വരാറുണ്ട്. ചിറകുവച്ച് വിദേശത്തേക്ക് പറക്കാനുള്ള സ്വപ്‌നത്തിൽ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ച് അത് കിട്ടുന്നതിനായി പലർക്കും ഒരുപാട് കാത്തിരിക്കേണ്ടിയും വരുന്നു. എന്നാൽ, പഠനാവശ്യത്തിനായാലും, ജോലി സംബന്ധമായാലും അതുമല്ല, ഇനി വെറുതെ ഒന്നവിടം ചുറ്റിക്കറങ്ങാൻ ഇഷ്‌ടപ്പെടുന്നവർക്കായാലും ലളിതമായുള്ള നടപടി ക്രിയകളിലൂടെ എങ്ങനെ പാസ്‌പോർട്ട് സ്വന്തമാക്കാമെന്നാണ് പരിചയപ്പെടുത്തുന്നത്.
പാസ്‌പോര്‍ട്ട് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഫീസിന് മുന്നില്‍ കാത്തുനിൽക്കേണ്ടതായോ നൂലാമാലകള്‍ക്ക് പിന്നാലെ ഓടേണ്ടതായോ ഇല്ല.
അടുത്തുള്ള പോസ്റ്റ് ഓഫീസ് മുഖേനയോ അതുമല്ലെങ്കിൽ ഓണ്‍ലൈനായോ പാസ്‌പോർട്ട് രജിസ്‌ട്രേഷൻ ചെയ്യാം. ഇതിനായി സര്‍ക്കാര്‍ വകുപ്പിന്‍റെ passportindia.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
ഓണ്‍ലൈനായുള്ള പാസ്‌പോര്‍ട്ട് രജിസ്‌ട്രേഷൻ
passportindia.gov.in എന്ന പാസ്‌പോര്‍ട്ട് സേവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുക. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആദ്യം ക്യാപ്‌ചെ കോഡ് നല്‍കുക. വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലോഗ് ഇന്‍ ഐഡി ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യണം. തുടര്‍ന്ന് ഫ്രഷ് പാസ്‌പോര്‍ട്ട് / റീ ഇഷ്യൂ ഓഫ് പാസ്‌പോര്‍ട്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക.
രജിസ്ട്രേഷന് ആവശ്യമായ വിവരങ്ങള്‍ അപ്ലിക്കേഷന്‍ ഫോറത്തിൽ ഫില്‍ ചെയ്യുക. ഫോറം ശരിയായി പൂരിപ്പിച്ചു കഴിഞ്ഞതിന് ശേഷം അപ്‌ലോഡ് ഇ ഫോറം പേ ആൻഡ് ഷെഡ്യൂള്‍ അപ്പോയിന്‍റ്മെന്‍റ് ക്ലിക്ക് ചെയ്യണം. ഇങ്ങനെ അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂള്‍ ചെയ്യാം.
തുടർന്ന് പ്രിന്റ് അപ്ലിക്കേഷന്‍ റിസീപ്റ്റ് എന്നത് ക്ലിക്ക് ചെയ്ത് അപ്ലിക്കേഷന്‍ റിസിപ്റ്റിന്റെ പ്രിന്റ് ഔട്ട് എടുക്കാം. ഭാവിയിലെ ആവശ്യങ്ങള്‍ക്കായി ഈ പ്രിന്റ് ഔട്ട് കോപ്പി സൂക്ഷിച്ചു വയ്‌ക്കേണ്ടതാണ്.
പോസ്റ്റ് ഓഫീസ് വഴി പാസ്‌പോർട്ടിന് അപേക്ഷിക്കാം
സമീപത്തുള്ള പോസ്റ്റ് ഓഫീസ് സിഎസ്‌സി കൗണ്ടറുകള്‍ വഴിയും പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കും. പാസ്‌പോർട്ടിനായി ആദ്യം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുക. തിയതി ലഭിച്ചു കഴിഞ്ഞാൽ, രസീത്, മറ്റ് ഒറിജിനൽ രേഖകൾ എന്നിവയുടെ ഹാർഡ് കോപ്പിയുമായി പോസ്റ്റോഫീസിൽ പോകേണ്ടതാണ്.
പാസ്‌പോർട്ടിന് ആവശ്യമായ രേഖകൾ
പാസ്പാര്‍ട്ട് ലഭിക്കുന്നതിനായുള്ള അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ട രേഖകളെ കുറിച്ചും മനസിലാക്കാം.
ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ വോട്ടര്‍ ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് അഥവാ ടിസി, വയസ് തെളിയിക്കുന്ന രേഖ, വിലാസം തെളിയിക്കുന്നതിനായി വൈദ്യുതി ബില്ലോ, മൊബൈല്‍ ബില്ലോ, വെള്ളക്കരമോ, ഗ്യാസ് കണക്ഷന്‍ പകര്‍പ്പോ തുടങ്ങിയ രേഖകള്‍ പാസ്‌പോര്‍ട്ട് രജിസ്‌ട്രേഷനും വെരിഫിക്കേഷന്‍ പ്രക്രിയക്കും ആവശ്യമാണ്.
അതേ സമയം, പാസ്‌പോർട്ട് വേരിഫിക്കേഷൻ അപേക്ഷകളില്‍ കാലതാമസം വരുത്തരുതെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാരോടും നിർദേശിച്ചിരുന്നു.
കഴിയുന്നതും 48 മണിക്കൂറിനുളളില്‍ തന്നെ അപേക്ഷകളിന്മേല്‍ അന്വേഷണം പൂർത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കണം. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന വേണമെന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.