മൃഗസംരക്ഷണ മേഖലയിലെ ഉപജീവന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെ കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോര്‍ത്തുള്ള സംരംഭകത്വ പദ്ധതിക്ക് തുടക്കമായി. വരുന്ന അഞ്ചുവര്‍ഷക്കാലം കൊണ്ട് നൂതന പ്രാദേശികമാതൃകകള്‍ വികസിപ്പിക്കുക, സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ബ്ലോക്കുകളാണ് കുടുംബശ്രീ മിഷന്‍ ഇന്‍സെന്റീവ് ബ്ലോക്കായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രാഥമികമായി 25 പേര്‍ക്കാണ് മൃഗസംരക്ഷണ മേഖലയില്‍ ആവശ്യമായ പരിശീലനവും തുടര്‍ പിന്തുണാസഹായവും ലഭ്യമാക്കുന്നത്.
റാന്നി ബ്ലോക്കിലെ പരിശീലനത്തിന്റെ ഉദ്ഘാടനം റാന്നി ബ്ലോക്ക് പഞ്ചായത്ത്ഹാളില്‍ റാന്നിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി നിര്‍വഹിച്ചു.
റാന്നി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അഞ്ചുകൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തില്‍ റാന്നിബ്ലോക്ക് ഡവലപ്‌മെന്റ്ഓഫീസര്‍ അനു മാത്യുജോര്‍ജ്, റാന്നി പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുഹമ്മദ് ഷാഫി, റാന്നി പഴവങ്ങാടി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ നിഷാ രാജീവ്, ഫാം ലൈവ്‌ലിഹുഡ് ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ശാരികൃഷ്ണ, റാന്നിബ്ലോക്ക് സി.ആര്‍.പി. ഷേര്‍ളിവര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ത്രിദിന ക്യാമ്പില്‍ കൃഷി, മൃഗസംരക്ഷണം, തൊഴിലുറപ്പ്‌വിഭാഗം, ക്ഷീരവികസന വകുപ്പ്, ബാങ്ക്, കുടുംബശ്രീ തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ സംരംഭകരുമായി സംവദിക്കും. കുടുംബശ്രീ അക്രെഡിറ്റഡ് പരിശീലന സ്ഥാപനമായ എക്‌സാത്, ആലപ്പുഴയാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.