പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (pradhan mantri kisan samman nidhi) യുടെ അടുത്ത പ്രഖ്യാപനത്തിനായി ലക്ഷക്കണക്കിന് ഗുണഭോക്താക്കളാണ് കാത്തിരിക്കുന്നത്, പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ 14-ാം ഗഡു കേന്ദ്ര സർക്കാർ എപ്പോൾ വേണമെങ്കിലും പുറത്തിറക്കാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നിരുന്നാലും ഇത് സംബന്ധിച്ച് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
പി.എം. കിസാൻ പദ്ധതിയുടെ (PM Kisan Samman Nidhi) ഗുണഭോക്താക്കൾക്ക് ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് മേയ് 31 നകം ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ആധാർ കാർഡും മൊബൈൽ ഫോണുമുപയോഗിച്ച് പി.എം. കിസാൻ പോർട്ടൽ വഴിയോ, അക്ഷയ, മറ്റ് ജനസേവന കേന്ദ്രങ്ങൾ വഴിയോ കെ.വൈ.സി ചെയ്യാവുന്നതാണ്. റിലീസ് പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, റിലിസ് പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉണ്ടെങ്കിലും ഇതുവരെ നൽകാൻ സാധിക്കാത്തവർ, ഓൺലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ എന്നിവർ അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവൻ സന്ദർശിക്കാവുന്നതാണ്.
പിഎം-കിസാൻ പദ്ധതിയുടെ ഭാഗമായി, ഭൂമി കൈവശമുള്ള കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6,000 രൂപ സാമ്പത്തിക ആനുകൂല്യം നൽകുന്നു, 2,000 രൂപയുടെ മൂന്ന് തുല്യ ഗഡുക്കളായിട്ടാണ് ഇത് വരെ നൽകി കൊണ്ട് ഇരുന്നത്.
2023 ഫെബ്രുവരി 27-നാണ് കേന്ദ്രം അവസാനമായി പദ്ധതിയുടെ 13-ാം ഗഡു പുറത്തിറക്കിയത്. പരിശോധന പൂർത്തിയാകാത്തതിനാൽ പല ഗുണഭോക്താക്കൾക്കും തുക സ്വീകരിക്കാനായില്ല. എന്നാൽ നിരവധി കർഷകർക്ക് ഇപ്പോൾ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇനിയും പൂർത്തിയാക്കാൻ ബാക്കി ഉണ്ടെങ്കിൽ മെയ് 31 ന് ഉള്ളിൽ തന്നെ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയാക്കണം.
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി ഇന്ത്യാ ഗവൺമെന്റിന്റെ ഒരു സംരംഭമാണ്, അതിൽ എല്ലാ കർഷകർക്കും മിനിമം വരുമാന പിന്തുണയായി പ്രതിവർഷം 6,000 രൂപ വരെ ലഭിക്കും. 2019 ഫെബ്രുവരി 1 ന് 2019 ലെ ഇടക്കാല യൂണിയൻ ബജറ്റിൽ പീയൂഷ് ഗോയലാണ് ഈ സംരംഭം പ്രഖ്യാപിച്ചത്.ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറുന്നതിനുള്ള മുഴുവൻ സാമ്പത്തിക ബാധ്യതയും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള കർഷകർക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്.
എങ്ങനെ ഓൺലൈനായി ഇ-കെവൈസി ചെയ്യാം?
നിങ്ങളുടെ ലാപ്‌ടോപ്പിൽ/മൊബൈലിൽ പിഎം കിസാൻ വെബ്‌സൈറ്റായ pmkisan.gov.in ലോഗിൻ ചെയ്യുക.
രണ്ടാം പകുതിയിൽ നൽകിയിരിക്കുന്ന 'ഫാർമേഴ്സ് കോർണറി'ൽ ഇ-കെവൈസി ക്ലിക്ക് ചെയ്യുക.
ഇപ്പോൾ തുറക്കുന്ന വെബ്‌പേജിൽ ആധാർ നമ്പർ നൽകി സെർച്ച് ടാബിൽ ക്ലിക്ക് ചെയ്യുക.
ഇതിന് ശേഷം നിങ്ങളുടെ മൊബൈലിൽ OTP വരും, അത് നൽകുക.
OTP നൽകിയ ശേഷം, അത് സമർപ്പിക്കുക.