1. പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആധാർ അനുസരിച്ച് പേര് മാറ്റാൻ അവസരം. പദ്ധതിയിൽ നൽകിയിരിക്കുന്ന പേര് ആധാർ കാർഡിലെ പേരിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ ഉടൻ മാറ്റാം. പിഎം കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് (pm kisan.gov.in) സന്ദർശിക്കുക. ഫാർമേഴ്സ് കോർണർ ഓപ്ഷൻ ക്ലിക്ക് ചെയ്ത് ആധാർ അനുസരിച്ചുള്ള പേരിൽ മാറ്റം വരുത്താം. ശേഷം ആധാർ നമ്പർ നല്‍കുക. ഇ-കെവൈസി ലിങ്കിൽ ക്ലിക്ക് ചെയ്ത് KYC പൂർത്തിയാക്കാം. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. ഫെബ്രുവരി 27നാണ് പദ്ധതിയുടെ 13-ാം ഗഡു 8 കോടിയിലധികം കർഷകർക്ക് കൈമാറിയത്.
കൂടുതൽ വാർത്തകൾ: ആന്ധ്ര ജയ അരിയ്ക്ക് കേരളത്തിൽ വില കൂടും
2. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവ പരിഗണിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ‘തണ്ണീര്‍ പന്തലുകള്‍’ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായുള്ള യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, ഓ.ആര്‍.എസ് എന്നിവ കരുതണമെന്നും പൊതു ജനങ്ങള്‍ക്ക് ഇത്തരം ‘തണ്ണീര്‍ പന്തലുകള്‍’ എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നുള്ള അറിയിപ്പ് ജില്ലകള്‍ തോറും നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
3. ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അപകടകാരിയായ കാട്ടാനയെ മയക്കുവെടിവച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് കുമളിയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . രണ്ട് മാസക്കാലമായി ചിന്നക്കനാൽ, ശാന്തൻപാറ പ്രദേശത്ത് ആനയുടെ ആക്രമണം രൂക്ഷമാണ്. ആനയെ പിടിക്കാനുള്ള പ്രത്യേക സംഘം ഈ മാസം 16 ന് ജില്ലയിലെത്തും . ഫയർ ഫോഴ്സ്, മെഡിക്കൽ ടീം, പോലീസ് എന്നിവരുടെ പ്രത്യേക സാന്നിധ്യം പ്രദേശത്ത് ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. പ്രവാസികൾക്കായി ഇടുക്കിയിൽ ലോൺ മേള സംഘടിപ്പിക്കുന്നു. നോർക്ക റൂട്ട്സും കേരളാ ബാങ്കും സംയുക്തമായി ഈ മാസം 20നാണ് ലോൺമേള സംഘടിപ്പിക്കുന്നത്. വാസിസംരംഭകർക്ക് www.norkaroots.org വഴിയോ 7736917333 എന്ന വാട്ട്സ് ആപ്പ് നമ്പർ വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടിൽ നിൽക്കുന്നവർക്ക് അപേക്ഷിക്കാം. പാസ്സ്‌പോർട്ടിന്റെ കോപ്പിയും മറ്റ് രേഖകളും സഹിതമാണ് മേളയിൽ പങ്കെടുക്കേണ്ടത്. ഒരു ലക്ഷം മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി., ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക.
5. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി നടപ്പിലാക്കുന്നു. 2020-21 മുതല്‍ 2032-33 വരെ 13 വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. 2 കോടി രൂപ വരെ 3 ശതമാനം പലിശ ഇളവ് പദ്ധതി പ്രകാരം ലഭിക്കുന്നതാണ്. 2 കോടി രൂപ വരെയുളള വായ്പകള്‍ക്ക് ഗവണ്‍മെന്റ് ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കുന്നതാണ്. 2 വര്‍ഷം മൊറട്ടോറിയം ഉള്‍പ്പെടെ 7 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. https://agriinfra.dac.gov.in/ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 916235277042 (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം) , 917010994083 (ഇടുക്കി, എറണാകുളം), 918075480273 (തൃശൂര്‍, പാലക്കാട്, മലപ്പുറം), 918921785327 (വയനാട്, കോഴിക്കോട്), 918547565214 (കണ്ണൂര്‍, കാസര്‍കോഡ്) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
6. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ തെങ്ങു കയറ്റ യന്ത്രം വിതരണം ചെയ്യുന്നു. 2800 രൂപയാണ് യന്ത്രത്തിന്റെ ആകെ വില. 2000 രൂപ സബ്സിഡി ലഭിക്കും. യന്ത്രം വാങ്ങാൻ കരം അടച്ച രസീതിന്റെ കോപ്പി ആവശ്യമാണ്. ഈ മാസം 15 വരെ യന്ത്രം കൃഷിഭവനിൽ ലഭ്യമായിരിക്കും.
7. പൂഞ്ചോല വനമേഖലയില്‍ അഞ്ച് ജൈവ തടയണകള്‍ നിര്‍മ്മിച്ചു. ദേശീയസുരക്ഷ വാരത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് വനം വകുപ്പും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായാണ് തടയണകള്‍ നിര്‍മ്മിച്ചത്. വേനലില്‍ നിന്ന് രക്ഷനേടാന്‍ വനത്തിലെ സഹജീവികള്‍ക്കൊരു കൈത്താങ്ങ് എന്ന ആശയം മുന്‍നിര്‍ത്തിയാണ് പ്രവർത്തനങ്ങൾ നടന്നത്. ദേശീയപാത 966 പാലക്കാട് സൈറ്റിലെ തൊഴിലാളികളാണ് തടയണകൾ നിർമിച്ചു നൽകിയത്.
8. ഭാരതീയ കാർഷികഗവേഷണ കേന്ദ്രത്തിന്റെ നൂതന കർഷകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി കോഴിക്കോട് സ്വദേശി ഫ്രാൻസിസ് കൈതക്കുളം. ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ വച്ച് കേന്ദ്ര കൃഷിസഹമന്ത്രി കൈലാഷ് ചൗധരിയാണ് ഫ്രാൻസിസിന് പുരസ്കാരം നൽകി ആദരിച്ചത്. മൂന്നേക്കർ കൃഷിയിടത്തിൽ ആട്, പശു, കോഴി, മത്സ്യം, തേനീച്ചവളർത്തൽ തുടങ്ങിയവ ഫ്രാൻസിസ് പരിപാലിക്കുന്നുണ്ട്. കൂടാതെ പൂർണമായും ജൈവ രീതിയിലുള്ള കൃഷിയാണ് ഫ്രാൻസിസ് പിന്തുടരുന്നത്.
9. റമദാൻ മാസം അടുക്കാറായതോടെ ദുബായിൽ ഈന്തപ്പഴ വിപണി സജീവം. പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതിനേക്കാൾ ഇറക്കുമതി ചെയ്യുന്ന ഈന്തപ്പഴമാണ് അധികവും. ഈന്തപ്പഴം പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് സൌദി, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. ചൂട് കൂടുതലുള്ള സമയങ്ങളിലാണ് യുഎഇയിൽ ഈന്തപ്പഴം വിളവെടുക്കുന്നത്. മജ്സൂൽ, സഗായി, സഫാവി എന്നീ ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.
10. കേരളത്തിൽ കനത്ത ചൂട് തുടരുന്നു. വയനാട്, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകൾ ഒഴികെ എല്ലായിടത്തും പകൽ ചൂട് ഉയരുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പടുത്തിയത് കോട്ടയത്താണ്. 38 ഡിഗ്രി സെൽഷ്യസാണ് ജില്ലയിൽ അനുഭവപ്പെട്ടത്. അതേസമയം, താപസൂചിക മാപ്പ് പ്രകാരം കേരളത്തിലെ മിക്ക പ്രദേശങ്ങളിലും 40 മുതൽ 45 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി. അതേസമയം തെക്കൻ-മധ്യ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.