1. പിഎം കിസാൻ സമ്മാൻ നിധി ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത. 16-ാം ഗഡു ഫെബ്രുവരി 28-ന് കർഷകരുടെ അക്കൗണ്ടിലെത്തും. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുക കൈമാറും. pmkisan.gov.in വെബ്സൈറ്റിലൂടെ ഗുണഭോക്തൃ ലിസ്റ്റിൽ പേരുണ്ടോയെന്ന് കർഷകർക്ക് പരിശോധിക്കാം. ഫാർമേഴ്‌സ് കോർണറിന് താഴെ, ഗുണഭോക്താവിന്റെ സ്റ്റാറ്റസ്/ ഗുണഭോക്തൃ പട്ടിക എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം മൊബൈൽ നമ്പർ/വില്ലേജ്/സംസ്ഥാനം/ജില്ല തുടങ്ങിയ വിവരങ്ങൾ നൽകണം. ക്യാപ്‌ച കോഡ് കൃത്യമായി നൽകുക. അവസാനം ഡാറ്റ നേടുക എന്നതിൽ ക്ലിക്ക് ചെയ്യാം. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്. പ്രതിവർഷം മൂന്ന് ഗഡുക്കളായി 6,000 രൂപയാണ് പദ്ധതിയിലൂടെ കർഷകർക്ക് ലഭിക്കുന്നത്.
2. ആലത്തൂരില്‍ കിഴങ്ങ് വര്‍ഗങ്ങളുടെ കുംഭവിത്ത് മേള ആരംഭിച്ചു. ആലത്തൂര്‍ കൃഷിഭവന് കീഴിലുള്ള നിറ ഇക്കോഷോപ്പിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി മേള ഉദ്ഘാടനം ചെയ്തു. കിഴങ്ങ് വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത കിഴങ്ങ് വിളകള്‍ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് കുംഭവിത്ത് മേള നടക്കുന്നത്. നാടന്‍ ചേന, കാച്ചില്‍, കൂവ, നേന്ത്രന്‍ കന്ന്, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളാണ് മേളയിലൂടെ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. മേള 24 വരെ തുടരും.
കൂടുതൽ വാർത്തകൾ: സവാളയ്ക്ക് തീവില! കയറ്റുമതി നിരോധനം മാർച്ച് 31 വരെ
3. കാര്‍ഷിക കര്‍മസേനയിലേക്ക് ടെക്‌നീഷ്യന്‍മാരെ തിരഞ്ഞെടുക്കുന്നു. തിരുവനന്തപുരം കുടപ്പനക്കുന്ന് കൃഷിഭവന്‍ പരിധിയിലെ കാര്‍ഷിക കര്‍മസേനയിലേക്ക് തെങ്ങുകയറ്റം ഉള്‍പ്പെടെയുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കാണ് ആളെ വേണ്ടത്. 18-നും 40-നും മധ്യേ പ്രായമുള്ളവർക്ക് നിശ്ചിത വേതനം നൽകും. താത്പര്യമുള്ളവര്‍ക്ക് ഈ മാസം 27-ന് രാവിലെ 11 മണിക്ക് കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മസേന ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 9495825889.
4. തരിശുനിലത്ത് നിന്ന് നൂറുമേനി കൊയ്ത് കാസർകോട് ജില്ലയിലെ ഒരുമ കൃഷിക്കൂട്ടം. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ പനങ്ങാട് പാടശേഖരത്തില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 15 വര്‍ഷമായി തരിശായി കിടന്ന വയലാണ് കര്‍ഷകരുടെ കഠിനാദ്ധ്വാനത്തിന്റെയും ജില്ലാ ഭരണ സംവിധാനത്തിന്റെ പിന്തുണയുടേയും ഫലമായി കൃഷിയ്ക്ക് അനുയോജ്യമാക്കിയത്. മട്ട തൃവേണി നെല്‍ വിത്താണ് ഇവിടെ കൃഷിക്കായി ഉപയോഗിച്ചത്. ഒരുമ കര്‍ഷക കൂട്ടായ്മയില്‍ 14 അംഗങ്ങളുണ്ട്.