Updated on: 16 July, 2022 10:01 PM IST

  1. കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന കൃഷി വകുപ്പും പൊതുമേഖലയിലുള്ള അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ കർഷകർക്ക് അവസരം. കേന്ദ്രസർക്കാരിന്റെ അപകട ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ബസല്‍ ബീമാ യോജനയിലും, കാലാവസ്ഥ ഇന്‍ഷുറന്‍സ് പദ്ധതിയിലും കര്‍ഷകര്‍ക്ക് ചേരേണ്ട അവസാന തീയതി ജൂലൈ 31 ആണ്. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ ഏറ്റവും അടുത്തുള്ള CSC ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളെയോ അക്ഷയ കേന്ദ്രങ്ങളെയോ അംഗീകൃത ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധികളെയോ സമീപിക്കേണ്ടതാണ്.

ബന്ധപ്പെട്ട വാർത്തകൾ: കൃഷി ഭവനുകളിലും നവകേരളം കർമപദ്ധതിയിലും ഇന്റേണ്‍ഷിപ്പിന് അവസരം

  1. ഏപ്രിൽ 1ന് ശേഷം തുടങ്ങിയ എറണാകുളം കരുമാല്ലൂർ പഞ്ചായത്തിലെ എല്ലാ സംരംഭങ്ങൾക്കും വ്യവസായ വകുപ്പിന്റെ ഹെല്പ് ഡെസ്ക് വഴി സൗജന്യമായി ഉദ്യം രജിസ്ട്രേഷൻ ചെയ്തു കൊടുക്കുന്നതാണ്. ബാങ്ക് ലോൺ ലഭിക്കാനും, ഗവണ്മെൻ്റിൻ്റെ വ്യവസായ മേളകളിൽ ഫീസിളവും മറ്റ് പരിഗണനകളും ലഭിക്കുന്നതിനും ഉദ്യം രജിസ്ട്രേഷൻ പ്രയോജനപ്പെടുത്താം. തിങ്കൾ , ബുധൻ ദിവസങ്ങളിലാണ് ഹെല്പ് ഡെസ്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. രജിസ്ട്രേഷൻ ചെയ്യേണ്ടവർ പാൻ കാർഡ്, ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ, ബാങ്ക് പാസ്‌ ബുക്ക്‌, സംരംഭം നടത്തുന്ന കെട്ടിടത്തിന്റെ പൂർണ വിലാസം എന്നീ വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്. വീടുകളിൽ തുടങ്ങിയ ചെറുകിട സംരംഭങ്ങൾക്കും ഉദ്യം രജിസ്ട്രേഷൻ എടുക്കാമെന്ന് അധികൃതർ അറിയിച്ചു.
  2. എറണാകുളം വരാപ്പുഴ കൃഷിഭവന്റെ നേതൃത്വത്തിൽ തെങ്ങിൻ തൈകൾ 50 ശതമാനം സബ്സിഡിയിൽ നട്ടുകൊടുക്കുന്നു. നാടൻ, കുള്ളൻ, ഹൈബ്രിഡ് ഇനത്തിൽപ്പെട്ട തെങ്ങിൻ തൈകളുടെ വിതരണത്തിന്റെ ഉദ്ഘാടനം വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുറാണി ജോസഫ് നിർവഹിച്ചു. തെങ്ങിൻ തൈകൾ തൊഴിലുറപ്പ് തൊഴിലാളികൾ മുഖേനയാണ് നട്ടുകൊടുക്കുന്നത്. തൈകൾ ആവശ്യമുള്ള കർഷകർ ഗുണഫോക്താ വിഹിതവും നികുതി രസീതിന്റെ പകർപ്പുമായി കൃഷിഭവനിൽ സമീപിക്കണം. നെടിയ ഇനം തെങ്ങിൻ തൈകൾക്ക് 50 രൂപ, കുള്ളൻ തെങ്ങിന് 50 രൂപ, ഹൈബ്രിഡ് ഇനത്തിന്- 125 രൂപ നിരക്കിൽ തെങ്ങിൻ തൈകൾ ലഭിക്കും.
  1. ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വ്യാപക കൃഷി നാശം. മലപ്പുറം ജില്ലയിലെ ചോക്കാട് പഞ്ചായത്തിൽ 40 സെന്റ് കോളനിയിലാണ് കാറ്റ് നാശം വിതച്ചത്. കനത്ത കാറ്റിലും മഴയിലും എറണാകുളം ജില്ലയിലെ കോതമംഗലത്ത് ഒരു കോടിയോളം രൂപയുടെ കൃഷി നാശം സംഭവിച്ചു.  കൂടാതെ, കുട്ടമംഗലം, തൃക്കാരിയൂര്‍, കോട്ടപ്പടി, കോതമംഗലം വില്ലേജുകളിലും കാറ്റ് നാശനഷ്ടങ്ങള്‍ വരുത്തി. തമിഴ്നാട്ടിലെ ​ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ, ഊട്ടി ഭാ​ഗങ്ങളിലും കനത്ത മഴ വ്യാപകനാശമുണ്ടാക്കിയിട്ടുണ്ട്. അതേ സമയം, കാറ്റിലും മഴയിലും ദുരിതത്തിലായവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
  2. റബ്ബർ ബോര്‍ഡിന്റെ കീഴിലുള്ള NIRTയുടെ നേതൃത്വത്തിൽ ഈ മാസം 19ന് കോട്ടയത്തെ എന്‍ഐആര്‍ടിയില്‍ വച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 19ന് റബ്ബര്‍ ക്ലോണുകളുടെയും നടീല്‍ വസ്തുക്കളുടെ ഉത്പാദനം എന്ന വിഷയത്തിലും, 20ന് റബ്ബറിന്റെ വളപ്രയോഗത്തില്‍ ഓണ്‍ലൈന്‍ പരിശീലനവും സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെയാണ് പരിശീലനം. മലയാളത്തിലായിരിക്കും പരിശീലനം. വിശദവിവരങ്ങള്‍ക്ക് 0481 -2353127  എന്ന നമ്പറിലോ 0481- 2351313 എന്ന നമ്പരിലോ ബന്ധപ്പെടുക.
  1. ആലപ്പുഴ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ ചൊരിമണലിൽ ചോളം വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സിനിമോൾ സാംസൺ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വിജയകുമാരി ലാൽബേട്ടയുടെ വീട്ടിലെ ചോളം കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. ചടങ്ങിന് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഒ.പി നേതൃത്വം വഹിച്ചു.
  2. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എറണാകുളം ആലങ്ങാട് ബ്ലോക്കിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കൃഷി ആരംഭിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കരുമാലൂർ, ആലങ്ങാട്, കടുങ്ങല്ലൂർ, വരാപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിലും, ഏലൂർ, ആലുവ മുൻസിപ്പാലിറ്റികളിലുമായാണ് കൃഷി ആരംഭിച്ചത്. പച്ചക്കറികളും ഓണവിപണി ലക്ഷ്യമാക്കി പൂ കൃഷിയുമാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിന കർമ പരിപാടിയുടെ ഭാഗമായാണ് എല്ലാ കുടുംബങ്ങളെയും ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി നടപ്പിലാക്കുന്നത്.
  1. ഇന്ത്യയില്‍ 2021ൽ ഏറ്റവുമധികം ജന്തുവര്‍ഗങ്ങളെ കണ്ടെത്തിയത് കേരളത്തിലെന്ന് ഗവേഷണ റിപ്പോർട്ട്. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച് പുതിയ 86 സ്പീഷിസുകളെയാണ് സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയത്. പോയ വർഷം ഇന്ത്യയില്‍ ആകെ 406 പുതിയ സ്പീഷിസുകളെ കണ്ടെത്തി വര്‍ഗീകരിച്ചു. കേരളത്തിൽ നിന്ന് കണ്ടെത്തിയവയില്‍ മൂന്നിനം പാമ്പുകളും, അഞ്ചിനം പല്ലികളും ഏഴിനം തവളകളും ഉള്‍പ്പെടും. കൂടാതെ, തുമ്പികള്‍, പൂമ്പാറ്റകള്‍, കടന്നലുകള്‍, ഷഡ്പദങ്ങള്‍ തുടങ്ങിയവയും പട്ടികയിലുണ്ട്. (കടപ്പാട്: മനോരമ) 
  2. ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, യുഎഇ, ഇന്ത്യ, യുഎസ്, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിന് യുഎഇ ധനസഹായം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇന്ത്യയില്‍ ''ഫുഡ് പാര്‍ക്കുകള്‍''വികസിപ്പിക്കാനായി 2 ബില്യണ്‍ യുഎസ് ഡോളര്‍ വാഗ്ദാനം ചെയ്തു. ഏറ്റവും പുതിയ കാലാവസ്ഥാ സാങ്കേതികവിദ്യ ഉപയോഗിച്ച് കര്‍ഷകരെയും പ്രോസസ്സര്‍മാരെയും റീട്ടെയിലര്‍മാരെയും ഒരുമിച്ച് കൊണ്ടുവരിക, മാലിന്യം കുറയ്ക്കുക, ജലം സംരക്ഷിക്കുക, വിളവ് പരമാവധി വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. മിഡില്‍ ഈസ്റ്റ് പര്യടനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇത് സംബന്ധിച്ച യോഗത്തിന് നേതൃത്വം നല്‍കുന്നു. ഉക്രെയിനിലെ യുദ്ധം ആഗോള ഭക്ഷ്യക്ഷാമത്തിന് വഴിവയ്ക്കുമോ എന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ്, ഭക്ഷ്യ സുരക്ഷയ്ക്കായി യുഎസും യുഎഇയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നീക്കം. (കടപ്പാട്: The Local Economy)
  1. ഈ വർഷം മേയ്-ജൂൺ കാലയളവിൽ, ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള കയറ്റുമതി 83 ദശാംശം 7 1 കോടി ഡോളറിലെത്തി. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 72 ദശാംശം 0 3 കോടി ഡോളറായിരുന്നു. 16 ദശാംശം 2 2 ശതമാനം ഉയർച്ചയാണ് കയറ്റുമതിയിൽ ഉണ്ടായത്. മേയ് ഒന്നിന് പ്രാബല്യത്തിൽ വന്ന സെപ എന്നറിയപ്പെടുന്ന ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറാണ് കയറ്റുമതി വളർച്ചയ്ക്ക് കരുത്തായത്. ഇന്ത്യയിൽ നിന്നുള്ള വസ്ത്രം, കാർഷികം, ആഭരണങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവയ്ക്ക് യു.എ.ഇയിൽ നികുതിരഹിത വിപണി സാധ്യമാകുന്നു എന്നതാണ് സെപയുടെ നേട്ടം.
  2. കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത. വടക്കൻ ജില്ലകളിൽ ഇന്നും കൂടുതൽ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ റിപ്പോർട്ട്. കേരളത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. രൂക്ഷമായ കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. (കടപ്പാട്: News 18 Malayalam)
English Summary: PMFBY, Crop Insurance Deadline 31st July: Know More Agri News
Published on: 16 July 2022, 06:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now