Updated on: 26 July, 2022 6:29 PM IST

1. കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി രാജ്യത്ത് ഇൻഷുറൻസ് കമ്പനികൾ കേന്ദ്രത്തിന്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിൽ നിന്ന് വലിയ നേട്ടമുണ്ടാക്കിയെന്ന് കണക്കുകൾ. ഖാരിഫ് വിളവെടുപ്പുമായി ബന്ധപ്പെട്ട് 2016-17 സാമ്പത്തിക വർഷം മുതൽ 2022 മാർച്ച് 31 വരെയുള്ള കണക്കുകളാണ് ഇക്കാര്യം പറയുന്നത്. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയിൽ ഇത് സംബന്ധിച്ച കണക്ക് വെച്ചു. ഇത് പ്രകാരം കർഷകർക്ക് 1,19,314 കോടി രൂപ ക്ലെയിം ലഭിച്ചു.

എന്നാൽ ആകെ 1,59,132 കോടി രൂപയാണ് ഇൻഷുറൻസ് കമ്പനികൾക്ക് ഇക്കാലയളവിൽ കിട്ടിയ പ്രീമിയം. നേട്ടം 40000 കോടി രൂപ. കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചെങ്കിലും വലിയ നേട്ടമുണ്ടാക്കിയത് ഇൻഷുറൻസ് കമ്പനികളാണ്, സ്വകാര്യ മേഖലയടക്കം. പദ്ധതിക്ക് കീഴിൽ 18 ഇൻഷുറൻസ് കമ്പനികളെയാണ് കേന്ദ്രസർക്കാർ എംപാനൽ ചെയ്തത്. ബിജെപി യുടെ അംഗം സുശീൽ കുമാർ മോദിയും തൃണമൂൽ കോൺഗ്രസ് അംഗം ശന്തനു സെന്നുമാണ് പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചത്. (കടപ്പാട്: ഏഷ്യാനെറ്റ്)

2. 5 ജി സ്പെക്ട്രം ലേലം (5G spectrum auction) ആരംഭിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ലേലത്തിൽ റിലയൻസ് ജിയോയും ഭാരതി എയർടെലും ഉൾപ്പെടെ നാല് കമ്പനികൾ 72 GHz റേഡിയോ തരംഗങ്ങൾക്കായി ലേലം വിളിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ ലേലം നടക്കും. ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നൽകിയത്. പിന്നാലെ റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ്, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ ലേലത്തിൽ പങ്കെടുക്കാനും തയ്യാറായി.

ലോ ഫ്രീക്വൻസി ബാൻഡ് വിഭാഗത്തിൽ 600 മെഗാഹെഡ്സ്, 700 , 800 , 900 , 1800 2100 , 2300 എന്നിവയാണ് ഉള്ളത് . മിഡ് ഫ്രീക്വൻസ് ബാൻഡിൽ 3300 മെഗാ ഹെഡ്സും ഹൈ ഫ്രീക്വൻസി ബാൻഡിൽ 26 ഗിഗാ ഹെഡ്സുമാണ് ഉള്ളത്. ഇതിൽ മിഡ് , ഹൈ ഫ്രീക്വൻസി ബാൻഡുകളാണ് ടെലികോം കമ്പനികൾ പ്രധാനമായും നോട്ടമിടുന്നത്. 5 ജി ഇൻറർനെറ്റ് നിലവിലെ 4ജിയേക്കാൾ പത്ത് ഇരട്ടി വേഗം ഉള്ളതായിരിക്കും എന്നാണ് വിലയിരുത്തൽ. (കടപ്പാട്: ഏഷ്യാനെറ്റ്)

ബന്ധപ്പെട്ട വാർത്തകൾ: വായ്പ തിരിച്ചടവിൽ കുടുംബശ്രീയ്ക്ക് 100ൽ 100 മാർക്ക്

3. ചാവറാ ദർശൻ സിഎംഐ പബ്ലിക് സ്കൂളിൽ എട്ടാമത് കരനെൽ കൃഷിയ്ക്ക് തുടക്കം. കേരള കാർഷിക വികസന വകുപ്പിന് കീഴിൽ കോട്ടുവള്ളി പഞ്ചായത്തും കൃഷിഭവനും ചേർന്ന് നടത്തുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് കൃഷി ചെയ്തത്. കരനെൽകൃഷിയുടെ ഉദ്ഘാടനം കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി, വരാപ്പുഴ സി.ഐ സജീവ് കുമാർ എന്നിവർ ചേർന്ന് നിർവഹിച്ചു. അര ഏക്കർ കൃഷി ഭൂമിയിൽ 'ജ്യോതി' വിത്താണ് ഇത്തവണ വിതച്ചത്.

4. സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം കുറഞ്ഞെന്ന് കൃഷിവകുപ്പിന്റെ കണക്ക്. നാല് വർഷത്തിനിടെ 644.47 മെട്രിക് ടണ്ണിന്റെ കുറവാണ് കാണിക്കുന്നത്. 2015-16-ൽ1123.42 മെട്രിക് ടൺ ആയിരുന്നു രാസകീടനാശിനി ഉപയോഗം. എന്നാലിത് 2020-21-ൽ 478.95 മെട്രിക് ടണ്ണായി കുറഞ്ഞു.രാസകീടനാശിനി ഉപയോഗിത്തിന്റെ ദോഷങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണമാണ് ഉപയോഗം കുറയ്കാൻ ഇടയാക്കിയതെന്ന് കൃഷിവകുപ്പ് പറയുന്നു.

അതേസമയം, കൃഷിവകുപ്പിന്റെ അഭിപ്രായം പൂർണമായി അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുന്നുവരുമുണ്ട്. നിരോധിച്ച കള, കീടനാശിനികൾ പലതും മറ്റ് പേരുകളിൽ ലഭ്യമാണ്. ഇത് ലൈസൻസും മറ്റും ഇല്ലാത്ത കടകളിലൂടെ രഹസ്യമായി വിൽക്കുന്നു. കുടിവെള്ളത്തിനും മറ്റും മാരകദോഷമുണ്ടാക്കുമെന്ന് തെളിയിച്ച കീടനാശിനികൾ പുതിയ രൂപത്തിൽ എത്തിയിട്ടുണ്ട്. (കടപ്പാട്: മാതൃഭൂമി)


5. കാന്തല്ലൂരിലെ മല മുകളില്‍ സവാള വിളയുമോ എന്ന് രണ്ടുവര്‍ഷമായി കണ്ടെത്താനുള്ള ശ്രമമായിരുന്നു. പല സമയങ്ങളില്‍ പലയിടങ്ങിലായി നട്ടുനോക്കി. വിളവ് ലഭിക്കുന്നുണ്ടെങ്കിലും തൃപ്തികരമായിരുന്നില്ല. ഇത്തവണ ഫെബ്രുവരിയില്‍ വിതച്ച് ഏപ്രില്‍ മാസത്തിലാണ് നട്ടത്. അതങ്ങ് പൊലിച്ചു. നല്ല വിളവ്. അങ്ങനെ കാന്തല്ലൂര്‍ മലനിരകളിലെ സവാള കൃഷിക്ക് അനുയോജ്യമായ കാലം കണ്ടെത്തി.

ഇതിനി കാന്തല്ലൂര്‍ സവാളയായി വിപണിയിലെത്തും. കേരള കാര്‍ഷിക സര്‍വകലാശാലയാണ് പരീക്ഷണാടിസ്ഥാനത്തില്‍ കാന്തല്ലൂരില്‍ രണ്ടുവര്‍ഷമായി സവാള കൃഷി നടത്തുന്നത്. കാന്തല്ലൂരിലെ അഞ്ച് ഗ്രാമങ്ങളിലായി 10 സ്ഥലങ്ങള്‍ കണ്ടെത്തി. എല്ലാം മലമുകളില്‍. ആകെ രണ്ടേക്കര്‍ സ്ഥലത്തായിരുന്നു കൃഷി. (കടപ്പാട്: മാതൃഭൂമി)

6. കൃഷി സംബന്ധമായ മേഖലകളിൽ പഠനം നടത്തുന്ന വിദ്യാർഥികളുടെ സിലബസ് പരിഷ്കരിക്കാൻ ഒരുങ്ങി കേരള കാർഷിക സർവകലാശാല. കൃഷി വിജ്ഞാന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പഠനരീതി ആവിഷ്കരിക്കാനാണ് പദ്ധതി. കഴിഞ്ഞദിവസം വെള്ളാനിക്കര കാർഷിക സർവകലാശാല ആസ്ഥാനത്ത് നടന്ന അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ദേശീയതലത്തിൽ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇത്. ഇതിൻറെ ഭാഗമായി കേരള കാർഷിക സർവ്വകലാശാലയിലെ ബിരുദ വിദ്യാർഥികൾ കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെ ഭാഗമാകും. കൃഷി മന്ത്രി പി പ്രസാദ് മുന്നോട്ടുവെച്ച ആശയ പ്രകാരമാണ് പഠനരീതി പരിഷ്കരിക്കുന്നത്.


7. മൂന്നര മാസത്തിനുളളിൽ മൂന്നിരട്ടി സംരംഭങ്ങളുമായി വ്യവസായ മേഖലയിൽ കുതിച്ച് കുന്നത്തുനാട് താലൂക്ക്. സാമ്പത്തിക വർഷത്തിൽ ഇതുവരെ 505 പുതിയ സംരംഭ യൂണിറ്റുകളാണ് താലൂക്ക് പരിധിയിൽ ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായാണ് കുറഞ്ഞ കാലയളവിൽ ഇത്രയും സംരംഭങ്ങൾ എന്ന നേട്ടം കരസ്ഥമാക്കാനായത്.

വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ആറ് ഗ്രാമ പഞ്ചായത്തുകളിലുമായാണ് ഏറ്റവുമധികം സംരംഭങ്ങൾ ആരംഭിച്ചത്. മൂന്ന് മാസത്തിനകം ഇവിടെ 205 യൂണിറ്റുകൾ തുടങ്ങിയപ്പോൾ കൂവപ്പടിയിൽ 127 ഉം വാഴക്കുളം ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളായ വാഴക്കുളം, കിഴക്കമ്പലം, വെങ്ങോല എന്നിവിടങ്ങളിലായി 126 സംരംഭങ്ങളും ആരംഭിച്ചു. ഇതിനു പുറമേ പെരുമ്പാവൂർ നഗരസഭയിൽ 48 സംരംഭങ്ങൾ കൂടി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

8. സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് പറഞ്ഞു. ചേര്‍ത്തല കെ.വി.എം. എന്‍ജിനീയറിംഗ് കോളജില്‍ ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 വൈദ്യുതി മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാടിനുള്ളിലെ ഊരുകളില്‍ വരെ വൈദ്യുതി എത്തിക്കാന്‍ സംസ്ഥാനത്തെ ജനകീയ സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തി. ഗാര്‍ഹിക ഉപയോഗത്തിനുള്ള വൈദ്യുതി നിരക്ക് രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണ്. മാറിയ സാഹചര്യത്തില്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജ്ജത്തിന്റെ ഉത്പാദനത്തിനും ഉപയോഗത്തിനും പരിഗണന നല്‍കേണ്ടതുണ്ട്-മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയമാണ് ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 എന്ന പേരില്‍ വൈദ്യുതി മഹോത്സവം നടത്തുന്നത്. രാജ്യം ഊര്‍ജ്ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

9. ജനങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കുന്നോത്തുപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. നവജാത ശിശുക്കളുടെ മരണം കുറയ്ക്കാനും നമുക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ജീവിതശൈലി രോഗനിര്‍ണയം ശക്തിപ്പെടുത്തണം.

10. വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ്, നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ മേഖലയില്‍ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഈ മേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട തൊഴില്‍ രഹിതരായ 40 വയസിന് താഴെയുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് ഒമ്പത് മുതല്‍ ആഗസ്റ്റ് 25 വരെ കളമശേരി കീഡ് കാമ്പസിലാണ് പരിശീലനം. 25 പേര്‍ക്കാണ് അവസരം. പരിശീലന കാലയളവില്‍ സ്‌റ്റൈപ്പന്റ് ലഭിക്കും.

ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്-അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസ്സുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് രണ്ടിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണമെന്ന് സി. ഇ. ഒ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :0484-2550322,2532890, 9605542061.

11. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബയോടെക്‌നോളജി വിഭാഗത്തില്‍ നിന്നും വിവിധയിനം തൈകളും അലങ്കാരചെടികളും വിൽക്കുന്നു. മുന്തിയ ഇനം സുവാസിനി ഇനത്തില്‍പ്പെട്ട കറിവേപ്പ്, പന്നിയൂര്‍ കുരുമുളക്, ആന്തൂറിയം, വാരിഗേറ്റഡ് ബൊഗൈന്‍വില്ല, ഗോള്‍ഡന്‍ പോത്തോസ്, അലോവെര റെഡ് എന്നിവയുടെ ടിഷ്യുക്കള്‍ച്ചര്‍ തൈകളാണ് വിൽക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048178101, 8086413467 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

12. വടക്കൻ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ജാഗ്രത നിർദേശമുണ്ട്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: PMFBY: Farmers claim over Rs 1 lakh crore
Published on: 26 July 2022, 06:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now