വൈപ്പിൻ: പൊക്കാളി നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ അവസരമൊരുങ്ങിയതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പൊക്കാളി കൃഷി ചെയ്യുന്ന പ്രദേശങ്ങളിലെ സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച്, അരി സംഭരിക്കുന്നതിനെ അനുകൂലിച്ച് സഹകരണ സംഘം രജിസ്ട്രാർ സർക്കാരിന് റിപ്പോർട്ട് നൽകിയെന്നും സർക്കാർ വിഷയം പരിഗണിച്ചുവരികയാണെന്നും സഹകരണ മന്ത്രി വി.എൻ വാസവൻ രേഖാമൂലം അറിയിച്ചതായി എംഎൽഎ പറഞ്ഞു.
കൺസോർഷ്യം രൂപീകരണത്തിന് സഹകരണ സ്ഥാപനങ്ങൾക്ക് താത്പര്യമുണ്ടെന്ന് ബോധ്യപ്പെട്ടതായി രജിസ്ട്രാറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സഹകരണ സ്ഥാപനങ്ങളുടെ കൺസോർഷ്യത്തിനു പുറമെ സപ്ലൈകോ, കൺസ്യൂമർ ഫെഡറേഷൻ, കോഓപ് മാർട്ട് എന്നിവയ്ക്ക് പൊക്കാളി നെല്ല് സംഭരിക്കാവുന്നതാണ്. പൊക്കാളി കൃഷിയുടെ ചെലവ് കൂടുതലാണെന്നതിനാൽ കർഷകർക്ക് താത്പര്യം കുറയുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കുന്നതിന് നെല്ലിന് അടിസ്ഥാന വില നിശ്ചയിച്ച് സംഭരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ജില്ലയിൽ കൊച്ചി, നോർത്ത് പറവൂർ എന്നീ താലൂക്കുകളിലെ പ്രദേശങ്ങളിൽ പൊക്കാളി കൃഷിയുണ്ടെങ്കിലും കണയന്നൂർ താലൂക്കിലെ കടമക്കുടിയിലാണ് കൂടുതൽ. ഇവിടത്തെ കോരാമ്പാടം സർവ്വീസ് സഹകരണ ബാങ്ക് മുൻവർഷങ്ങളിൽ പൊക്കാളി നെല്ല് പൂർണ്ണമായി സംഭരിച്ചിരുന്നു. എന്നാൽ ഇക്കുറി പൊക്കാളി കൃഷിയിൽ വർദ്ധനവ് ഉണ്ടായതിനാൽ മുഴുവൻ സംഭരിക്കാനായില്ല. നെല്ല് സംഭരണശേഷി ബാങ്കിന് കുറവാണെന്നതാണ് കാരണം. എങ്കിലും കിലോഗ്രാമിന് 55 രൂപ നിരക്കിൽ 100 ക്വിന്റൽ നെല്ല് കോരാമ്പാടം ബാങ്ക് സംഭരിച്ചു.
അഗ്രിക്കൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് പദ്ധതി പ്രകാരം ഗോഡൗൺ നിർമ്മാണത്തിന് ബാങ്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും പൊക്കാളി നെല്ലിന്റെ ഉത്പാദന ചെലവ് കണക്കാക്കുന്ന വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭരണവില നിശ്ചയിക്കാൻ തുടർ നടപടികൾക്കായി പ്രൈസസ് ബോർഡിനെ ചുമതലപ്പെടുത്തിയതായും മന്ത്രി വി.എൻ വാസവൻ അറിയിച്ചു.