കോട്ടു വള്ളി കൃഷിഭവനിൽ പൊക്കാളി നെല്ലിന്റെ ചരിത്രവും , പൈതൃകവും ആലേഖനം ചെയ്യുന്ന തരത്തിൽ പൊക്കാളി പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചുവെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു."ജല കാർഷികതയുടെ ജീവനം" എന്ന വിത്തുവിത ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടാതെ കോട്ടുവള്ളിയെ പൊക്കാളി പൈതൃക ഗ്രാമമാക്കി മാറ്റുവാനുള്ള കൃഷി ഭവന്റെ പരിശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും ജില്ലാ പഞ്ചായത്ത് നൽകും. പൊക്കാളി മ്യൂസിയം സ്ഥാപിക്കുന്നതുവഴി പുതിയ തലമുറയ്ക്ക് പൊക്കാളി നെല്ലിന്റെ മഹത്വവും ,നന്മയും , മേന്മയും തിരിച്ചറിയുവാനും കഴിയും. കഴിഞ്ഞവർഷം ഉൽപ്പാദിപ്പിച്ച പൊക്കാളിനെല്ല് വിറ്റഴിക്കാൻ കഴിയാത്ത കർഷകരിൽ നിന്നും ശേഖരിച്ച് ,സംസ്ക്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് ജില്ലാതലത്തിൽ വിപണന മേള സംഘടിപ്പിക്കുമെന്നും ഉല്ലാസ് തോമസ് പറഞ്ഞു.
ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച ജില്ലാതല പൊക്കാളി വിത്തുവിത കൈതാരം പൊക്കാളി പാടശേഖരത്തിൽ നടന്നു.കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തിലെ 20 ഏക്കർ കൃഷിയിടത്തിലാണ് കൂനമ്മാവ് സെന്റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ കുട്ടികളുടെ വിത്ത് വിതയുത്സവം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി , ജില്ലാപഞ്ചായത്തംഗങ്ങളായ ഷാരോൺ പനയ്ക്കൽ,കെ.വി രവീന്ദ്രൻ,എ.എസ് അനിൽകുമാർ,ഏഴിക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ലതിനസലിം,ലിൻസി വിൻസെന്റ്,സീനു ടീച്ചർ , കൂനമ്മാവ് സെന്റ്.ജോസഫ് ബോയ്സ്ഹോം ഡയറക്റ്റർ ഫാദർ. സംഗീത് ജോസഫ്,കോട്ടുവള്ളി കൃഷിഓഫീസർ അതുൽ.ബി.മണപ്പാടൻ , കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, കാർഷിക വികസന സമിതി അംഗങ്ങളായ എൻ.സോമസുന്ദരൻ, വി.ശിവശങ്കരൻ, കെ.ജി രാജീവ്,ലാലു കൈതാരം, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.