ഡൽഹിയിലെ വായുമലിനീകരണം അപകടകരമായ തോതില്‍ ഉയരുന്നതോടെ ശൈത്യകാലത്തിനു മുന്നോടിയായി യമുനാ നദക്കരയിലെ തിട്ടകളില്‍ എത്താറുണ്ടായിരുന്ന ദേശാടന പക്ഷികൾ പുതിയ താവളങ്ങളിലേക്ക് ചേക്കേറുകയാണ്. ബള്‍ഗേറിയന്‍ എരണ്ടപക്ഷികള്‍ മാത്രമേ ഇക്കൊല്ലതെത വിരുന്നുകാരുടെ കൂട്ടത്തിലുള്ളൂ.
യമുനാ ഘാട്ടില്‍ വിദേശങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് പക്ഷികള്‍. ഇത്തവണയും ഉണ്ടെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ് .സൈബീരിയന്‍ കൊക്കുകള്‍, പെലിക്കനുകള്‍, ഫ്‌ളൈ കാച്ചറുകള്‍, പര്‍പ്പിള്‍ ഹെറോണുകള്‍ തുടങ്ങി 18ലധികം ഇനങ്ങളില്‍ പെട്ട ദേശാടന പക്ഷികളെ ഇവിടെ കണ്ടെത്തിയിരുന്നു. സൈബീരിയന്‍ കൊക്കുകളെ ഇക്കുറി കാണാനേയില്ല. പതിവ് തെറ്റിക്കാതെ എത്തിയത് ബള്‍ഗേറിയന്‍ എരണ്ടകള്‍ മാത്രം.
തുഴയെറിയാന്‍ പോലും സാധ്യമാവാത്ത വിധം പക്ഷിക്കൂട്ടങ്ങള്‍ നദിയെ പൊതിഞ്ഞു നില്‍ക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ വര്‍ഷം പോലും. ഇത്തവണ അവരുടെ എണ്ണം വളരെ കുറവാണ്.എരണ്ടകളില്‍ തന്നെ കഴിഞ്ഞ വര്‍ഷം വരെ പതിവ് തെറ്റിച്ചിട്ടില്ലാത്ത ചിലര്‍ ഇക്കുറി തലസ്ഥാനത്തെ ഉപേക്ഷിച്ചു മറ്റെങ്ങോ പോയി. കോഴിച്ചുണ്ടന്‍, വാലന്‍, ചന്ദക്കുറിയന്‍ മുതലായവയെ അങ്ങിങ്ങായി ഒന്നോ രണ്ടോ കണ്ടെങ്കിലായി. അന്തരീക്ഷ മലിനീകരണം കൊടുമ്പിരി കൊള്ളുന്ന ഇവിടെ പക്ഷികള്‍ക്ക് തീറ്റ കൊടുക്കാന്‍ എത്തുന്നവരുടെ എണ്ണവും കുറഞ്ഞു വരികയാണ്. എങ്കിലുമുണ്ട് യമുനയുടെ തുരുത്തിനു ചുറ്റും വിഷപ്പുകയെ വകവെക്കാതെ ചില ദേശാടന പക്ഷികൾ.